ബുദ്ധന്റെ കാലത്തിനു മുന്‍പുതന്നെ എണ്ണത്തില്‍ കുറവെങ്കിലും ‘ചാര്വാകന്മാര്’ എന്നൊരു വിഭാഗം ഭാരതത്തില്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്. സംസ്കാര ശൂന്യരും ഭൗതികസുഖഭോഗങ്ങളില്‍ അഭിരമിച്ചിരുന്നവരുമായ ഇവര്‍ ‘ലോകായതന്മാര്‍’ എന്നും വിളിക്കപ്പെട്ടു. ഇവരുടെ സിദ്ധാന്തമനുസരിച്ച് ദൈവവും ആത്മാവും ധര്‍മ്മവും ഒന്നുമില്ല. മനുഷ്യജന്മം തിന്നും കുടിച്ചും മദിച്ചും ജീവിച്ച് തീര്‍ക്കുവാനുള്ളതാണ്.
ചാര്‍വാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നു വിശ്വസിക്കപ്പെടുന്ന ബൃഹസ്പതി ഇത്തരം തീവ്ര ഭൗതികവാദം മനഃപൂര്‍വ്വം ചില മന്ദപ്രജ്ഞരെ പഠിപ്പിച്ചതാണെന്ന് പറയപ്പെടുന്നുണ്ട്. എന്തിനിതു ചെയ്തു എന്നതിനുള്ള ഉത്തരം മറ്റൊരു കഥയാണ്. അജ്ഞാനികളും അധര്മികളുമാകുന്ന അസുരന്മാര് നിരന്തരം ദേവലോകത്തെ ആക്രമിക്കാറുണ്ടല്ലോ. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴെല്ലാം ദേവകള്‍ മഹാവിഷ്ണുവിനെയാണ് ആശ്രയിക്കാറുള്ളത്. ദേവഗുരുവായ ബൃഹസ്പതിക്ക് ഇക്കാര്യത്തില്‍ ദേവകളെ സഹായിക്കാന്‍ സാധിക്കുന്നില്ല. കാരണം ഗുരുക്കന്മാര് യുദ്ധം ചെയ്യാറില്ലല്ലോ. എന്നാല്‍ ഒരിക്കല്‍ തന്റെ ധാര്‍മികരോഷം ആളിക്കത്തിയപ്പോള്‍ അദ്ദേഹം ഒരു തീരുമാനമെടുത്തു. ഈ അസുരന്മാരെ ബുദ്ധികൊണ്ടു നേരിട്ടുകളയാം. അതായത് അവര്‍ക്ക് ദുര്‍ബുദ്ധി ഉപദേശിച്ചുകൊടുത്ത് വഴിതെറ്റിക്കാം. കാരണം ഋഷിപരമ്പര ആര്‍ജ്ജിച്ച ജ്ഞാനം കരഗതമാക്കി അതു ദുരുപയോഗം ചെയ്ത് ശക്തിയാര്‍ജ്ജിച്ചാണ് അസുരന്മാര് ദേവലോകം ആക്രമിക്കുന്നത്. അതിനാല്‍ ഭൗതിക തൃഷ്ണ മൂത്ത് ശര്‍ക്കരപ്പാനിയില്‍ അകപ്പെട്ടു പോകുന്ന ഈച്ചകളെപ്പോലെ, വിഷയലമ്പടന്മാരായി, ബുദ്ധിഹീനരായി നശിച്ചുപോകാന്‍ വേണ്ടി അസുരന്മാരെ ബൃഹസ്പതി പഠിപ്പിച്ച വിദ്യയാണത്രേ ചാര്‍വാക സിദ്ധാന്തം.
ബൃഹസ്പതിയില്‍ നിന്നും ഈ സിദ്ധാന്തം ആദ്യം പഠിച്ചെടുത്തത് ചാര്‍വാകന്‍ എന്ന ശിഷ്യനായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ദ്രിയങ്ങള്‍ക്ക് രസിക്കുന്ന ആശയങ്ങളായതിനാല്‍ ‘ചാരുവാക്ക്’ എന്ന അര്‍ത്ഥത്തിലാണ് ചാര്‍വാകത്തിന്റെ ഉദ്ഭവമെന്നും പറയപ്പെടുന്നുണ്ട്.
ചാര്‍വാക സിദ്ധാന്തം ഭാരതത്തിലെ ജനങ്ങളെ ഒരുകാലത്തും കാര്യമായി സ്വാധീനിച്ചിട്ടില്ല. സാമൂഹികമായ ചില അതൃപ്തികളില്‍ നിന്ന് രൂപംകൊണ്ട ഈ സിദ്ധാന്തം ഭാരതീയരുടെ ഉദാത്തവും ലോകോത്തരവുമായ മറ്റനേകം സിദ്ധാന്തങ്ങളുടെ ഇടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു പോവുകയാണുണ്ടായത്. എന്നാല്‍ വര്‍ത്തമാനകാലത്ത് ചില ‘ചാര്വാകന്മാര്’ തലപൊക്കുന്നുണ്ട്. ബുദ്ധിജീവി പരിവേഷമുള്ള ഇവര്‍ പറയുന്നത് ആത്മീയ ഗുരുക്കന്മാരില് നിന്ന് തങ്ങള്‍ക്ക് ഒന്നുംതന്നെ പഠിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ്. അത് ഇവരുടെ പരിമിതിയാണെന്ന് മറ്റുള്ളവര്‍ക്കറിയാം. ബുദ്ധിക്കുറവുകൊണ്ടാണ് ഇവര്‍ക്ക് പഠിക്കാന്‍ സാധിക്കാത്തതെന്നും വ്യക്തം. കാരണം ഒരു നിയന്ത്രണവുമില്ലാതെ തിന്നുകുടിച്ചു സുഖിച്ചു ജീവിക്കണമെന്ന തത്വം മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും ബുദ്ധിയുടെ ആവശ്യം തന്നെ വരുന്നില്ലല്ലോ. ഏത് മന്ദമനസ്ക്കര്‍ക്കും എളുപ്പം അത് സാധിക്കും.
മനുഷ്യനെ തരംതാഴ്ത്തി പറയുന്നതിന് “pleasure seeking animal’ (സുഖം തേടുന്ന ജീവി) എന്നൊരു പ്രയോഗമുണ്ടെങ്കിലും ചിട്ടയോടെ സാമൂഹിക ജീവിതം നയിക്കുന്ന മൃഗങ്ങളും പക്ഷികളും ഈച്ചകള്‍ പോലുമുണ്ടെന്ന് നമുക്കറിയാം. അപ്പോള്‍പിന്നെ ”ഞാന്‍ വിചാരിക്കുന്നതു മാത്രമാണ് ശരി, എന്റെ സുഖം മാത്രമാണ് ലക്ഷ്യം” എന്ന ചിന്തയോടെ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ വിചിത്ര ജന്മങ്ങള് തന്നെയാണെന്ന് കരുതേണ്ടിവരും. സാമൂഹിക മര്യാദകള്‍ പാലിക്കാന്‍ തയ്യാറല്ലാതെ സമൂഹത്തില്‍ ജീവിച്ച് സുഖിക്കാന്‍ തുനിയുന്നവര്‍ സമൂഹത്തെ വ്യക്തിതാല്പ്പര്യത്തിനായി ചൂഷണം ചെയ്യുന്നവരാണ്.
ഭൗതിക ജീവിതം സര്‍വ്വതന്ത്ര സ്വതന്ത്രരായി ആസ്വദിക്കുക, അതിനു വിഘാതമായിട്ടുള്ള സാമൂഹിക വിലക്കുകള്‍ ഭേദിക്കുക എന്നീ കാഴ്ചപ്പാടോടുകൂടിയവര്‍ ലോകത്തെ എല്ലാ ജനതള്ക്കിടയിലും എല്ലാക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ ചില ആധുനിക ചാര്വാകന്മാര് സ്വയം ബുദ്ധിജീവികളാണെന്നു ധരിച്ച് ‘ഉത്തരാധുനിക ചിന്തകന്മാര്’ എന്ന പുതിയ വിലാസത്തില്‍ മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ പറയുന്ന കാര്യങ്ങളില്‍ യാതൊരു പുതുമയുമില്ല. പുരാതനകാലത്ത് ചാര്വാകന്മാര് പറഞ്ഞതു തന്നെയല്ലെ ഇവര്‍ ആവര്‍ത്തിക്കുന്നത്? ദൈവം, ആത്മാവ്, ധര്‍മ്മം, പുനര്ജന്മം എന്നിവയൊക്കെ അസംബന്ധമാണെന്നും, അതിനാല്‍ ഈ ഒരു ജന്മത്തില് കിട്ടാവുന്ന സുഖമത്രയും അനുഭവിച്ച് ജീവിച്ചുകൊള്ളണമെന്നും ചാര്വകന്മാര് പണ്ടേ പറഞ്ഞു കഴിഞ്ഞതല്ലേ? എന്നിട്ടിപ്പോള്‍ ജാക്ക് ദറിദ, ജോര്‍ജ് ലൂക്കാസ്, ജാക് ലകാന്‍ എന്നിവരെപ്പോലുള്ള പാശ്ചാത്യ ചിന്തകന്മാരില് നിന്നും ഇറക്കുമതി ചെയ്യപ്പെട്ട പുതുപുത്തന്‍ ആശയമെന്നമട്ടില് ‘കഥയറിയാതെ ആട്ടം കാണുന്ന’ ചിലര്പഴയ ചാര്‍വക സിദ്ധാന്തം വിളമ്പി വിലസുകയാണ്.
സാമൂഹിക ഉത്തരവാദിത്വം വലിച്ചെറിയുന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. ഏത് നിസ്സാരക്കാരനും ഇത് സാധിക്കും. ഈ ആശയം കൈക്കൊള്ളാന്‍ വിശേഷാല്‍ ബുദ്ധിയും സാമര്ത്ഥ്യവുമൊന്നും വേണ്ട എന്നതാണ് വാസ്തവം? ഏറ്റവും നിസ്സാരമായിട്ടുള്ള ഈ ആശയം കൊണ്ടുനടക്കുന്നവര്‍ തത്വജ്ഞാനികളുടെ പരിവേഷം അണിയുന്നത് ചായത്തൊട്ടിയില്‍ മുങ്ങിയ കുറുക്കന് മഹാത്മാവായി ചമഞ്ഞതിനു തുല്യമാണ്.
മറ്റൊരു പരിഹാസ്യമായ കാര്യമുള്ളത് കാണാതെ പോകരുത്. ചാര്വാകന്മാര് പ്രത്യക്ഷപ്രമാണത്തില്‍ മാത്രം വിശ്വസിക്കുന്നവരാണ്. അതായത് ഇന്ദ്രിയ ഗോചരമായിട്ടുള്ളതുമാത്രമാണ് ഇവര്‍ക്കു സത്യം. പക്ഷേ കാണുന്നതു മാത്രമാണ് സത്യമെന്ന് ഇവരില്‍ ആരാണ് നേരിട്ടറിഞ്ഞത്? അതും വെറും വിശ്വാസം തന്നെയല്ലേ? നവീന ചാര്വാകന്മാര് പലപ്പോഴും ഭൗതിക ശാസ്ത്രം ഉദ്ധരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ഭൗതിക ശാസ്ത്രത്തിനും ചില അടിസ്ഥാന വിശ്വാസങ്ങളുണ്ടെന്നും, ശാസ്ത്രവും ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനങ്ങളായ സൂക്ഷ്മതലങ്ങളെയാണ് പഠിക്കുന്നതെന്നും, ശാസ്ത്ര സത്യങ്ങള്‍ പലവട്ടം തിരുത്തപ്പെട്ടിട്ടുണ്ടെന്നും, അതിനാല്‍ അത് കേവല സത്യങ്ങളല്ലെന്നതും അഭിനവ ചാര്വാകന്മാര് മനസ്സിലാക്കേണ്ടതുണ്ട്.
കണികാ ഭൗതികത്തിന്റെ ലോകത്തെത്തിയപ്പോള്‍ പരമ്പരാഗത ശാസ്ത്രം മുട്ടുമടക്കുകയാണ് ചെയ്തത് എന്നിരിക്കെ, തങ്ങള്‍ പറയുന്നതാണ് എല്ലാറ്റിനും പ്രമാണമെന്ന് പുതിയ ചാര്വാകന്മാര് കരുതുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്. പുരാതന ഗ്രീസില്‍ ‘സോഫിസ്റ്റ്’ എന്നൊരു കൂട്ടരുണ്ടായിരുന്നു. ‘Man is the measure of all things’ എന്ന് വിശ്വസിച്ചവര്‍. ഒരു വ്യക്തി നിശ്ചയിക്കുന്നതാണ് അയാള്‍ക്ക് ശരി എന്നാണ് ഇക്കൂട്ടര്‍ വാദിച്ചിരുന്നത്. തങ്ങളാണ് ഏറ്റവും ബുദ്ധിമാന്മാരെന്ന് അവര്‍ സ്വയം വിശ്വസിച്ചുപോന്നു. അതിനാല്‍ ‘സോഫിസ്റ്റ്’ അതായത് ‘അറിവുള്ളവന്’ എന്ന പേര് ഇവര്‍ക്ക് ലഭിച്ചു. ഇത് പക്ഷേ ഒരു അവകാശവാദം മാത്രമായിരുന്നു.
യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ബുദ്ധിക്ക് ഏറെ പരിമിതികളുണ്ട്. അവയെ മറികടന്ന് സത്യം തേടുകയെന്നതായിരുന്നു ഭാരതത്തിലെ തപസ്വികള്‍ എക്കാലത്തും ചെയ്തുകൊണ്ടിരുന്നത്. അതിനാല്‍ ഇവിടുത്തെ ആത്മീയ ഗുരുക്കന്മാരെ വിശ്വസിക്കുന്നതും അനുഗമിക്കുന്നതും മനുഷ്യരെ സംബന്ധിച്ച് ശ്രേഷ്ഠമായ കാര്യമാണ്. കാരണം അത് നമുക്ക് വിവേക ബുദ്ധിയും സാമൂഹിക ബോധവും പ്രദാനം ചെയ്യും.
പ്രാചീന ചാര്വാകന്മാര് ‘യുക്തിവാദി’കളായിരുന്നുവെന്നാണ് നവീന ചാര്വാകന്മാര് പ്രചരിപ്പിക്കുന്നത്. ഇതു തികച്ചും തെറ്റാണ്. പഴയ ചാര്വാകന്മാര് യുക്തിയെ അംഗീകരിച്ചിരുന്നില്ല. അവര്‍ പ്രത്യക്ഷ പ്രമാണം മാത്രമാണ് അംഗീകരിച്ചിരുന്നത്. അതു കാരണം അവര്‍ക്ക് നിശിതമായ വിമര്‍ശനവും നേരിടേണ്ടി വന്നു. ചാര്‍വാക സിദ്ധാന്തം നേരിട്ടു കാണാന്‍ സാധിക്കുകയില്ല. യുക്തികൊണ്ട് അതിന്റെ ശരി സ്ഥാപിക്കാനും സാധ്യമല്ല. കാരണം യുക്തി അവര്‍ക്ക് പ്രമാണമല്ലായിരുന്നു. ഈ വിമര്‍ശനത്തിന് മറുപടി കൊടുക്കാന്‍ ചാര്വാകന്മാര്ക്ക് അന്ന് സാധിച്ചില്ല. പുത്തന്‍ ചാര്വാകന്മാര്ക്ക് ഇന്നും സാധിക്കുന്നില്ല.
യുക്തിയില്ലാതിരുന്ന പഴയ ചാര്വാകന്മാരെ ‘യുക്തിവാദി’കളായിക്കണ്ട് മാതൃകയാക്കിയും, ബന്ധനമെന്ന പേരില്‍ കുടുംബബന്ധങ്ങളെ ശിഥിലമാക്കി സമൂഹത്തിന്റെ ആരോഗ്യത്തെ ഹനിച്ചുകൊണ്ടും, ശാരീരിക സുഖം മാത്രം കാംക്ഷിച്ച് കടിഞ്ഞാണില്ലാത്ത ജീവിതം നയിച്ചും ദുസ്സ്വാതന്ത്ര്യം അനുഭവിക്കുകയും അനുവദിക്കുകയും ചെയ്യുന്നവരാണ് നവീന ചാര്വാകന്മാര്. ഇതില്‍ വലിയ വൈരുദ്ധ്യമുണ്ട്. ഭൗതികാസക്തിയാകുന്ന ചങ്ങലയ്ക്കുള്ളില്‍ ബന്ധനസ്ഥരായിക്കിടന്നുകൊണ്ടാണ് ഇവര്‍ വിവാഹം, താലിചാര്ത്തല്, മോതിരംമാറ്റല്‍ തുടങ്ങിയ ആചാരങ്ങളില്‍ നിന്നുപോലും സ്വതന്ത്രരാകണമെന്ന് ആഹ്വാനം ചെയ്യുന്നത്.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മേധാവിയായിരുന്നു ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: