തൃശ്ശൂര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ സംഘടിച്ചെത്തി ജീവനക്കാരെ മര്‍ദിച്ചു. കുപ്രസിദ്ധ ഗുണ്ട കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും മറ്റൊരു വിഭാഗം തടവുകാരുമാണ് ജയില്‍ ജീവനക്കാരെ മര്‍ദ്ദിച്ചത്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു.വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയില്‍ ഓഫീസിലെത്തി അക്രമത്തില്‍ പങ്കാളികളായി. കമ്പിയടക്കമുള്ള ആയുധങ്ങളുമായാണ് ഇവരെത്തിയതെന്നാണ് വിവരം. രണ്ടു കൊലക്കേസ് പ്രതികളാണ് ആദ്യം സംഘര്‍ഷമുണ്ടാക്കിയത്. ഇതിനിടെ കൊടി സുനിയും സംഘവുമെത്തിയെന്നാണറിയുന്നത്. ജീവനക്കാരെ അകാരണമായി ചീത്തവിളിച്ചു. ബഹളമുണ്ടാക്കിയത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അക്രമം.
വാക്കുതര്‍ക്കത്തിനു പിന്നാലെ ഓഫീസിലെത്തി ആക്രമിച്ചു. ഇതിനിടെയാണ് അവിടെയുണ്ടായിരുന്ന മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫിസിലെ ഫര്‍ണീച്ചറുകളും സംഘം തല്ലിത്തകര്‍ത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് തടവുകാരെ കീഴ്പെടുത്തി രംഗം ശാന്തമാക്കിയത്. വിയ്യൂര്‍ പോലീസ് കേസെടുത്തു.
ജയിലില്‍ മുന്‍പും പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ളയാളാണു കൊടി സുനി. വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്കു വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സുനി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്‍ദതന്ത്രമാണെന്നാണു സൂചന. വിയ്യൂരില്‍ സുനിയുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടുകയും കൊവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോളില്‍ നിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്നാണു വിവരം. മൊബൈല്‍ ഫോണുമായി പിടിക്കപ്പെട്ടതോടെ വിയ്യൂരില്‍ കൊടി സുനിക്കു മേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ടി.പി. വധക്കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം കൊവിഡ് കാലത്തു പ്രത്യേക പരോള്‍ ലഭിച്ചപ്പോള്‍ സുനി മാത്രം ജയിലില്‍ തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: