കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് നടത്തിയ പാലസ്തീന് റാലി. ജമാഅത്തെ ഇസ്ലാമി മലപ്പുറത്ത് സംഘടിപ്പിച്ച പാലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഹമാസ് എന്ന ഭീകരസംഘടനയുടെ നേതാവ് ഖാലിദ് മഷാല്‍ നടത്തിയ പ്രസംഗം. കോഴിക്കോട് ഒരു മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ തൊട്ടതിന് നടന് സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തത്. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തില്‍ നടന്ന ഭീകരാക്രമണം.
കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലായി നടന്ന നാല് സംഭവങ്ങളിലും പൊതുവായി എന്തെങ്കിലുമുണ്ടോ? സ്ഥിതിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു ബന്ധം കാണാനാവും. ഇതിനു പിന്നിലെ അവിശുദ്ധ സഖ്യവും രാഷ്ട്രീയവും വ്യക്തമായി മനസ്സിലാക്കാനുമാവും.
പാലസ്തീന് ഭീകരസംഘടനയുടെ നേതാവിന് കേരളത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്കിയതും, അയാള്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാത്തതും, അതേസമയം ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതും വന്‍ വിവാദമായത് സ്വാഭാവികം. നിയമം അതിന്റെ വഴിക്കു പോകട്ടെ. നിയമത്തെ ആരെങ്കിലും ദുരുപയോഗം ചെയ്യുകയാണെങ്കില്‍ അക്കാര്യം കോടതി തീരുമാനിക്കട്ടെ. ഇവിടെ ഉന്നയിക്കുന്നത് മറ്റൊരു പ്രശ്നമാണ്.
കോഴിക്കോട് മുസ്ലിംലീഗിന്റെ പരിപാടിയില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ ഹമാസ് ഭീകര സംഘടനയാണെന്നും, അവര്‍ ഗാസയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞത് പരിപാടി സംഘടിപ്പിച്ചവരുടെ മതപക്ഷപാതം പുറത്തുകൊണ്ടുവന്നു. എം.കെ. മുനീര്‍ ഇതിനെതിരെ രംഗത്തുവന്നു. തരൂര്‍ ഇസ്രായേലിന്റെ ഏജന്റാണെന്നു വരെ ചില കേന്ദ്രങ്ങള്‍ വിമര്‍ശനമുയര്‍ത്തി. താന്‍ പാലസ്തീനൊപ്പമാണെന്നും, പ്രസംഗത്തിലെ ഒരു വാചകം എടുത്ത് അനാവശ്യം പറഞ്ഞാല്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ വിശദീകരിച്ചെങ്കിലും ലീഗിനും കൂട്ടാളികള്‍ക്കും അത് സ്വീകാര്യമായില്ല. ഒരു വാക്കുകൊണ്ടായാല്‍ പോലും ഹമാസ് ഭീകരതയെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണ് അവരുടെ നിലപാട്.
കോണ്‍ഗ്രസ്സ് നേതാക്കളാരും ശശി തരൂരിനെ പിന്തുണയ്ക്കാനുണ്ടായില്ല. വിമര്‍ശനം ലീഗിന്റെതാവുമ്പോള് നിശ്ശബ്ദരാവാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ് അവര്‍. ഹമാസ് യുഡിഎഫിന്റെ ഘടകക്ഷിയാണെന്ന് ലീഗ് പറഞ്ഞാല്‍ അതും കോണ്‍ഗ്രസ്സിന് അംഗീകരിക്കേണ്ടിവരും. മുസ്ലിംലീഗിനെ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവുമൊക്കെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ളത് കോണ്‍ഗ്രസ്സ് നേതാക്കളെ സംബന്ധിച്ചിടത്തോളം രേഖകളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ.
രാഷ്ട്രീയമായി വിരുദ്ധ ചേരിയിലായിരുന്നിട്ടും സുരേഷ് ഗോപി മാത്രമാണ് തരൂരിനെ പിന്തുണച്ചത്. പഠിക്കാതെ പറയുന്നയാളല്ല തരൂരെന്നും, ഹമാസ് ഭീകരവാദികള്‍ തന്നെയാണെന്നും, ഭീകരവാദത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവു മാത്രമല്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതിയംഗവും പാര്‍ലമെന്റംഗവുമാണ് തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തന പരിചയമുള്ളയാള്‍ അന്താരാഷ്ട്ര കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് പൊതുസമൂഹം കരുതും. ആഗോള ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഒരു കാരണവശാലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല എന്നതാണ് ഇസ്ലാമിക മതമൗലികവാദികളുടെ പൊതുനിലപാട്. അതിനാല്‍ ശശി തരൂരും സുരേഷ് ഗോപിയും ഭീകരമായ ഒരു തെറ്റ് ചെയ്തിരിക്കുന്നു.
ക്ഷമാപണ സ്വരത്തിലുള്ള തരൂരിന്റെ തിരുത്ത് ഉടന്‍ വന്നു. പക്ഷേ സുരേഷ് ഗോപിയില്‍നിന്ന് അങ്ങനെയൊന്ന് ഉണ്ടായില്ല. അത് അസംഭവ്യവുമാണ്. തരൂരിന്റെ തിരുത്തല്ല, സുരേഷ് ഗോപിയുടെ കരുത്താണ് ജനങ്ങള്‍ക്ക് ബോധ്യമായത്. ഇത് കുറച്ചൊന്നുമല്ല സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും ജമാഅത്തെ ഇസ്ലാമിയെയും മുന്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അമര്‍ഷംകൊള്ളിച്ചത്.
ഈ അമര്‍ഷമാണ് മലപ്പുറത്ത് ഹമാസ് ഭീകരന്റെ പ്രസംഗവേദിയൊരുക്കിയ ജമാഅത്തെ ഇസ്ലാമിയുടെ വാര്‍ത്താചാനലായ മീഡിയ വണ്‍ ലേഖികയുടെ പരാതിയുടെ രൂപത്തില്‍ പ്രകടമായത്. നിരവധി മാധ്യമപ്രവര്ത്തകര്ക്കിടയില്വച്ച് വനിതാ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ രണ്ട് തവണ സുരേഷ് ഗോപി കൈവച്ചു എന്നത് വാസ്തവമാണ്. ഒരുതരത്തിലുള്ള ദുരുദ്ദേശ്യവും ഇതിനില്ലായിരുന്നുവെന്ന് അതുകാണുന്ന ആര്‍ക്കും ബോധ്യമാവും. ഇരുവരുടെയും ശരീരഭാഷയില്‍ അത് വ്യക്തവുമായിരുന്നു. സഹജമായ രീതിയില്‍ മാധ്യമസൗഹൃദം പ്രകടിപ്പിക്കുക മാത്രമാണ് താരം ചെയ്തത്. എന്നാല്‍ അജണ്ട സെറ്റു ചെയ്തവര്‍ ഈ സംഭവത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയും വിവാദമാക്കുകയും ചെയ്യുകയായിരുന്നു.
സുരേഷ് ഗോപിയുടെ ജനപ്രീതിയില്‍ രാഷ്ട്രീയ എതിരാളികള്‍ അസ്വസ്ഥരാവാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. സ്ത്രീകള്‍ക്കിടയില്‍ ഈ നടനുള്ള സ്വീകാര്യത ഇതിനൊരു കാരണമാണ്. വെറും താരപ്രഭാവം കൊണ്ടല്ല ഇത്. കഴിയുന്ന വിധത്തിലൊക്കെ ഈ മനുഷ്യസ്നേഹി അവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്നു. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം നിര്‍ലോപമായി നല്കുന്നു. ഇതിലൂടെ എത്രയധികം പേര്‍ക്കാണ് ജീവിതം തിരിച്ചുകിട്ടിയിട്ടുള്ളത്. അവര്‍ രക്ഷകനെപ്പോലെയാണ് ഈ മനുഷ്യനെ കാണുന്നത്. ”കേരളത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സ്നേഹത്തോടെ ഇങ്ങനെ ചാരാന്‍ കഴിയുന്ന മറ്റൊരു നെഞ്ചില്ല” എന്ന് ഒരു കവിസുഹൃത്ത് പറഞ്ഞതാണ് ശരി.
സുരേഷ് ഗോപിക്കെതിരായ പരാതി മാധ്യമലോകത്തിന്റെ മുഴുവന്‍ പ്രശ്നമാക്കി മാറ്റുന്നതില്‍ പത്രങ്ങളും ചാനലുകളും പരസ്പരം മത്സരിക്കുന്നതാണ് കണ്ടത്. അജണ്ട സെറ്റ് ചെയ്തത് ജമാഅത്തെ ഇസ്ലാമിയും മീഡിയ വണ്‍ ചാനലുമാണെങ്കിലും മറ്റുള്ളവര്‍ അത് ഏറ്റെടുത്തു. സുരേഷ് ഗോപിക്കെതിരെ പ്രതിഷേധിച്ചവരും, ആക്രോശിച്ച പലരും ലൈംഗിക പീഡന കേസുകളില്‍ പ്രതികളോ ആരോപണവിധേയരോ ആണ്. ഇവരുടെ തനിനിറം ജനങ്ങള്‍ കണ്ടിട്ടുള്ളതാണെങ്കിലും സമൂഹമാധ്യമങ്ങള്‍ അത് ഒന്നുകൂടി ഓര്‍മപ്പെടുത്തി.
സുരേഷ് ഗോപിക്കെതിരെ അപവാദ പ്രചാരണം നടത്തിയ അതേ തീവ്രതയോടെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ മാധ്യമജിഹാദികള് നേരിട്ടത്. കളമശ്ശേരിയില്‍ നടന്നത് ഒരു ഭീകരാക്രമണമാണ്. ആയിരങ്ങള്‍ ഒത്തുചേര്‍ന്ന ഒരിടത്ത് മൂന്നുപേരെ മാത്രം കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യമായിരുന്നില്ല ബോംബു സ്ഫോടനങ്ങള്‍ നടത്തിയയാള്‍ക്ക് ഉണ്ടായിരുന്നത്. ഇയാള്‍ ഹമാസിനെപ്പോലുള്ള ഇസ്ലാമിക ഭീകരവാദശക്തികളാല് സ്വാധീനിക്കപ്പെട്ടിട്ടില്ലെന്ന് അന്വേഷണം പൂര്‍ത്തിയാകാതെ എങ്ങനെ പറയാനാവും? പ്രത്യേകിച്ച് വര്‍ഷങ്ങളോളം ഗള്‍ഫില്‍ താമസിച്ച ഒരു പശ്ചാത്തലം ഇയാള്ക്കുള്ളപ്പോള്.
സ്വന്തം സംസ്ഥാനത്ത് ഭീകരമായൊരു സംഭവം നടന്നിട്ടും അതിനെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഇങ്ങനെ ചെയ്യാതിരുന്നതിനു പിന്നില്‍ ഒരു രാഷ്ട്രീയമില്ലേ? ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ മലയാളി നേഴ്സ് കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ആദ്യം അനുശോചിക്കുകയും, പിന്നീട് അതില്‍ തിരുത്തുവരുത്തിയതും ആരും മറന്നിട്ടില്ല. ഇതും ഒരര്‍ത്ഥത്തില്‍ ഹമാസിന്റെ സ്വാധീനമല്ലേ?
മതത്തിനുവേണ്ടി ലോകം കീഴടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ജൂതന്മാര്‍ക്കെതിരായ യുദ്ധം ഒരു തുടക്കം മാത്രമാണെന്നും ഹമാസിന്റെ നേതാവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലപ്പുറത്ത് ഹമാസ് ഭീകരനേതാവിന് വിഷംചീറ്റാന്‍ അവസരമൊരുക്കിയത്. അന്യമത വിദ്വേഷം വലിയ അക്ഷരങ്ങളില്‍ വേദിയില്‍ എഴുതിവച്ചിട്ടുമുണ്ടായിരുന്നു. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടി ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോഴാണ് കളമശ്ശേരിയില്‍ ബോംബു സ്ഫോടനം നടന്നത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍ ചെയ്തത്.
സുരേഷ് ഗോപിയെയും രാജീവ് ചന്ദ്രശേഖറിനെയും മാധ്യമ ജിഹാദികള്‍ നേരിട്ട രീതി അമ്പരപ്പിക്കുന്നതാണ്. വാര്‍ത്താ സമ്മേളനങ്ങളില്‍ തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അനുവദിക്കാതെ ഇരുവരെയും കടിച്ചുകീറുകയായിരുന്നു. ഇതേ പോരാളികളാണ് പ്രഖ്യാപിത മാധ്യമ വിരുദ്ധനായ പിണറായി വിജയന്റെ വാര്‍ത്താസമ്മേളനങ്ങളില്‍ ഒരു മുറിച്ചോദ്യം പോലും ഉന്നയിക്കാതെ തലകുനിച്ചിരുന്ന് കേട്ടെഴുത്ത് നടത്തുന്നത്. മാധ്യമ ജിഹാദികളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ അപകടകരമായ ഒരു സഖ്യം രൂപപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ അവശേഷിക്കുന്ന നന്മകളും ഇതുവഴി തുടച്ചുനീക്കപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: