തിരുവനന്തപുരം: സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് സർക്കാരെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു.
സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് ജനങ്ങളുടെ പണം ഉപയോഗിച്ച് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? അപ്പോഴാണ് ഇതുപോലെയുള്ള ധൂർത്തെന്നും ഗവർണർ വിമർശിച്ചു.
ചില ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമായിരുന്നു. എന്നാൽ അതുണ്ടായില്ല. സർക്കാർ എല്ലാ ഭരണഘടനാ സീമകളും ലംഘിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്സിറ്റി ബില്ലെന്നും ഗവർണർ പറഞ്ഞു. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം.
കോടതിയുടെ നോട്ടീസ് കിട്ടിയാൽ മറുപടി നൽകുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: