കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ നൂറോളം പേർക്ക് ദാരുണാന്ത്യം. ജാജർ കൊട്ടിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കാം. 140 പേർക്കാണ് പരിക്കേറ്റത്.
പ്രദേശത്ത് നിരവധി കെട്ടിടങ്ങളും വീടുകളുമാണ് തകർന്നിരിക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
10 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം അറിയിച്ചത്. നേപ്പാളിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലും പലയിടങ്ങളിലും രാത്രിയോടെ ശക്തമായ ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം മൂന്നാം തിയതി നേപ്പാളിൽ മൂന്ന് തുടർചലനങ്ങൾ ഉണ്ടായിരുന്നു. 4.6, 6.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനങ്ങൾക്ക് പിന്നാലെ ഡൽഹിയിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
ദുരിതാശ്വാസ പ്രവർത്തനത്തിനായി ഭാരതത്തിന്റെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന സ്ഥിരീകരണവും വന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ യുപി, ഡൽഹി, ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: