തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ രാത്രി വൈകിയുള്ള വെടിക്കെട്ട് പാടില്ല എന്ന ഉത്തരവിൽ വ്യക്തത തേടി സർക്കാരും ദേവസ്വം ബോർഡുകളും ഹൈക്കോടതിയിൽ അപ്പീൽ നൽകും. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് വിഷമമാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കോടതി വിധി പരിശോധിച്ച ശേഷം ദേവസ്വം ബോർഡുകളും സർക്കാരും അപ്പീൽ നൽകുമെന്നും മന്ത്രി പ്രതികരിച്ചു.
അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ആ സമയം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായും ഒഴിവാക്കാൻ സാധിക്കില്ലെന്നും സർക്കാരും ദേവസ്വം ബോർഡുകളും പറയുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകൾ ജില്ലാ പൊലീസ് കമ്മീഷണർമാരുടെ സഹകരണത്തോടുകൂടി പിടിച്ചടുക്കണമെന്നും കോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: