കാലടി: ലിബ്നയിരുന്ന ക്ലാസ് മുറിയാകെ സഹപാഠികളുടെ ഏങ്ങലടികള്‍ മാത്രം. അവരുടെ പ്രിയങ്കരിയായ കൂട്ടുകാരി ഇരുന്ന സീറ്റില്‍ അവര്‍ അവള്‍ക്കായി കരുതിവച്ചത് രണ്ടു ചുവന്ന റോസാപ്പൂക്കള്‍. കരഞ്ഞുകലങ്ങിയ അവരെ ആശ്വസിപ്പിക്കാന്‍ ക്ലാസ് ടീച്ചര്‍ വി.ആര്. ബിന്ദു അരികിലുണ്ടെങ്കിലും അവരുടെ വാക്കുകള്‍ക്കതീതമായിരുന്നു വികാര പ്രകടനങ്ങള്‍. ചിറകറ്റുപോയ ലിബ്നയ്ക്കു വേണ്ടി റോസാപ്പൂക്കള്‍ നല്‍കാനും കരയാനും മാത്രമേ അവര്‍ക്കു കഴിയൂ. ലിബ്നയാകട്ടെ ഉറക്കത്തിലാണ്. ഒരിക്കലും ഉണരാത്ത നിത്യമായ ഉറക്കത്തില്‍.
ഒരാഴ്ച മുമ്പു വരെ സഹപാഠികളുമൊത്ത് ഓടിക്കളിച്ച സ്കൂള്‍ മുറ്റത്തേക്ക് അവസാനമായി ലിബ്നയെത്തി. ലിബ്നയുടെ മൃതദേഹം ഒരു നോക്കുകാണാന്‍ സ്കൂള്‍ മുറ്റത്ത് തടിച്ചുകൂടിയ അധ്യാപകരും നാട്ടുകാരും വിദ്യാര്‍ഥികളും വിങ്ങിപ്പൊട്ടി.
സ്ഫോടനത്തില്‍ കത്തിക്കരിഞ്ഞ ലിബ്നയുടെ മൃതദേഹമെങ്കിലും കാണാനെത്തിയവര്‍ക്ക് ഫോട്ടോ കണ്ടു മടങ്ങേണ്ടി വന്നു. കരഞ്ഞു തളര്‍ന്ന അച്ഛന് പ്രദീപനും തേങ്ങലടക്കാന്‍ പാടുപെട്ട് കൂട്ടുകാരും പ്രിയ ബിന്ദു ടീച്ചറും നാട്ടുകാരും എല്ലാത്തിനും സാക്ഷിയായി. കളമശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ലിബ്നയുടെ (12) മൃതദേഹം ശനിയാഴ്ച സ്കൂളിലും വാടക വീട്ടിലും പൊതുദര്‍ശനത്തിനുവച്ച ശേഷം വൈകിട്ടു നാലിന് കൊരട്ടി യഹോവയുടെ സാക്ഷികള്‍ സഭയുടെ സെമിത്തേരിയില്‍ സംസ്കരിച്ചു.
അമ്മ റീനയുടെ അന്ത്യചുംബനത്തിനായി അഞ്ചുനാള്‍ മോര്‍ച്ചറി തണുപ്പില്‍ കാത്തുകിടന്ന ശേഷമാണ് സംസ്കാരം തീരുമാനിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന അമ്മയുടെയും സഹോദരന്മാരുടെയും ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍ സംസ്കാരത്തിന് അച്ഛന് പ്രദീപന് തീരുമാനിക്കുകയായിരുന്നു. ലിബ്ന പഠിക്കുന്ന മലയാറ്റൂര്‍ നീലീശ്വരം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10.45ന് എത്തിച്ച മൃതദേഹത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സ്കൂള്‍ മുറ്റത്ത് താത്കാലികമായൊരുക്കിയ പന്തലില്‍ വച്ച ഫ്രീസറില്‍ ലിബ്നയുടെ ശരീരം മൂടിപ്പൊതിഞ്ഞ നിലയിലായിരുന്നു. അതിനു മുകളില്‍ പതിച്ച അവളുടെ പുഞ്ചിരിക്കുന്ന ചിത്രം മാത്രമായിരുന്നു കാഴ്ച. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളും മുന്‍ അധ്യാപകരും അന്ത്യോപചാരമര്‍പ്പിച്ചു. ഒരു മണിക്കൂറിനു ശേഷം അന്ത്യശുശ്രൂഷകള്‍ക്കായി കുടുംബം വാടകയ്ക്കു താമസിക്കുന്ന മലയാറ്റൂര്‍ പാലത്തിനു സമീപത്തെ വീട്ടിലേക്കു കൊണ്ടുപോയി. ബെന്നി ബഹനാന് എംപി, റോജി എം. ജോണ്‍ എംഎല്‍എ, ജോസ് തെറ്റയില്‍, ഡിഡിഇ ഹണി ജി. അലക്സാണ്ടര്‍, മലയാറ്റൂര്‍ സെ. തോമസ് പള്ളി വികാരി ഫാ. വര്‍ഗീസ് മണവാളന് തുടങ്ങിയവര്‍ സ്കൂളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
യഹോവയുടെ സാക്ഷികള്‍ സഭാ കണ്‍വന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ലിബ്നയ്ക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. ലിബ്നയുടെ രണ്ടു സഹോദരന്മാരും അമ്മയും കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. അവര്‍ക്കു മൂന്നു പേര്‍ക്കും പൊള്ളലേറ്റു. ഹോട്ടല്‍ തൊഴിലാളിയായ പ്രദീപന് ജോലിത്തിരക്കുമൂലും അന്ന് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. മകള്‍ നഷ്ടപ്പെട്ട വേദനയും ദുരന്തത്തില്‍പ്പെട്ട് ആശുപത്രിയിലായ ഭാര്യയുടെയും രണ്ട് ആണ്മക്കളുടെയും ദുരിതവും പേറി സ്കൂളിലെത്തിയ അച്ഛന് പ്രദീപന് നൊമ്പരക്കാഴ്ചയായി.
നെഞ്ച് പിളര്‍ന്ന് പ്രദീപന്
കാലടി: ഒന്നും കാണാനാകാത്തവണ്ണം തളര്‍ന്ന് അവശനായ പ്രദീപന് നീലീശ്വരം എസ്എന്‍ഡിപി സ്കൂള്‍ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ചേതനയറ്റ മകള്‍ ലിബ്നക്കരികില്‍ ഇരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇരുന്ന പ്രദീപന്റെ മുഖത്ത് നിര്‍വികാരതമാത്രം. എല്ലാം നഷ്ടപ്പെട്ടതില്‍ നിന്നും ഉടലെടുത്ത ധൈര്യമായിരുന്നോ ആമുഖത്ത് കണ്ടത.്
ഏകമകള്‍ യാത്രാപറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. രണ്ട് മക്കളും ഭാര്യയും പൊള്ളലേറ്റ് ചികിത്സയിലുമാണ്. അതില്‍ ഭാര്യയുടെയും ഒരുമകന്റെയും പൊള്ളലുകള്‍ ഗുരുതരവുമാണ്. ജീവിതത്തിലെ എല്ലാം തകര്‍ന്ന പ്രദീപന് ഇനി ആശ്വസിക്കാന്‍ ഒന്നുമില്ല. 29ന് സ്ഫോടനം നടന്ന പകല്‍ മുതല്‍ ഒരാഴ്ചയായി ഭാര്യയെയും രണ്ട് ആണ്മക്കളെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേദന കടിച്ചമര്‍ത്തുകയായിരുന്നു പ്രദീപന്. അവരില്‍ പ്രതീക്ഷയുടെ നുറുങ്ങുവെട്ടം തെളിയുമെന്ന പ്രതീക്ഷയിലാണ് പ്രദീപന്.
സോമേട്ടാ, രണ്ട് മൂന്ന് ദിവസം ഞാന്‍ ഉണ്ടാകില്ലാട്ടോ…
കാലടി: സോമന് ചേട്ടാ, രണ്ട് മൂന്ന് ദിവസം ഞാന്‍ ഉണ്ടാകില്ല. തിങ്കളാഴ്ച കാണാം എന്ന് സ്കൂള്‍ ബസ് ഡ്രൈവറോട് പറഞ്ഞാണ് ലിബ്ന കളമശേരിയില്‍ യഹോവാ സാക്ഷികളുടെ കണ്വന്ഷന് പോയത്.
പക്ഷെ തിങ്കള്‍ രാവിലെ കെ.കെ സോമന് കേട്ടത് ലിബ്ന ബോംബ് സ്ഫോടനത്തില്‍ പൊള്ളലേറ്റ് മരിച്ചുവെന്ന വാര്‍ത്തയാണ്. സദാ പ്രസന്നവതിയായി കാണപ്പെട്ട ഒരു കുട്ടിയുടെ മരണം തന്നെ വല്ലാതെ തളര്‍ത്തിയെന്ന് സോമന് പറഞ്ഞു. എട്ട് രാത്രികളായി ഡ്രൈവര്‍ സോമനും സഹായി ദാസനും നേരാവണ്ണം ഉറങ്ങിയിട്ട്. രാത്രിയുടെ അര്‍ദ്ധയാമങ്ങളില്‍ ഞെട്ടിയുണരുന്നു. കണ്ണടയുമ്പോള്‍ ലിബ്ന മുമ്പില്‍ നില്ക്കുന്നതു പോലെ അനുഭവപ്പെടുന്നുവെന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: