രാജ്യത്താകെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആവര്‍ത്തിക്കുന്ന നിലപാടാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. തങ്ങള്‍ക്ക് അധികാരമുള്ള കേരളത്തില്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ സര്‍ക്കാരിനോ പാര്‍ട്ടി സംവിധാനത്തിനോ എതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഒരിക്കലും ഈ ഉദാരമനസ്കത ഇടതുപക്ഷം കാണിക്കാറില്ല. വിമര്‍ശനം എന്ന എതിര്‍സ്വരത്തെ ക്രിയാത്മകമായോ, തെറ്റുകള്‍ മനസ്സിലാക്കാനുള്ള അവസരമായോ അവര്‍ പരിഗണിക്കാറുമില്ല. ഈ അടുത്ത കാലത്ത് കേരളത്തിലെ മുഖ്യധാരാ ഡിജിറ്റല്‍ മാധ്യമങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ ഈ സമീപനം നേരിട്ടിട്ടുണ്ട്. കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച ശേഷം, കേരളത്തിലെ മാധ്യമങ്ങള്‍ നേരിടുന്ന ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ നിസ്സംഗരായി നില്ക്കുന്ന ഇടത് ദേശീയ നേതാക്കളെ ഒരേസമയം അവജ്ഞയോടും നിസ്സഹായതയോടും നോക്കാനാണ് മലയാളിയുടെ വിധി.
പ്രഖ്യാപിത ഇടതുനിലപാട് ‘മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമം പ്രകടമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കും എതിരെ വ്യാജ കേസുകള്‍ ചമയ്ക്കുകയാണ്. മാധ്യമങ്ങളെക്കെതിരെയുള്ള അതിക്രമം ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും എതിരെ ഒരു സ്വേച്ഛാധിപത്യ ഭരണകൂടം നടത്തുന്ന വലിയ അതിക്രമത്തിന്റെ ഭാഗമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും ജനാധിപത്യത്തെയും ഭരണഘടനാദത്തമായ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ഓരോ അതിക്രമത്തെയും ചെറുക്കേണ്ടത് എല്ലാ ജനാധിപത്യ ശക്തികളുടെയും ഉത്തരവാദിത്തമാണ്.’
2022 മെയ് മാസത്തില്‍ പീപ്പിള്‍സ് ഡെമോക്രസിയെന്ന സിപിഎം ആഴ്ചപ്പത്രത്തിലെ എഡിറ്റോറിയലിലെ വരികളുടെ പരിഭാഷയാണ് മുകളില്‍. ലോക പ്രസ് ഇന്‍ഡക്സില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പതിക്കുന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറാക്കിയ ലേഖനമായിരുന്നു അത്. പ്രസ്തുത എഡിറ്റോറിയല്‍ പ്രസിദ്ധീകൃതമായതിനു തൊട്ടുപിന്നാലെയാണ്, തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു പ്രസ്താവനയുടെ പേരില്‍ തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നില്‍ ഇടതു സംഘടനകളുടെ പ്രതിഷേധമാര്‍ച്ച് അരങ്ങേറിയത്, മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്, അദ്ദേഹത്തെ പുറത്താക്കാന്‍ സ്ഥാപനം തയ്യാറാകണമെന്ന ആവശ്യം ഉയര്‍ന്നത്. മറ്റൊരവസരത്തില്‍ ഇതേ ചാനലിന്റെ കൊച്ചി ഓഫീസിലേക്ക് ഒരു ഇടത് യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതൊക്കെ മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ അതിക്രമങ്ങളായി പരിഗണിക്കപ്പെടുമോയെന്ന് ഇടതുനേതാക്കള്‍ പറഞ്ഞില്ല, അതുവഴി പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നോ എന്നറിയില്ല, പീപ്പിള്‍സ് ഡെമോക്രസിയില്‍ ഇതേക്കുറിച്ചുള്ള പുതിയ എഡിറ്റോറിയലുകളും കണ്ടില്ല.
വിമര്‍ശനം മറ്റുള്ളവരോട് മതി
വാര്‍ത്ത നല്‍കിയതിന്, വായിച്ചതിന്, റിപ്പോര്‍ട്ട് ചെയ്തതിന് ഒക്കെ കേസെടുക്കുന്ന രീതിയിലേക്ക് കേരളത്തിലെ മാധ്യമ നിയന്ത്രണം മാറിക്കഴിഞ്ഞു. ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തിക്കുന്ന മീഡിയം ആയി പ്രവര്‍ത്തിക്കുക എന്നതാണ് ഏതൊരു മാധ്യമ സ്ഥാപനത്തിന്റെയും പ്രാഥമികമായ കര്‍ത്തവ്യം. അത് ചെയ്യാന്‍ പോലും അവരെ അനുവദിക്കാത്ത തരത്തിലുള്ള സമീപനം കാടത്തമാണെന്ന് പറഞ്ഞുകൊടുക്കാന്‍ പോലും ഇടതുപക്ഷ സംഘടനകളില്‍ സൈദ്ധാന്തികര്‍ അവശേഷിച്ചിട്ടില്ല എന്നു തോന്നിപ്പോകുന്നതു പോലെയുള്ള തണുത്ത പ്രതികരണമാണ് എങ്ങും. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഗൂഢാലോചനാ കുറ്റം ചുമത്തുക, വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുക, പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുക, മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുക എന്നീ നടപടികള്‍ കൈക്കൊള്ളുന്നവര്‍ ജനാധിപത്യത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മാധ്യമവൃത്തിയുടെയോ സംരക്ഷകരല്ല, ഘാതകരാണ്.
മാധ്യമ അടിമകളെ സൃഷ്ടിക്കല്‍
നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്താന്‍ ഇന്നാട്ടില് കഴിയില്ലെന്ന സന്ദേശമാണ് ഇവര്‍ ഇതിലൂടെ സമൂഹത്തിന് പൊതുവായും മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായും നല്കാന് ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാനായി ലീഡ് കിട്ടുന്ന ഏതൊരു വാര്‍ത്തയുടെയും വരുംവരായ്കകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കി, തനിക്കും സ്ഥാപനത്തിനും കുഴപ്പമില്ലെങ്കില്‍ മാത്രം അതൊക്കെയും റിപ്പോര്‍ട്ട് ചെയ്യാമെന്ന തലത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ ചിന്തയെ സ്വാധീനിച്ച്, ആത്മവിശ്വാസത്തെ കെടുത്തി, പുതിയ ദാസ്യരെ സൃഷ്ടിക്കുകയെന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഒപ്പമുണ്ടെന്ന ധാര്‍ഷ്ട്യം ഇത്തരക്കാരെ വല്ലാതെ സഹായിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യേണ്ട വാര്‍ത്തയുടെ ആധികാരികതയിലും പ്രസക്തിയിലും നൂറു ശതമാനം ബോധ്യവും വിശ്വാസവും ഉണ്ടെങ്കിലും അതിന്റെ പേരില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍, വിവാദങ്ങള്‍, കേസുകള്‍, വ്യവഹാര നടപടികള്‍ എന്നിവയെല്ലാം പരിഗണിച്ച് ഒരാളെങ്കിലും സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഹിതകരമല്ലാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിഞ്ഞാല് അതൊരു നേട്ടമായി കാണുന്നവര്‍ക്ക് ഈ ഭീഷണി ഒരു പലിശയില്ലാ നിക്ഷേപമല്ല. മനസമാധാനം കാംക്ഷിക്കുന്നര് വിധേയപ്പെടണമെന്നും, പ്രവര്‍ത്തന സ്വാതന്ത്ര്യം വേണ്ടവര്‍ അധികാരമുള്ളവരുടെ സ്തുതിപാഠകര്‍ ആവണമെന്നും ഒക്കെ പഠിപ്പിക്കുന്ന പുതുതലമുറ ജേര്‍ണലിസം സ്കൂളുകളുടെ നടത്തിപ്പുകാരായി മാറുന്നുണ്ട് ചെസ്റ്റ് നമ്പര്‍ ഇടാന്‍ അവസരം നോക്കി അലയുന്ന ജനപ്രതിനിധികള്‍.
നീതിപാലകരും ന്യായാധിപരും കൈമലര്‍ത്തിയാല്‍
എന്ത് അനാവശ്യം പറഞ്ഞാലും പിന്നീട് അത് ഒരു നാക്കുപിഴ മാത്രമായിരുന്നെന്ന് ന്യായീകരിക്കാന്‍ സങ്കോചമില്ലാത്തവര് തന്നെയാണ് മാധ്യമ പ്രവര്‍ത്തകരുടെ വാക്കുകളെ വളച്ചൊടിച്ച്, പറയാത്ത വാക്കുകള്‍ അവരുടെ വായിലേക്ക് തള്ളി, ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ ശ്രമിച്ചതും. ഇടതുസംഘടനകള്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കില്‍ ഉണ്ടായതു പോലെയുള്ള അതിക്രമങ്ങള്‍ ഇടതുനേതാക്കള്‍ക്കാണ് സംഭവിച്ചതെങ്കിലോ എന്ന സാമാന്യയുക്തിയില്‍ അധിഷ്ഠിതമായ ഒരു ചോദ്യത്തെ വളച്ചൊടിച്ച് കലാപാഹ്വാനം ആക്കുകയും തിരഞ്ഞെടുക്കപ്പെട്ട സാമാജികന്റെ അവകാശങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയായി ചിത്രീകരിക്കുകയും ചെയ്യപ്പെട്ടത് നമ്മുടെ നാട്ടിലാണ്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിമര്‍ശിച്ചാല്‍ അത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെ അധിക്ഷേപിച്ചു എന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെടാമെന്ന സാഹചര്യം ഭീതിദമാണ്. പരിശീലനം സിദ്ധിച്ച ഒരു ന്യായാധിപനു പോലും അതു മനസ്സിലാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം അതിലുമേറെ ഭീതിദവും ആശങ്കയുണര്‍ത്തുന്നതാണ്. രാജ്യത്തെ പരമോന്നതെ നീതിപീഠത്തെ സമീപിച്ചാല്‍ ആശ്വാസം ലഭിക്കുമെന്ന് ഏവര്‍ക്കും അറിയുമെങ്കിലും കേസിനെ അവിടെയെത്തിക്കാനുള്ള ബുദ്ധിമുട്ടും പണച്ചെലവും എല്ലാവര്ക്കും താങ്ങാന്‍ കഴിയണമെന്നില്ല എന്നതാണ് വാസ്തവം.
പൊലീസ് സംവിധാനത്തില്‍ വരുന്ന ഏതൊരു പരാതി പരിഗണിക്കുമ്പോഴും പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. കേസ് ചാര്‍ജ് ചെയ്യാന്‍ പര്യാപ്തമായ കാരണങ്ങള്‍ കണ്ടില്ലെങ്കില്‍ പലപ്പോഴും ഉന്നതാധികാരികളുടെ ഉപദേശം സ്വീകരിച്ച് അതിന് അനുസൃതമായാണ് പൊലീസുകാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്. എന്നാല്‍ ഉന്നതാധികാരികള്‍ നല്കുന്ന നിയമോപദേശത്തിലും തകരാര്‍ ഉണ്ടെങ്കിലോ? കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചുമത്താന്‍ കഴിയുന്ന അപകീര്‍ത്തി കേസുകള്‍ പോലും യാതൊരു അധികാരവുമില്ലാതെ തലങ്ങും വിലങ്ങും പ്രയോഗിക്കുന്ന പൊലീസ് സംവിധാനവും, അതിന് അവരെ പ്രേരിപ്പിക്കുന്ന ഉന്നതാധികാരികളും നിയമോപദേശകരും ഒന്നും നീതിമാന്മാരോ, എന്തിന്, നീതിപാലകരോ അല്ല. രാഷ്ട്രീയ താല്പര്യങ്ങളാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധിയൊന്നും ആവശ്യമില്ല.
മാധ്യമ പ്രവര്‍ത്തകരുടെ വല്യേട്ടന് മനോഭാവം
മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലെ മൂപ്പിളമയും മാധ്യമ സ്ഥാപനങ്ങളുടെ വലിപ്പച്ചെറുപ്പവും ഒക്കെ മാധ്യമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ലളിതവും അനായാസവും ആക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഓണ്‍ലൈന്‍ മാത്രമായുള്ള മാധ്യമ പ്രവര്‍ത്തനം രണ്ടാംതരം മാധ്യമപ്രവര്‍ത്തനം ആണെന്ന ചിന്തയാണ് പല മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളെയും ജീവനക്കാരെയും ഭരിക്കുന്നത്. അതിനാല്‍ത്തന്നെ അവര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളെ പലപ്പോഴും ഇക്കൂട്ടര്‍ അവഗണിക്കുകയാണ് പതിവ്.
റേറ്റിങ്ങിലെയും സര്ക്കുലേഷനിലെയും നിക്ഷിപ്ത താല്പര്യങ്ങളോടെ മാത്രം തൊഴിലിനെ സമീപിക്കുകയും, മത്സരബുദ്ധിയോടെയും മാത്രം ഇതരസ്ഥാപങ്ങളെ കാണുകയും ചെയ്യുന്ന മനോഭാവം നമ്മുടെ മാധ്യമ സ്ഥാപനങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്. മറ്റൊരു സ്ഥാപനം ചീഞ്ഞാലേ തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വളമാകൂ എന്ന് ചിന്തിക്കുന്നവര്‍ക്ക് തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ചോ, തൊഴിലിടത്തിലെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചോ ഉള്ള ചിന്തകളെല്ലാം പ്രാധാന്യം കുറഞ്ഞവയാവും. ‘ഇന്നു ഞാന്‍, നാളെ നീ’യെന്ന വാക്യമെങ്കിലും അവര്‍ ഓര്‍ക്കണം.
ഷാജന് സ്കറിയ എന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്റെ സ്ഥാപനമായ ‘മറുനാടന്‍ മലയാളി’യും മാധ്യമവേട്ട നേരിട്ട ആദ്യഘട്ടത്തില്‍ അവര്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കാനും ആ വിഷയം ചര്‍ച്ച ചെയ്യാനും ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങള്‍ മാത്രമേ ഇന്നാട്ടില് തയ്യാറായിട്ടുള്ളൂ. പിന്നീട് മുഖ്യധാരാ സ്ഥാപങ്ങളും ജീവനക്കാരും സമാനമായ നടപടികള്‍ നേരിട്ടപ്പോള്‍ മാത്രമാണ് പലരും എല്ലാവിഷയങ്ങളെയും ഒരുപോലെ കാണാന്‍ ശീലിച്ചത്. ഈ യോജിപ്പില്ലായ്മയെയാണ് പലപ്പോഴും മാധ്യമങ്ങളുടെ മേല്‍ കുതിരകയറുന്നവര്‍ ചൂഷണം ചെയ്യുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകനെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുകയെന്നാല് തൊഴില്‍ നിഷേധം എന്നുതന്നെയല്ലേ മനസ്സിലാക്കേണ്ടത്?
പൂച്ചയ്ക്ക് മണികെട്ടാനുള്ള ശ്രമം
മുകളില്‍ വിവരിച്ച സംഭവങ്ങളെയെല്ലാം ന്യായീകരിച്ച നിരവധി ഇടതു നേതാക്കളുണ്ട്. പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്നോ ചില വ്യക്തികളുടെയോ അധികൃതരുടെയോ മാത്രം വീഴ്ചയെന്നോ വ്യാഖ്യാനിച്ചവരും ഉണ്ട്. എന്നാല്‍ അങ്ങനെ ലളിതവല്ക്കരിക്കാവുന്ന പ്രശ്നമല്ലിത്. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഒരു സംഘടിതശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മുന്‍പേതന്നെ ഉണ്ടായിട്ടുള്ളതാണ്.
പിണറായി വിജയന് സര്‍ക്കാര്‍ തന്നെയാണ് കേരളാ പൊലീസ് നിയമത്തില്‍ വിവാദമായ 118(എ) വകുപ്പ് കൂട്ടിച്ചേര്‍ക്കാനുള്ള ഔദ്യോഗികശ്രമം നടത്തിയത്. അത് നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ കേരളത്തില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തനം ബാക്കിയുണ്ടാകുമായിരുന്നില്ല. പൊലീസിന് അമിതാധികാരം നല്കി, ആ സംവിധാനത്തെ ഒരേസമയം വിധികര്‍ത്താവും നിര്‍വഹകനും ആക്കുന്ന നീതിരഹിത വ്യവസ്ഥ. ഏതൊരു വാര്‍ത്തയെയും സന്ദേശത്തെയും സൗകര്യം പോലെ വ്യഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം, അത് ആരുടെയെങ്കിലും മനസ്സിന് മുറിവുണ്ടാക്കുമോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, പരാതിക്കാരന് പോലുമില്ലാതെ കേസെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ നല്കി പുതിയ പൊലീസ്രാജ് നടപ്പാക്കാനുള്ള ശ്രമമാണ് പൊതുസമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രം അന്നു പൊലിഞ്ഞത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഐടി നിയമത്തിലെ വിവാദമായ 66(എ) വകുപ്പ് അതിക്രൂരമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ന്യായമായ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമെന്നും അഭിപ്രായപ്പെട്ട ഒരു രാഷ്ട്രീയകക്ഷിയാണ് ഒരു പതിറ്റാണ്ടിനിപ്പുറം അച്ചടി, ഡിജിറ്റല്‍, സമൂഹ മാധ്യമങ്ങളെ ഒന്നടങ്കം വരുതിക്ക് കൊണ്ടുവരാനും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും പൊലീസ് വഴി മാധ്യമ മാരണത്തെ സ്ഥാപനവല്‍ക്കരിക്കാനുമുള്ള ശ്രമം നടത്തിയതെന്ന് ഓര്‍ക്കുമ്പോഴാണ് അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവര്‍ സ്വീകരിക്കുന്ന നിലപാടുകളിലെ വ്യത്യാസം നമുക്ക് ബോധ്യമാകുന്നത്. സമാനമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടായിക്കൂടെന്നില്ല. ഇവിടെയാണ് മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും നിതാന്ത ജാഗ്രത ആവശ്യമുള്ളത്.
വിമര്‍ശനം കേള്‍ക്കാന്‍ കഴിയാത്തവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതു മാത്രമാണ് പോംവഴി; ഈ നാട് ഇവിടത്തെ ജനങ്ങളുടേതാണ്. ഇവിടത്തെ ഭരണക്രമത്തിന് ജനാധിപത്യം എന്നാണു പേര്. ഭരണകര്‍ത്താക്കളെ പോലെതന്നെ മാധ്യമ പ്രവര്‍ത്തകരും ജനങ്ങളുടെ പ്രതിനിധികളാണ്. അവരുടെ ചോദ്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ജനങ്ങളുടെ ശബ്ദത്തെ, അഭിപ്രായത്തെ, എതിര്‍പ്പിനെ ഒക്കെ അധികാരികളുടെ മുന്നില്‍ എത്തിക്കുന്ന നാവാണ് ഓരോ മാധ്യമ പ്രവര്‍ത്തകനും. ആ നാവിനെ അറുത്തെടുത്ത് ശബ്ദം ഇല്ലാതെയാക്കാനുള്ള ഒരു ശ്രമവും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. കാരണം, ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഏതെങ്കിലും സര്‍ക്കാരിന്റെയോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ ഔദാര്യമല്ല, മറിച്ച് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശവും അടിസ്ഥാന സ്വാതന്ത്ര്യവുമാണ്. ഏത് പാര്‍ട്ടി ഭരണഘടനയും അതിനു താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: