ഒന്ന്.
പാറ്റയായിരുന്നു പ്രശ്നം.
അത് ഇന്ന് തുടങ്ങിയതല്ല. കുട്ടിക്കാലത്തെ അയാള്‍ക്ക് പാറ്റ പ്രശ്നമായിരുന്നു. ഭയം മാത്രമല്ല, മറ്റെന്തൊക്കയോ വികാരങ്ങള്‍, അല്ലെങ്കില്‍ ഭാവങ്ങള്‍ ആയാള്‍ പാ
റ്റയോട് ചേര്‍ത്തുവച്ച് പ്രശ്നത്തിന്റെ കുരുക്കുകള്‍ നെയ്തു.
അമ്മുമ്മ കഥകളിലെ രാക്ഷസന് വേഷം മാറിവരുന്നതു മുതല്‍ ഫാസിസത്തിന്റെ കുഴലൂത്തുകാരന് അണിയുന്ന മൂടുപടം പോലും പാറ്റയില്‍ അയാള്‍ സങ്കല്പ്പിച്ചു. ഭാവനകണ്ടു. വെറുതേ ഭയന്നു. വെറുത്തു.
വെള്ളത്തില്‍ വീഴുന്ന പാറ്റ തന്റെ രണ്ട് കൊമ്പുകള്‍ ഉയര്‍ത്തി നീന്തി രക്ഷപ്പെടുന്നതും ഒരറ്റത്തുനിന്നും മറ്റേ അറ്റംവരെ പറക്കുന്നതുമെല്ലാം കാണുമ്പോള്‍ പാറ്റ ഒരു ചെകുത്താന് സന്തതി ആണെന്നാണ് അയാള്‍ കരുതിയത്.
അതുകൊണ്ടു തന്നെ അയാള്‍ പാറ്റയെ കണ്ടാല്‍ ഒഴിഞ്ഞുമാറി നടന്നു. പാറ്റയുള്ളപ്പോള് ഭക്ഷണം കഴിക്കാതെ ഉറങ്ങാതെ അതിന്റെ ചലനത്തില്‍ മാത്രം ശ്രദ്ധ ഊന്നി നിന്നു. പാറ്റയുള്ള മുറിയില്‍ അയാള്‍ കിടന്നിരുന്നില്ല. അമ്മുമ്മയോട് അയാള്‍ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു.
”അമ്മുമ്മാ ഈ പുരാണത്തില്‍ പാറ്റയെക്കുറിച്ച് പറയുന്നുണ്ടോ.?” പഴയ ട്രെങ്കു പെട്ടിയില്‍ വച്ചിരിക്കുന്ന തുണിയില്‍ പാറ്റ കയറാതെ പാറ്റഗുളിക വയ്ക്കാറുണ്ടായിരുന്ന അമ്മുമ്മയ്ക്ക് പക്ഷെ പാറ്റയുടെ പുരാണം അജ്ഞാതമായിരുന്നു. അതുകൊണ്ടു തന്ന അമ്മുമ്മപറഞ്ഞു.
”എന്താ അപ്പൂ ഇങ്ങനെ നിനക്കൊരു പാറ്റവിചാരം. ഒരു പുരാണത്തിലും പാറ്റക്കാര്യം പറയുന്നതായി എനിക്കറിയില്ല കുട്ട്യേ…”
മനസ് അപ്പോഴും പാറ്റയെതേടി അലഞ്ഞുകൊണ്ടേയിരുന്നു.
പിന്നീട് പാറ്റയെ ശത്രുവായി കണ്ടത് ചുവരലമാരയിലെ പുസ്തകങ്ങള്‍ പാറ്റ നക്കി അക്ഷരങ്ങള്‍ വിഴുങ്ങി കൊണ്ടുപോയതു കണ്ടപ്പോഴാണ്. പാറ്റയെ കൊല്ലാന്‍ നേരിട്ട് ഭയമായെങ്കിലും അവന് എങ്ങനേയും ഓടിക്കാന്ശ്രമിച്ചുകൊണ്ടിരുന്നു.
ഗ്രാമത്തിലുള്ള അച്ചമ്മയുടെ വീട്ടില്‍ സ്കൂള്‍ വേനലവധിക്ക് അവന് പോയി തങ്ങാതിരുന്നതും ഓടിട്ട മച്ചിന്പുറമുള്ള ആ തറവാട്ടിലെ പാറ്റകളെ ഭയന്നായിരുന്നു.
എങ്കിലും-
രാത്രികളില്‍ പാറ്റ ഭയത്താല്‍ ഞെട്ടി ഉണര്‍ന്നു കരഞ്ഞു. ആദ്യമൊക്കെ പാറ്റയെ സ്വപ്നം കണ്ടാണ് ഉണര്‍ന്നതെന്നു പറയുമായിരുന്നെങ്കിലും പിന്നീട്, പിന്നീട് മറ്റുള്ളവര്‍ക്ക് അത് പരിഹസിക്കാനുള്ള വഴിയായെന്നു കണ്ടപ്പോള്‍ വേറെ കാര്യം പറഞ്ഞ് തടി തപ്പാന്‍ തുടങ്ങി.
സയന്‍സ് ഏറെ ഇഷ്ടമുള്ള വിഷയമായിരുന്നു അപ്പുവിന്. പക്ഷേ കോളജില്‍ പോയപ്പോള്‍ സയന്‍സ് ഗ്രൂപ്പ് എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പാറ്റയെ കീറി പഠിക്കേണ്ടി വന്നാലൊ.?
പാറ്റ അവന്റെ പ്രശ്നമാണെന്നു കണ്ടപ്പോള്‍ കൂട്ടുകാര്‍ അവനില്‍ നിന്ന് നേടാനോ അവനെ ഒഴിവാക്കാനോ പാറ്റയെ ഒരു വിദ്യയാക്കിയെടുത്തു.
കോളജില്‍ ആരും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി. നമിത. കോളജ്ബ്യൂട്ടി. അവളെ ഒന്നു വളയ്ക്കാന്‍, ലൈനിലാക്കാന്‍ എല്ലാവരും കഷ്ടപ്പെടുമ്പോള്‍ ഒരു ശ്രമവും കൂടാതെയാണ് അവള് അപ്പുവിന്റെ പ്രിയപ്പെട്ടവളായതും അപ്പു അവള്‍ക്ക് പ്രയപ്പെട്ടവനായതും.
റൊമാന്‍സിന്റെ ശീതളിതയില്‍ പ്രണയത്തിന്റെ ലാവണ്യം നുകരുന്നത്മറ്റു കുട്ടികള്‍ തെല്ല് അസൂയയോടെ തന്നെയാണ് നോക്കിക്കണ്ടിരുന്നത്.
ഇതൊന്നു പൊട്ടിച്ചെടുക്കണം. പ്രണയ വലയില്‍ നിന്നും അവരെ പൊട്ടിക്കാന്‍ തന്ത്രത്തിന്റെ ബ്ലയിഡ് തിരഞ്ഞു അവര്‍. അറിയാവുന്ന പലതും പയറ്റിയിട്ടും നടക്കാതെയായപ്പോള്‍ വലപൊട്ടിക്കാന്‍ അറക്കവാള്‍ തന്നെ കണ്ടു പടിച്ചു.
പാറ്റ-
നമിതയുമായി സ്വപ്നത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും ഇടയിലുള്ള പടവുകള്‍ കയറി ഇറങ്ങുമ്പോഴാണ് അവളുടെ ബാഗില്‍നിന്നും ഒരു പാറ്റ പുറത്തു ചാടുന്നത് അവന്റെ ശ്രദ്ധയില്‍പ്പെട്ടത്.
അതുകണ്ട് ഞെട്ടിപ്പിടഞ്ഞ് യാഥാര്‍ത്ഥ്യത്തിലേക്ക് കൂപ്പുകുത്തി അവന്.
”ഇത്… ഇത്…”
അവള് പൊട്ടിചിരിച്ചു. ”ഇതെന്താ കാണാത്ത ജീവിയോ മറ്റോആണോ…”
അവളുടെ പരിഹാസത്തിലൊതുങ്ങാന് അവനായില്ല. പരിഭ്രമിച്ച് നില്ക്കുന്ന അവനോട് നമിത വീണ്ടും ചോദിച്ചു.
”എന്താ അപ്പൂ, പാറ്റയെ നീ കണ്ടിട്ടില്ലേ.”
”എങ്ങിനെ വന്നു.?”
”വണ്ടികയറിവന്നു..ശ്ശെടാ…മുജീബ് ഒരു രസത്തിന് പാറ്റയെ പിടിച്ച് എന്റെ ബാഗിലിട്ടതാ…കളയണ്ടാന്നു കരുതി…അവന് പറയുന്നത് പാറ്റ ബര്‍ക്കത്തുള്ള ജീവിയാണെന്നാ. പാ
റ്റയില്‍ ചൂണ്ട കൊളുത്തിയിട്ടാല്‍ വലിയ വലിയ മീനിനെ കിട്ടുംപോലും…”
ങെ:!
പാറ്റ ഒരു ഇരയാണൊ. കൊളുത്തി യെടുക്കാന്‍ ഒരു ഇര.
”പാറ്റയെ എനിക്ക് ഇഷ്ടമല്ല. നീകളയ്… അതിനെ കളയ്…”
അവന് ഒരു ഉന്മാദിയെ പോലെഅലറി.
അപ്പോഴും അവള് പാറ്റയെ ഉപദ്രവിക്കാതെ പൊട്ടിപ്പൊട്ടി ചിരിക്കുകയാണുണ്ടായത്.
പാറ്റയിലൂടെ അകലത്തിന്റെ നാന്ദികുറച്ചു. പിന്നിട് കാണുമ്പൊഴൊക്കെ പാറ്റയുടെ ഗുണഗണങ്ങളെപ്പറ്റിയായി അവരുടെ സംസാരം. ബര്‍ക്കത്തുള്ള പാറ്റ മൂഷികനെക്കാളും പുലിയെക്കാളും എത്രയോ ഉന്നത ജീവിയാണെന്ന് തെളിയിക്കാനുള്ള ശ്രമം പോലെ. എല്ലാമെല്ലാം അവള്‍ക്കു പറഞ്ഞു കൊടുക്കുന്നത് മുജീബ് ആണത്രെ.! പാറ്റയിലെ വിശ്വാസം അവള്‍ക്കത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ അവന് തുടങ്ങി. അപ്പോഴേക്കും അവളുടെ മനസ്സിന്റെ കോണുകളില്‍ കയറി ഇറങ്ങിയ പാറ്റ തന്റെ സ്നേഹനാവിനാല് മനസ്സുകള്‍ നക്കിയെടുക്കാനും തുടങ്ങിയിരുന്നു. അവന്റെ സ്വപ്നങ്ങളും.
ഒടുവില്‍ ഡിഗ്രി പൂര്‍ത്തീകരിക്കും മുമ്പേ അവള് മുജീബിന്റെകൂടെ ഒളിച്ചോടി എന്ന വര്‍ത്തയും വന്നു.
അന്ന്…
അവന് പാറ്റയോട് വ്യവഛേദിക്കാന്‍ കഴിയാത്ത ഒരകല്‍ച്ചയുടെ ദിശയും മാറി കഴിഞ്ഞിരുന്നു. തന്റെ സ്വപ്നങ്ങളെ കരണ്ടു തിന്നുന്ന പാറ്റ. പറഞ്ഞാല്‍ പലരും പറയും വട്ടാണ്. തലക്ക് ഓളം കയറി എന്നൊക്കെ. അവനു തന്നെ തോന്നാറുണ്ട് പാറ്റ ഒരു വട്ടായി മാറിയതാണോ എന്ന്. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.
പാറ്റയെ വാറ്റി, ഹോമിയോപ്പതി മരുന്ന് ഉണ്ടാക്കാറുണ്ടെന്ന് അവന് അറിഞ്ഞു. ലാബിലെ അസിസ്റ്റന്റ് ഒരിക്കല്‍ കുട്ടികള്‍ക്ക് പഠിക്കാനായി തവളയേയും, പാറ്റയേയും അന്വേഷിച്ച് നടക്കുന്നതിനിടയില്‍ പറഞ്ഞതാണ്. അയാള്‍ തന്നെ ഒട്ടേറെ പാറ്റകളെ പിടിച്ച് മരുന്നുകാര്‍ക്ക് വില്ക്കാറുണ്ടത്രേ!
ഹോ!
പിന്നീട് ഹോമിയോ മരുന്ന് എന്ന് കേള്‍ക്കുന്നതുപോലും അവന് താല്പര്യമില്ലാതായി. അപ്പോഴും നമിത പറഞ്ഞത് ഓര്‍ക്കും. ചൂണ്ടയില്‍ പാറ്റയെ കൊളുത്തിവിട്ട് മിന്പിടിക്കാന് തുടങ്ങിയാല്‍ വലിയ മീന്‍ കൊത്തും എന്നകാര്യം.
പാറ്റ ഒരു ഇര ആണ്.
മീനിന് ഒരു ഇര. ഹോമിയോമരുന്നിന് ഒരു മരുന്നു വസ്തു. എന്തിന് നമിതപേലും ഒരു പാറ്റയുടെ ബര്ക്കത്തിലല്ലേ കൊത്തിയത്. അയാളുടെ മനസ്സിലെ പാറ്റ അങ്ങനെ രൂപാന്തരം പ്രാപിക്കുകയായിരുന്നു.
ആനയുടെ വലിപ്പത്തില്‍, മനുഷ്യ രൂപത്തില്‍, വ്യാഘ്ര രൂപത്തില്‍…അങ്ങനെ…അങ്ങനെ…
പാറ്റയുടെ വരവ് ഒരു കാറ്റുപോലെ…ചുഴലിപോലെ…അലറുന്ന കടല്‍പോലെ…പാറ്റയുടെ ഭാഷ വിഷം പുരട്ടിയ തേനായി. വെണ്ണയില്‍ ഒളിപ്പിച്ചുവച്ച ബ്ലൈയ്ഡായി.
പാറ്റയും അവനും തമ്മില്‍ അകല്‍ച്ചയുടെ ബന്ധം അങ്ങനെ വളര്‍ന്നുകൊണ്ടിരുന്നു.
പാറ്റ പ്രശ്നമാണ്.
രണ്ട്
വിവാഹലോചന തുടങ്ങിയപ്പോള്‍ ബ്രോക്കര്‍ ഡിമാന്റുകളെകുറിച്ചും പെണ്‍കുട്ടി എങ്ങനെ അകണമെന്ന ആഗ്രഹത്തെകുറിച്ചും അയാളോട് ചോദിച്ചു.
‘ഡിമാന്റ് എന്ന് പറഞ്ഞാല്‍…’
ഒന്നു വിക്കി വിക്കി നിന്നപ്പോള്‍ അച്ഛനും അമ്മയും കയറി പറഞ്ഞു.”ഞങ്ങള്‍ക്കിങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. നല്ലകുട്ടി യായിരിക്കണം. അത്രേ ഉള്ളു.”
”എനിക്കുണ്ട്”. പെട്ടന്നാണ് അയാള്‍ പറഞ്ഞത്.
ആകാംക്ഷയോടെ അപ്പുവിന്റെ മുഖത്തേക്ക് അവള്
നോക്കി.
”പാറ്റശല്യം ഒന്നും ഇല്ലാത്ത വീട്ടിലെ കുട്ടിയായിരിക്കണം.”
അപ്പുവിന്റെ ആവശ്യം കേട്ട് അവര്‍ അദ്ധാളിച്ച് നിന്നു. പി
ന്നെ, അമ്മയാണ് സംശയം ദുരീകരിച്ചത്.
”പണ്ട്തുടങ്ങി ഇവന് പാറ്റ എന്നു വച്ചാല്‍ ഭയമാണ്. അതാ കാര്യം.”
അതാകാര്യം.
അതുകേട്ടിട്ടും ചിരിച്ചിട്ടും ബ്രോക്കര്‍ക്ക് ഒരു അര്‍ദ്ധ വിശ്വാസമേ വാക്കുകളില്‍ ഉണ്ടായിരുന്നുള്ളു.
”പഴയ തറവാടുമൊക്കെയാണെങ്കില് പാറ്റകളുണ്ടാകും.”
അപ്പു വീണ്ടും മറ്റുള്ളവരുടെയൊക്കെ പ്രതികരണങ്ങളൊന്നും ശ്രദ്ധിക്കാതെ പറഞ്ഞു. ”തറവാടാകണമെന്നില്ല. ഏതു വീട്ടിലും പാറ്റയുണ്ടാകാം” ബ്രോക്കര്‍ ചിരിച്ചു…
”എന്നാലും…” അര്‍ത്ഥോക്തിയില്‍ വിരമിച്ചു,അപ്പു. ”എന്താസാറെ പറയുന്നത്, ലക്ഷ്മണരേഖ, കേക്ക്, ഹിറ്റ്, എന്തൊക്കെയുണ്ട് പാറ്റയെ നശിപ്പിക്കാന്‍. എന്താഇങ്ങനെ…”
അങ്ങനെയൊന്നും പാറ്റകള്‍ നശിക്കില്ല. എന്നു പറയണമെന്നുണ്ടായിരുന്നു അപ്പുവിന്. പക്ഷേ അതിലെ യുക്തിയില്ലായ്മ ഓര്‍ത്തപ്പോള്‍ മൗനം ഭജിക്കാനേ അവന് കഴിഞ്ഞതുള്ളു…
”ശരി..ശരി..”അപ്പു തലയാട്ടി.
അങ്ങനെയാണ് അപ്പു ശ്രീദേവിയെ വിവാഹം കഴിച്ചത്. നല്ല ഐശ്വര്യള്ളകുട്ടി, കുലീന…ആദ്യരാത്രിയില്‍ തന്നെ അപ്പു ഐശ്വര്യയോട് ഒന്നേ ചോദിച്ചുള്ളു.
”ഇവിടെ പാറ്റ യുണ്ടോ?”
കുട്ടി അന്തം വിട്ട് മിഴിച്ച് നിന്നു.
”പാറ്റയോ…”
”ങാ… പാറ്റ?, അങ്ങനൊന്നിനെപറ്റി കേട്ടിട്ടില്ലേ.?”
”കേള്‍ക്കാത്തതുകൊണ്ടല്ല…എന്തിനാ ഇപ്പോള്‍ ഇങ്ങനൊന്നി നെകുറിച്ച് ചോദിക്കണെ എന്ന് ഓര്‍ത്തിട്ടാ.”
”എന്തൊ…പാറ്റയെ എനിക്ക് വല്ലാത്ത അലര്‍ജിയോ ഭയമൊ ഒക്കെയാണ്.”
ഉള്ളകാര്യം തുറന്നു പറഞ്ഞ് അയാള്‍.
”അത്രേ ഉള്ളോ”. അവള് ചിരിച്ചുപോയി .
”ഞാന്‍ കരുതി വല്ല പാറ്റ പിടിത്തോം ഉണ്ടാവൂന്ന്…”ഒരുതമാശ കൂടി അനുബന്ധമായി അവള് കൂട്ടി ചേര്‍ത്തു. ആ തമാശ അത്രയ്ക്കങ്ങ് അസ്വദിക്കാന്‍ അപ്പുവിനായില്ല, അപ്പുവിന്റെ മനസ്സില്‍ പാറ്റ ഒരു ഇരയായിരുന്നു. എന്തിന് ഇര കണ്ടെത്തി കാര്യം സാധിക്കാന്‍ ഞാന്‍ നടക്കണം.
അങ്ങനെയൊക്കെ സംഭാഷണം നടന്നും മുറിഞ്ഞും പോയെങ്കിലും മുറി മുഴുവന്‍ ശ്രദ്ധയോടെ നീരിക്ഷിക്കുവാന്‍ അപ്പുമറന്നില്ല.
”പാറ്റ ഉണ്ടെങ്കില്‍ നമുക്ക് ഓടിച്ചുവിടാമെന്നെ. അല്ലെങ്കില്‍ ഹിറ്റ് അടിക്കാം”
അവള് വളരെ കാര്യമായി തന്നെ പറഞ്ഞു.
”എന്നാലും അതു പോകണമെന്നില്ല. എവിടെന്നെങ്കിലും അത് നമ്മള് കാണാതെ വരും.” അവന് പറഞ്ഞു.
പലവേഷത്തിലും രൂപത്തിലും വരും എന്ന് പരയണമെന്നുണ്ടായിരുന്നു. പക്ഷെ അങ്ങനെ പറഞ്ഞാല്‍ സത്യമാണെങ്കില്‍ പോലും അവള് വിശ്വസിക്കണമെന്നില്ല. മാത്രമല്ല. തനി
ക്ക് വല്ല മാനസിക പ്രശ്നമുണ്ടോ എന്ന് സംശയിച്ചേക്കാനും
വഴിയുണ്ട്. അതുകൊണ്ട് മാത്രം അങ്ങനെ പറഞ്ഞില്ല. അതിനുത്തരമായി ഒരു സംശയത്തോടെ അവള് അയാളെ നോക്കുകയും ദീര്‍ഘനിശ്വാസം ഉതിര്‍ക്കുകയും മാത്രം ചെയ്തു.
ഭാര്യ വീട്ടിലെ താമസ കാലത്തും, ബന്ധുവീട്ടിലെ വിരുന്നു കാലത്തുമെല്ലാം അയാള്‍ തിരഞ്ഞുകൊണ്ടിരുന്നത് പാറ്റയെ മാത്രമാണ്.
ഒരുകാര്യം അവള്‍ക്കുമനസ്സിലായി. പാറ്റയുടെ കാര്യമെങ്ങാനും പറഞ്ഞുപോയാല്‍ ആരാത്രി അയാളെ ഷണ്ഡത്വം ബാധിക്കും. പിന്നെ അസ്വസ്ഥതയോടെ രാവുകടക്കും. അതുകൊണ്ട് തന്നെ പാറ്റയെ കുറിച്ച് പറയാതിരിക്കാനും അവള് ശ്രദ്ധിച്ചു. പാറ്റ എന്ന പ്രശ്നം രഹസ്യമായിട്ടാണെങ്കിലും വിശേഷങ്ങള്‍ ചോദിച്ച അമ്മയോട് അവള് പങ്കുവച്ചു. അതുകൊണ്ട് തന്നെ രാത്രി അച്ഛനോട് അമ്മ പറഞ്ഞു.
”നമുക്ക് ആ പണിക്കരെ കാണണം.”
”ഏതു പണിക്കര്‍, ജോത്സ്യനോ?”
”അതേന്നെ.”
”ങാ..എന്താ ഇപ്പം കാര്യം.?”
മടിച്ചു മടിച്ചാണെങ്കിലും അമ്മ കാര്യം പറഞ്ഞു. അപ്പുവിന് പാറ്റ എന്നു വച്ചാല്‍ വലിയ പ്രശനമാണെന്നാ അവള് പറയുന്നത്. അത് കേട്ട് അച്ഛന് പൊട്ടിചിരിച്ച് പോവുകയാണ് ചെയ്ത്.. ചിരിക്കാതെന്തു ചെയ്യാന്‍. പാറ്റയെ ഒരാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ജോത്സ്യനെ കാണണം എന്നുപറഞ്ഞാല്‍ എന്താചെയ്യാ.
”ചിരിക്കണ്ട, പാറ്റ കാരണം മോളുടെ സാമാധാനം പോലുംപോവുകയാണ്”
അമ്മകുറച്ചുകൂടി കാര്യ പ്രസക്തമായി അച്ഛനെ വിവരം ധരിപ്പിച്ചു.
”അതൊക്കെ മനസ്സിന്റെ പ്രശ്നങ്ങളാ. കാണേണ്ടത് സൈക്കാട്രിസ്റ്റിനെയാണ്.”
”അവന് ഭ്രാന്തൊന്നും ഇല്ല. എന്തായാലും നാളെ ഞാന്‍ പണിക്കരെ കാണാന്‍ പോവുകയാണ്.”
”നീ എന്തെങ്കിലും ചെയ്യ്…”
അച്ഛന് ഉറക്കത്തിലേക്ക് ചരിഞ്ഞ് കിടന്നു. അമ്മ ഉറക്കം വരാതെ കിടന്നു. പിറ്റേന്നു തന്നെ അമ്മ പണിക്കരെ കണ്ടു.
രാശി വച്ചു. മേടം രാശി ദൈവാധീനം പരിപൂര്‍ണ്ണം. എന്നാലും ആറാം ഭാവത്തില്‍ ഒരു ഗുളിക സാന്നിധ്യം. ”ശത്രുസ്ഥാനത്തുനിന്ന് ഒരു ഭയപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്. ഒരുകാര്യം ചെയ്യാം. നരികുമ്പളങ്ങയും മഞ്ഞള്‍പ്പൊടിയും തലക്ക് ഉഴിഞ്ഞ് പാത്രത്തില്‍ വക്കുക. ഒരു ശത്രുദോഷ പരിഹാര പുഷ്പാഞ്ജലിയും ആകാം. ഒഴിവുനോക്കട്ടെ.”
പണിക്കര്‍ വീണ്ടും രാശി നിരത്തി.
”കര്‍ക്കിടകം, വൃശ്ചികം, മീനം, വ്യാഴം പതിനൊന്നില്‍. മതി. ഇതുമതി..”
ശ്ശൊ…പക്ഷെ അതല്ലല്ലൊ കാര്യം അരികുമ്പളങ്ങയും മഞ്ഞള്‍പ്പൊടിയും തലയ്ക്ക് ഉഴിയാനും ഭദ്രകാളീ ക്ഷേത്രത്തില്‍ പോകാനും അപ്പുവിനോട് എങ്ങനെ പറയും അതോ
ര്ക്കുമ്പോഴോ…ഒടുവില്‍ വിഷമത്തോടെയാണെങ്കിലും അപ്പുവിനോട് ശ്രീദേവി പറഞ്ഞു.
”പാറ്റ ശല്യം മാറാന്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ നരികുമ്പളങ്ങയും മഞ്ഞള്‍പ്പൊടിയും തലക്ക് ഉഴിഞ്ഞുവച്ചാല് മതീന്നാ പറയുന്നത്.”
”ആരാ പറയുന്നത്…”
”അങ്ങനാ ജോതിഷം…”
”എനിക്ക് അതിലൊന്നും വിശ്വാസമില്ല. എന്നാലും പാറ്റ ശല്യം ഇല്ലാതാകുമെങ്കില്‍ എന്തിനും ഞാന്‍ തയ്യാറാ…”
”ഹോ…സമാധാനമായി…”
പിറ്റേന്ന് ത്രിസന്ധ്യക്കു തന്നെ അടുത്തുള്ള ഭദ്രകാളീ ക്ഷേത്രത്തില്‍ വഴിപാടു നടത്തി ഇറങ്ങുമ്പോഴേക്കും ദൂരെ നിന്നും ബാങ്ക് വിളി ഉയര്‍ന്നിരുന്നു. പക്ഷേ വീട്ടിലെത്തി വസ്ത്രം മാറാന്‍ നേരം അയാള്‍ കണ്ടത് അയയിലൂടെ ഓടുന്ന പാറ്റയെയാണ്. ”ദേ…..പാറ്റ”
ഒരുപൊട്ടിക്കരച്ചില്‍ പോലെ അയാള്‍ പറഞ്ഞു. ഓടിപ്പോയ പാറ്റ തന്നെനോക്കി കണ്ണുരുട്ടുന്നതുപോലെ അയാള്‍ക്കുതോന്നി. എന്തോ നാശത്തിന്റെ നാന്ദി കുറിക്കും പോലെ ശ്രീദേവി ഓടി യെത്തി പാറ്റയെ അടിച്ചുകൊന്നു. വിഹ്വലത പൂണ്ടു നില്ക്കുന്ന അയാളെ ഒരുകുഞ്ഞിനെ എന്നോണം മാറോട് ചേര്‍ത്തുപിടിച്ചു. അപ്പോഴും അയാള്‍ ഓര്‍ത്തു.
പാറ്റ ഒരു പ്രശ്നമാണ്!
മൂന്ന്
പാറ്റ അപ്പോഴും പ്രശ്നമായിരുന്നു. ഒരുകുഞ്ഞായി. കുഞ്ഞിന് മൂന്ന് വയസ്സ് കഴിഞ്ഞു. അപ്പോഴും അയാള്‍ കുഞ്ഞിനെ പാറ്റയില്നിന്നും രക്ഷിക്കാനാണ് പണിപ്പെട്ടത്.
അങ്ങനെയിരിക്കയാണ് അയാള്‍ക്ക് ദൂരെ ടൗണിലേക്ക് ജോലിമാറ്റം കിട്ടിയത്. അവിടെ വീടെടുക്കണം. ശ്രീദേവിയേയും കുഞ്ഞിനേയും കൊണ്ടുപോകണം.
ജോലിക്ക് ജോയിന്‍ ചെയ്തശേഷം അയാള്‍ ഒരാഴ്ചയോളം ലീവെടുത്ത് അടുത്തുള്ള ലോഡ്ജില്‍ തങ്ങി. റിയല്‍എസ്റ്റേറ്റ് നടത്തുന്ന ഒരോരുത്തരേയും ചെന്നുകണ്ടു. ഒരുവീട് വേണം. സൗകര്യം അല്‍പ്പം കുറഞ്ഞാലും കഴിഞ്ഞുകൂടാം. പക്ഷേ പാറ്റ ഉണ്ടാകുന്ന വീടാകരുത്.
അയാളുടെ ആവശ്യം കേട്ട് അവര്‍ ഉള്ളാലെ ചിരിച്ചെങ്കിലും ഇല്ലാത്ത ഭവ്യത മുഖത്തുവരുത്തി അവര്‍ അത് ഏറ്റു.
”തീര്‍ച്ചയായും അങ്ങനെയുള്ള വീട് തന്നെ സാറിന് ഏര്‍പ്പാടാക്കി തരാം”
ഓരോദിവസവും അവരോടൊപ്പം യാത്ര. ഒട്ടേറെവീടുകള് കാണല്‍. ഒരു ദിനചര്യപോലെ അപ്പോഴും അവിടെല്ലാം സംശയം പാറ്റയെപോലെ പതുങ്ങി ഇരുന്നിരുന്നു. ഒടുവില്‍ ജോസഫ് ചേട്ടനാണ് ഒരു വീട് കണ്ടെത്തികൊടുത്തത്
ചെറിയ വീടാണ്. വാടക അല്‍പ്പം കൂടുതലാണ്. എങ്കിലും വൃത്തിയുണ്ട്. പാറ്റ ശല്യം ഉണ്ടാകില്ലന്ന് ഗ്യാരന്റി പറയുന്നു ജോസഫ് ചേട്ടന്. അവധിയാണെങ്കില്‍ തീരാറുമായിരിക്കുന്നു. ഒടുവില്‍ ആ വീട് തന്നെ വാടകയ്ക്ക് എടുത്തു. ശ്രീദേവിയേയും മോളേയും കൊണ്ടുവന്നു. അതിന് രണ്ട് ദിവസം മുന്നേ വീട് മുഴുവനും ഇഞ്ചോടിഞ്ച് അയാള്‍ പരിശോധിച്ചു. പാറ്റ ഒന്നിനേയും കണ്ടില്ല.
ഏറെ തൃപ്തിയായി. കുഞ്ഞ് വീട്. സ്വപ്നം… ജീവിതം…ഹാ….
നഗരത്തിലാണെങ്കിലും ഇങ്ങനെ ഒരു സ്ഥാനം കിട്ടിയല്ലൊ.. അയാള്‍ സന്തോഷിച്ചെങ്കിലും അധികനാള്‍ ആ സന്തോഷത്തിന് പിടിച്ച് നില്ക്കാനായില്ല. നഗരത്തിലെ ജനങ്ങളില്‍ ഒരോരുത്തരിലും അയാള്‍ പാറ്റയുടെ ചില ഭാഗങ്ങള്‍ കാണാന്‍ തുടങ്ങി. ചിലര്‍ക്ക് ഒളിച്ച് വച്ചിരിക്കുന്ന പാറ്റ ചിറകുള്ളതുപോലെ. മറ്റു ചിലര്‍ക്ക് ആ കൊമ്പും, വേറെ ചിലര്‍ പാറ്റയെ പോലെ ചലിക്കുന്നു. ചലിക്കുമ്പോള്‍ അതെ ശബ്ദം.
വല്ലാതെ അലോസരപ്പെടുത്തുന്ന കാഴ്ചകള്‍, ഭാഗ്യത്തിന് അയാളുടെ ഗ്രാമത്തില്‍ അങ്ങനെ ഛായയും, സ്വഭാവവും, രീതികളും, ഉണ്ടായിരുന്നില്ല.
പാറ്റ കണ്ണുകളാല്‍ നോക്കുന്നവരെ അയാള്‍ ഭയപ്പെടുക കൂടിചെയ്തു. ഓരോ ദിവസവും ഓഫീസില്‍ പോയിവരും, ദൂരം അയാള്‍ക്ക് വേവലാതിയായിരുന്നു. വീടൊക്കെ വൃത്തിയായിട്ടാണ് വച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും പഴുതിലൂടെ വീട്ടിലേക്ക് പാറ്റ കയറി വരുമോ.?
പലര്‍ക്കും പാറ്റയുടെ പല ഭാഗങ്ങള്‍ ഉണ്ട്. അതെല്ലാം ഒന്നുചേര്‍ന്ന് വലിയ ഒരു പാറ്റയായി രൂപാന്തരം പ്രാപിക്കുമോ. ഇതൊന്നും ആരോടും പറയാവുന്ന കാര്യമല്ലല്ലോ. എന്തിന്? ഭാര്യയോടുപോലും ഈ വിഹ്വലത വെളിപ്പെടുത്താനാവില്ലെന്ന് അയാള്‍ വിശ്വസിച്ചിരുന്നു.
അതുകൊണ്ട് ആധിയാല്‍ നീറിക്കൊണ്ടിരിക്കുകയായിരുന്നു അയാളുടെ മനസ്സ്. ഓഫീസ് കമ്പ്യൂട്ടര്‍ വത്കരിച്ചതിനാല്‍ ഫയലുകളില്‍ പാറ്റ ഉണ്ടാകില്ലെന്ന ആശ്വാസത്തിലായിരുന്നു അവള്.
പക്ഷേ-
ഒരു ദിനം ചെന്നപ്പോള്‍ ഞെട്ടിപോയി. കംമ്പ്യൂട്ടറിന്റെ വയര്‍ പാറ്റ നക്കി നാശപ്പെടുത്തി ഇട്ടിരിക്കുന്നു.
”പാറ്റ നക്കിയിരിക്കുന്നു.” പരാതി പറഞ്ഞപ്പോള്‍ മേലധികാരി ചിരിച്ചുപോയി.
”പാറ്റയും എലിയും ഒക്കെ ഉണ്ടാകുമെന്നേ. ഇതൊരു സര്‍ക്കാര്‍ ഓഫീസല്ലേ. സാരമാക്കാനില്ല. കംമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നില്ലങ്കില്‍ എഴുതിതന്നേക്കൂ, റിപ്പയറിംങ്ങിന് ആളെ വിളിക്കാം. എന്ന് വരുമെന്നൊന്നും അറിഞ്ഞുകൂടാ.” അധികാരിയുടെ ലാഘവം ഒന്നും ഇഷ്ടപ്പെട്ടില്ല അയാള്‍ക്ക്. എന്നാലും മറുത്തൊന്നും പറയാന്‍ തോന്നിയില്ല. മേലധികാരിയല്ലേ… പിന്നേയും അയാള്‍ നിന്നു പരുങ്ങുന്നതു കണ്ടപ്പോള്‍ മേലധികാരി വീണ്ടും പറഞ്ഞു.
”സെക്രട്ടേറിയേറ്റില്‍ വരെ ഇപ്പോള്‍ പാറ്റകളുടേയും പെരിച്ചാഴികളുടേയും ശല്യമല്ലേ. പത്രത്തിലൊക്കെ വായിക്കാറില്ലേ. ഭരണ യന്ത്രത്തിന്റെ ചെറിയ ഒരു പാര്ട്ടുമാത്രമല്ലേ നമ്മുടെ ഈ ഓഫീസ്. അപ്പോ ഒരു കംമ്പ്യൂട്ടര്‍ വയറില്‍ പാറ്റ കരണ്ടു എന്നു പറഞ്ഞാല്‍ എന്താ വിശേഷം. ലീവ് ഇറ്റ്.ഡെമോക്രസിയുടെ മിഷീനുകളിലല്ലേ പാറ്റയ്ക്ക് സാഥാനമുള്ളു.”
”അങ്ങനല്ല സാര്‍…”
അയാള്‍ ഇടക്കുകയറിപറഞ്ഞപ്പോള് അധികാരി തടഞ്ഞുകൊണ്ട് പറഞ്ഞു.
”യേസ്…യേസ്. നിങ്ങള്‍ ആദ്യമായതു കൊണ്ടാണ്. പാലിച്ച് ശീലമാക്കാം, ശിലിച്ച് പാലിക്കുകയും ചെയ്യാം. ഓ.കെ…”
സംസാരം അവസാനിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയ ആയാള്‍ നിരാശയോടെ പറഞ്ഞു.
”ഓകെ സര്.” ക്യാബിന് വിട്ടിറങ്ങി അടുത്ത ചെയറിലെ സഹപ്രവര്‍ത്തക കാര്യം അറിഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടയാളോടു പറഞ്ഞു.
”ഓ. സാറെന്താ പറയുന്നത്. കംമ്പ്യൂട്ടറിന്റെ ഒരു വയറല്ലെ പാറ്റ കരണ്ടുള്ളു. എന്റെ ഇഷ്ടപ്പെട്ടുവാങ്ങിയ ഷിഫോണ്‍ സാരിയാ പാറ്റ നക്കിയത്. അതിലും വലുതല്ലല്ലോ ഇത്.”
പക്ഷേ-
അതിലുമൊക്കെ എത്രയോ വലുതെന്നാ അയാള്‍ക്കിതിനെ കുറിച്ച് തോന്നിയത്. പക്ഷേ ആരോട് പറയാന്‍.
കംമ്പ്യൂട്ടറിന് ലേശം പ്രശ്നമുണ്ട് . എഴുതികൊടുത്തു. ഇനി എന്നാ നന്നാക്കാന്‍ വരിക എന്ന് അര്‍ക്കറിയാം എഴുതികൊടുത്തത് വാങ്ങിച്ച് വച്ച് പറഞ്ഞു,
”അതുവരെ സാറിന് സുഖമായല്ലോ.”
കംമ്പ്യൂട്ടര്‍ ഷഡ്ഡൗണ് ആയത് പറഞ്ഞപ്പോള്‍ മറ്റൊരു സഹപ്രവര്ത്തകന് പറഞ്ഞു, ”അപ്പോള്‍ നമ്മള് നോക്കണ്ട ഫയലുകയുടെ കാര്യം.?”
”സാറേ നമ്മളില്ലെങ്കിലും ഈ ബ്രഹ്മാണ്ഡം ചലിക്കും. ബ്രഹ്മാണ്ഡം ചലിക്കാതിരുന്നാള് നമ്മള് ഉണ്ടാവില്ല. അത്രയേയുള്ളു.”
എന്തായാലും ഒരു കാര്യം ഉറപ്പായി. ഓഫീസിലും പാറ്റ ശല്യം ഉണ്ട്. അന്ന് രാത്രി കിടക്കയില്‍ വച്ച് അയാള്‍ക്ക് ശ്രീദേവിയോട് പറയാനുണ്ടായിരുന്നത് പാറ്റ കഥയായിരുന്നു. കഥകേട്ട് അലോസരത്തോടെ ശ്രീദേവി പറഞ്ഞു,
”എത്രകാലമായി ഞാന്‍ ഓരോദിവസവും പാറ്റക്കഥകള് മാത്രം കേള്‍ക്കുന്നു. വേറൊന്നും പറയാനില്ലെ. എനിക്ക് ഉറക്കം വന്നിട്ട് വയ്യ. പാറ്റകള്‍ക്കുപോലും പറയാന്‍ വ്യത്യസ്ത കഥകള്‍ ഉണ്ടാകും.” അവള് തിരിഞ്ഞ് കിടന്നു.
അയാള്‍ വല്ലാതെ ഒറ്റപ്പെട്ടെന്നു എന്ന് തോന്നി. എന്തോ… തന്റെ സംസാരം പോലും അവള്‍ക്ക് വെറുപ്പായി തുടങ്ങിയോ ആവോ. ഉറക്കം വന്നട്ടൊന്നും അല്ല അവള് തിരിഞ്ഞു കിടന്നതെന്ന് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. അവളുടെ വിരസതയുടെ ശബ്ദത്തില്‍പോലും പാറ്റയുടെ ചിറകടി ശബ്ദം നിഴലാട്ടം നടത്തിയിരുന്നു.
എന്താപറയ്വാ…
അയാളും തിരിഞ്ഞു കിടന്നു. പിറ്റേന്ന് വീട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛനോടു അയാള്‍ക്ക് പറയാനുണ്ടായിരുന്നതും ഈ പാറ്റ കഥയായിരുന്നു.
”എടാ സര്‍ക്കാര്‍ ആഫീസല്ലെ? അങ്ങനെയൊക്കെ ഉണ്ടാകും. നഗരമല്ലേ പാറ്റകള്‍ കൂടുതലായി കണ്ടു എന്നു വരും.” ലാഘവത്തോടെ അച്ഛനും അതിനെ പൊതുകാര്യമായി എടുത്തപ്പോള്‍ വല്ലാത്തൊരു വിമിഷ്ടം അയാള്‍ക്കുതോന്നി.
എല്ലാവരും പാറ്റകള്‍ക്ക് അനുകൂലം. താന്‍ മാത്രം… ലോകം ഇങ്ങനെയൊക്കെയാണോ. എന്തായാലും പാറ്റതന്നെ ജീവിതത്തിലും ഒറ്റപ്പെടുത്തുകയാണല്ലാ? എന്താചെയ്യാ.
നാല്
വല്ലാത്തൊരുക്ഷീണം-
മനസ്സിനോ ശരീരത്തിനോ?
എന്തായാലും രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷ മെയില്‍ ചെയ്ത ശേഷം അയാള്‍ വീട്ടില്‍തന്നെ വിശ്രമിച്ചു. വിരസത അകറ്റാന്‍ പത്രം വെറുതേ മറിച്ചു നോക്കുമ്പോഴാണ് അയാളുടെ ശ്രദ്ധയില്‍പെട്ടത്. പത്രത്തിലെ ഒരുവാര്‍ത്ത പാ
റ്റ നക്കി നഷ്ടപ്പെടുത്തിയിക്കുന്നു.
ഹൃദയമിടുപ്പ് കൂടുകയും വല്ലാതാവുകയും ചെയ്തു അയാള്‍. ഇവിടെയും പാറ്റ ഉണ്ടെന്നത് ഉറപ്പായിരിക്കുന്നു. എല്ലെങ്കില് പത്രക്കാരന് പാറ്റ നക്കിയ പത്രമാണ് ഇട്ടിരിക്കുന്നത്. വാര്‍ത്തകളില്‍പോലും, വര്‍ത്തമാന പത്രങ്ങളില്‍ പോ
ലും പാറ്റയുടെ കടന്നുകയറ്റം. ആ പത്രം മാറ്റി വച്ചപ്പോള്‍ സ്റ്റാന്‍ഡില്‍ സൂക്ഷിച്ചുവച്ചിരുന്ന പഴയ പത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. അയാളുടെ ഈ തത്രപ്പാടുകണ്ട ശ്രീദേവിചോദിച്ചു.
”ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ പത്രത്തില്‍ എന്താണ് തിരയുന്നത്.”
”ഭക്ഷണം കഴിക്കാന്‍ ഞാന്‍ വന്നോളാം നിങ്ങള്‍ കഴിച്ചോളു. എനിക്ക് ഒരു പ്രധാന വാര്‍ത്ത നോക്കാനുണ്ട്.”
”എതെന്താണപ്പാ അത്ര പ്രധാനമുള്ള വാര്‍ത്ത” ശ്രീദേവിചോദിച്ചു. അതിനു മറുപടി അയാളുടെ ചൂടുള്ള ഒരു നോട്ടമായിരുന്നു.
പിന്നെ ഒരു സംസാരത്തിനും നില്‍ക്കാതെ ശ്രീദേവി അകത്തേക്ക് വലിഞ്ഞു. അയാള്‍ റാക്കിലുള്ള പത്രമെല്ലാം വലിച്ചിട്ടു. ഒരോന്ന് ഒരോന്നായി ശ്രദ്ധിക്കാന്‍ തുടങ്ങി. ചില പത്രങ്ങളില്‍ ചില വാര്‍ത്തകളില്‍ മാത്രം പാറ്റയുടെ നാവ് പതിഞ്ഞിരിക്കുന്നു.! കൊള്ളാം പാറ്റയും വാര്‍ത്തകളില്‍ സെലക്റ്റീവ് ആകുകയാണോ. ഏതായാലും പത്രം ഇവിടെ വന്നശേഷം പാറ്റ ഭുജിച്ചതാകാന് വഴിയില്ല. കെട്ടില്‍ വച്ചും ആകില്ല. അപ്പോള്‍ പത്ര മാഫീസില്‍ വച്ചുതന്നെ. ചില വാര്‍ത്തകളില്‍ മാത്രം കമ്പമുള്ള പാറ്റയെ കുറിച്ച് പത്രമാഫീസില്‍ വിളിച്ച് പറഞ്ഞാലോ.
വേണ്ട…. തെറ്റിദ്ധാരണക്കേ വഴിവക്കു… എന്നാലും മീഡിയകളില്‍ പാറ്റ നിരങ്ങുന്നു.
ഇങ്ങനയൊക്കെ മറ്റാരോടെങ്കിലും പറഞ്ഞാല്‍ അവര്‍ തന്നെ സൈക്കൊ അയി കരുതും. പറയാതെ ഉള്ളം വെന്തു നടക്കാന്‍ വിധിക്കപ്പെടുകയാണോ…
അന്നുമറ്റൊരു സംഭവം കൂടി ഉണ്ടായി. പത്രത്തിന്റെ വരിസംഖ്യ പിരിക്കാന്‍ വന്ന ഏജന്റിന് ഒരു പാറ്റയുടെ ഛായ.!
പണം കൈവശം ഉണ്ടായിട്ടും അയാള്‍ക്ക് കൊടുക്കാന്‍ തോന്നിയില്ല…….. പിറ്റേന്ന് വരാന്‍ പറഞ്ഞപ്പോള്‍ ഒരു ഭാവഭേദവുമില്ലാതെ പാറ്റ തുഴയും പോലെ അയാള്‍ പോയി. അയാളുടെ മുഖം പോലും അസ്വസ്ഥതപ്പെടുത്തുകയാണ്.
പത്രക്കാരന് വന്നുപോയപ്പം… അയാള്‍ തിരിച്ച് പോകുന്നത് കണ്ട ശ്രീദേവി ചോദിച്ചു…
”പാവം, ഈ പത്രം വിറ്റാണ് അയാള്‍ ജീവിക്കുന്നത്. രണ്ട് പെണ്കുട്ടികളാ… വാടകവീടാ… ഭാര്യക്കാണെങ്കില്‍ സുഖവുമില്ല.”
അയാളെ കുറിച്ച് അവള് പറയുന്നത് അത്ഭുതത്തോടെ അവള്കേട്ടിരുന്നു. ആങ്ങനെ ആരുടേയും കുടുംബകാര്യം അറിയാന്‍ ശ്രമിക്കാത്തവള്‍ എങ്ങനെ അയാളുടെ കുടുംബ ചരിത്രം പറയുന്നു.
”നിനക്കിതൊക്കെ എങ്ങനെ അറിയാം.”
”ശ്ശൊ- ആച്ചേട്ടന്‍ എല്ലാത്തവണയും കാശ് വാങ്ങാന്‍ വരുമ്പോള്‍ ഞാനല്ലേ ഉണ്ടാകാറുള്ളത്. അപ്പോള്‍ പറയാറുള്ളതാ. പത്രക്കാരന് മാറി അവള്‍ക്ക് അയാള്‍ ചേട്ടനായി കഴിഞ്ഞിരിക്കുന്നു.
”എന്തായാലും നാളെ പൈസ കൊടുത്തിട്ട് ഇനി പത്രം വേണ്ടന്നു പറയണം.”
”ങും.. അതെന്നാ”
”ഈ മൊബൈലില്‍ കിട്ടുന്നില്ലേ വാര്‍ത്ത, ടിവിയില്‍ കാണുന്നില്ലേ പിന്നെന്തിനാ ഒരു അധികച്ചെലും അനാവശ്യവും.”
”അങ്ങനല്ല, പത്രം വായിക്കുന്നതിന്റ ഒരു തൃപ്തി അതിനേകിട്ടു . പത്രം നിര്‍ത്തണ്ടാ…”
”എന്നാല്‍ അയാളെ മാറ്റിനിര്‍ത്തി മറ്റൊരാളോട് പത്രമിടാന്‍ പറഞ്ഞലോ…”
”എന്താ ആ ചേട്ടന്റെ പ്രശ്നം. നല്ല മര്യാദക്കാരനല്ലേ. ഒരു പ്രരാബ്ധക്കാരന്‍, ആ ചേട്ടന് തന്നെമതി.”
”കാണുമ്പോള്‍ ഒരുപാറ്റയുടെ ഭാവം.” അയാള്‍ക്ക് അതു പറയാതിരിക്കാന്‍ കഴിഞ്ഞില്ല. അതുകേട്ട് അവളുടെ മുഖം മന്ത്രിച്ചു.
ഒരു ഭ്രാന്തനെ നോക്കും പോലെ അവള് നോക്കി.
എന്നിട്ട് പറഞ്ഞു.
”എന്തിന്റെ വട്ടാ, ആ ചേട്ടന് തന്നെ പത്രം ഇടട്ടെ.” അവള്‍ക്കെന്തോ ഒരു വാശിയുള്ളതുപോലെ അയാള്‍ക്ക് തോന്നി. എന്തായാലും അവളുടെ വാശി ജയിക്കട്ടെ. തര്‍ക്കിക്കണ്ട. സാവധാനം ആണെങ്കിലും കാര്യങ്ങള്‍ അറിയാമല്ലോ.
അതാ നല്ലത്.
പിറ്റേന്ന് പണം വാങ്ങാന്‍ വന്നപ്പോള്‍ കൃത്യമായി പണം കൊടുത്തുകൊണ്ട് അയാളോട് ഇടപെടാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ അതില്‍ അത്ര താല്പര്യം കാണിക്കാതെ പണം വാങ്ങി തിരക്കിട്ട് പാറ്റ പറക്കും പോലെ അയാള്‍ പോ
യി.
എന്തേ…ശ്രിദേവിയോട് മാത്രമേ വിശേഷം പങ്കുവക്കൂ എന്നുണ്ടോ, ആവോ?
പിറ്റേന്ന് ഓഫീസില്‍ പോകുമ്പോഴും അയാളുടെ മനസ്സ് കലുഷിതമായി. പിന്നെ, സമാധാനിക്കാനായി അയാള്‍ അയാളെത്തന്നെ ശാസിച്ചുകൊണ്ടിരുന്നു. മനസ്സ് എത്രമോശം. വെറുതെ ശ്രിദേവിയെ സംശയിക്കുക എന്നുവച്ചാല്‍…ഛെ…!
എങ്കിലും തിരയും തീരവും പോലെ ഇടയ്ക്കിടെ ചിന്തയുടെ ഓളങ്ങള്‍ വന്ന് തീരത്തിലെഴുതിയ ആശ്വാസാക്ഷരം മായ്ച്ചിട്ടുപോകുമ്പോള് ഒരു ദീര്‍ഘ നിശ്വാസം. തേങ്ങലിന്റെ ഒരു മറുമൊഴിപോലെ…
അന്നുരാത്രിയായിരുന്നു ആഘാതം. ദീര്‍ഘകാല ഇടവേളകഴിഞ്ഞ് സുരത ക്രീയക്കുശേഷം ആലസ്യത്തിലേക്കമരുമ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്. ശ്രീദേവിയുടെ ഇടത്തെത്തുടയില് പാറ്റ നക്കിയ പാട്. ചാടി എഴുന്നേറ്റ് അയാള്‍ അവളോട് ചോദിച്ചു.
”ഇതെങ്ങനെ പറ്റി.”ഇവിടെ എങ്ങനെ പാറ്റ ചുംബിച്ചു.?
”എവിടെ? എവിടെ?”
അവള് ഞെട്ടിത്തരിച്ചു.
”ഇതാ”
അയാള്‍ ചൂണ്ടികാണിച്ചു
”ങേ…. അതോ.”
അവള് പൊട്ടിചിരിച്ചുപോയി.
”എന്താ ചിരിക്കുന്നത്. ഇത് ഇതുവരേയും കണ്ടില്ലേ..
പണ്ട് കുട്ടിക്കാലക്ക് ചൊറിവന്ന പാടാണ് ഇത്”
”ങേ….ചൊറിവന്ന പാടോ”
”നോക്ക്. ശ്രദ്ധിച്ച് നോക്ക്.”
അവള് ബെഡ്റൂം ലാമ്പ്കെടുത്തി ട്യൂബ്ലൈറ്റ് പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു.
”വേണ്ട…വേണ്ടാ…”
അയാളുടെ ശബ്ദം ദുര്‍ബലമായിരുന്നു.
ഏതാണ്ട് പാറ്റയുടെ ചിറകടി ശബ്ദം തന്നെ
അന്ന് വൈകുന്നേരം ഓഫീസ് വിട്ടു വന്നപ്പോള്‍ അയാള്‍ കണ്ടത് ശ്രീദേവിയുടെ ചുണ്ടിന് കോണില്‍ പാറ്റ നക്കിയിരിക്കുന്ന പാടാണ്.
ഇതെങ്ങനെ? അയാളുടെ ചോദ്യത്തില്‍ ആസുരഭാവം മുഴങ്ങി! ഞാനൊന്ന് ഉച്ചയ്ക്ക് മോളുമായി കിടന്നു മയങ്ങിപ്പോയി. അപ്പോ പറ്റിയതാകും.
അവള് വാഷ്ബേസിനില്‍ പോയി മുഖം കഴുകി. ഇടം കൈയിലെ വിരല്‍ കൊണ്ട് വലതുഭാഗത്തെ കീഴ്ചുണ്ടിലെ പാറ്റ ദംശിച്ച പാട് ഒപ്പി കൊണ്ടിരുന്നു. ‘ഇന്ന് പത്രക്കാരന് ഇതുവഴി വന്നിരുന്നൊ? ‘അയാള്‍ ചോദിച്ചു. ‘ഇല്ലല്ലോ. അപ്പുറത്ത് റോഡിലൂടെ പോകുന്നത് കണ്ടായിരുന്നു.’ ‘നിന്നോട് എന്തു പറഞ്ഞു ?’
എന്നോട് എന്തു പറയാന്‍ ?അതു കൊള്ളാം! അപ്പുറത്തെ വഴിയിലൂടെ പോകുന്ന ആള് എന്നോട് എന്തു പറയാനാ? ഒന്ന് ചിരിച്ചു. തലയാട്ടി. അത്ര തന്നെ.
ങ്ങും.
നിങ്ങള്‍ക്ക് എന്തുപറ്റി? ചിന്താധീനനായ അയാളുടെ മുഖത്തേക്ക് അവള് നോക്കി
അതു ശ്രദ്ധിക്കാതെ അയാള്‍ പറഞ്ഞു.
അല്ല അയാള്‍ക്കൊരു പാറ്റയുടെ മുഖമല്ലേ ?ആ കണ്ണും നോട്ടവും നടപ്പും എല്ലാം.
ശ്രീദേവിക്ക് ദേഷ്യംവന്നുതുടങ്ങിയിരുന്നു. മറുപടി ഒന്നും പറയാതെ അവള് അയാള്‍ക്ക് ചായ എടുക്കാനായി തിരിഞ്ഞു. അപ്പോഴാണ് അയാള്‍ക്ക് ഒരു സംശയംവന്നത്. ആളുകളും ഇടങ്ങളുമെല്ലാം പാറ്റകളായി മാറുകാണൊ. ഈ താനും
രൂപന്തരം പ്രാപിച്ച പാറ്റയാണോ.
ശ്രീദേവി കൊണ്ടു വന്ന ചായ കുടിച്ചിട്ട് അയാള്‍ അവളോടുചോദിച്ചു.
”ദേ.. ഇങ്ങനെയല്ലേ പാറ്റയുടെ കണ്ണിരിക്കുന്നത്.”
അയാള്‍ കണ്ണ് ഒരു പ്രത്യേകരീതിയില്‍ വച്ചു
”ആവോ എനിക്ക് അറിയില്ല, ഞാന്‍ പാറ്റയല്ല. പാറ്റയെ നോ
ക്കി നടക്കുന്നുമില്ല.”
ആടി ഉലയുന്ന മനസ്സുമായി അയാള്‍ കിടപ്പുമുറിയില്‍ കയറി. വാതില്‍ അകത്തുനിന്നും പൂട്ടി. പിന്നെ ഡ്രസ്സുകള്‍ എല്ലാം അഴിച്ച് നിലക്കണ്ണാടിക്കുമുന്നില്‍ കൈയും കാലും കുത്തി നാലുകാലില്‍ എന്നപോലെ നിന്നു. ഇല്ല തനിക്ക് കൊമ്പില്ല. കണ്ണാടിയിലേക്ക് അയാള്‍ നോക്കി. ശരിയാണ് തനിക്ക് കൊമ്പില്ല.
കൊമ്പില്ലാത്ത പാറ്റയായിക്കൂടെ.
ഇല്ല തനിക്ക് ചിറകില്ല.
അല്ല ചിറകില്ലാത്ത പാറ്റയായിക്കൂടേ.
ഈ ജനാധിപത്യരാജ്യത്ത് രൂപഭേദം വന്ന പാറ്റയാണോ താന്‍. അല്ലേ… അല്ലേ… അല്ല
പാറ്റയല്ല!
രൂപാന്തരം പ്രാപിച്ച പാറ്റയല്ല.
അയാള്‍ വിശ്വസിക്കാനും സ്വയം വിശ്വസിപ്പിക്കാനും ശ്രമിച്ചു.
കൈകൊണ്ടു പാറ്റയുടെ ചിറകുവീശും പോലെ വീശി. പറക്കാന്‍ ശ്രമിച്ചു. വെള്ളത്തില്‍ തുഴയും പോലെ ഭാവിച്ചു. അല്ലന്നേ…താന്‍ പാറ്റയല്ല…
താന്‍ മാത്രം പാറ്റയല്ലന്നേ. വിശ്വസിക്കട്ടേ…വിശ്വസിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: