തിരുവനന്തപുരം: സിനിമകളുടെ പകര്‍പ്പുകള്‍ വെബ്സൈറ്റുകളിലും ടെലിഗ്രാം പോലെയുള്ള ആപ്ലിക്കേഷനുകളിലും പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാര്‍. കാലങ്ങളായുള്ള സിനിമാ പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്ര നടപടി. റിലീസ് ചെയ്ത സിനിമകളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ വന്നാല്‍ അതു നീക്കാനും നടപടി സ്വീകരിക്കാനും സിനിമാപ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇനി മുതല്‍ കോടതിയില്‍ എത്താതെ തന്നെ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിലെ ഉദ്യോഗസ്ഥന് ഈ ലിങ്കുകള്‍ നീക്കാം. കേന്ദ്ര സിനിമാറ്റോഗ്രഫി ആക്ടിലെ ഭേദഗതി നടപ്പാക്കിയാണ് കേന്ദ്ര നടപടി. സിബിഎഫ്സിയില്‍ വാര്‍ത്താവിതരണ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. എല്ലാ സംസ്ഥാനങ്ങളിലും ആക്ടിലെ ഭേദഗതി അനുസരിച്ച് നോഡല്‍ ഓഫീസര്‍മാരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
സിനിമകളുടെ പകര്‍പ്പ് വെബ്സൈറ്റിലോ ആപ്ലിക്കേഷനുകളിലോ വന്നാല്‍ ഔദ്യോഗിക പകര്‍പ്പവകാശമുള്ള ആര്‍ക്കും നോഡല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. തീയറ്ററില്‍ റിലീസ് ചെയ്ത സിനിമകളുടെ വ്യാജ പതിപ്പുകളുമായി ബന്ധപ്പെട്ടാണ് പുതിയ സംവിധാനം.
രാജ്യത്ത് മൊത്തം പന്ത്രണ്ട് നോഡല്‍ ഓഫീസര്‍മാരെയാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് തിരുവനന്തപുരം മേഖലാ ഓഫീസര്‍ അജയ് ജോയി ആണ് കേരളത്തിലെ നോഡല്‍ ഓഫീസര്‍.
പരാതി ലഭിച്ചാല്‍ പരിശോധിച്ച് 48 മണിക്കൂറിനുള്ളില്‍ ലിങ്കുകള്‍ നീക്കാന്‍ നോഡല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കും. സിനിമാ പ്രവര്‍ത്തകര്‍ക്ക് വ്യാജ പകര്പ്പുകള്ക്കെതിരെ കോടതി കയറിയിറങ്ങേണ്ട നൂലാമാലകളില്‍ നിന്ന് മോചനമാകും എന്നതാണ് പ്രധാനം. വ്യാജ സിനിമാപകര്പ്പുകള് കാരണം പ്രതിവര്‍ഷം 20,000 ത്തിലധികം കോടികളുടെ നഷ്ടമാണ് സിനിമാ വ്യവസായം നേരിടുന്നത്.
വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരായ നടപടികള്‍ സുതാര്യവും വേഗത്തിലുമാക്കണമെന്ന് കാലങ്ങളായി സിനിമാ പ്രവര്‍ത്തകരുടെ ആവശ്യമാണ്. പുതിയ ഉത്തരവുപ്രകാരം നോഡല്‍ ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കാം.
പകര്‍പ്പവകാശ നിയമത്തിനും ഇന്ത്യന്‍ ശിക്ഷാനിയമത്തിനും കീഴിലുള്ള നിയമനടപടി മാത്രമാണ് വ്യാജന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിലവില്‍ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതിയെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ശിക്ഷയും വര്‍ധിപ്പിച്ചു. ഭേദഗതിപ്രകാരം വ്യാജന് പ്രചരിപ്പിച്ചാല്‍ മൂന്നു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപവരെയോ സിനിമയുടെ ഉല്പാദനച്ചെലവിന്റെ അഞ്ച് ശതമാനം വരെയോ പിഴയും ശിക്ഷയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: