റായ്പൂര്‍: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള 80 കോടി ദരിദ്രര്‍ക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം നല്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ ഈ പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണന പാവപ്പെട്ട ക്ഷേമത്തിനാണെന്നും മോദി പറഞ്ഞു. തനിക്ക് രാജ്യത്തെ ഏറ്റവും വലിയ ജാതി പാവപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ഇടയില്‍ ജാതീയതയുടെ വിഷം അഴിച്ചുവിട്ട് അവരുടെ ഐക്യം തകര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഛത്തീസ്ഗഡിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ സ്വീകരിച്ച നടപടിയെ പരാമര്‍ശിച്ച്, ഇവിടത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ദുബായില്‍ ഇരിക്കുന്ന മഹാദേവ് ആപ്പ് വാതുവെപ്പ് അഴിമതിക്കേസ് പ്രതിയുമായി എന്താണ് ബന്ധമെന്ന് പറയണമെന്ന് മോദി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: