Categories: Kerala

അമൃതവര്‍ഷിണിയുടെ അരനൂറ്റാണ്ട്! സംഗീത സംവിധായകന്‍ ടി.എസ് രാധാകൃഷ്ണനെ കൊച്ചി നാളെ ആദരിക്കുന്നു

Published by

കൊച്ചി: ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി രചിച്ച ‘ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ…’ എന്ന ഭക്തിഗാനത്തിന് ഈണമിട്ട് ലക്ഷങ്ങളുടെ മനംകവര്‍ന്ന ടി.എസ് രാധാകൃഷ്ണന്റെ സംഗീത യാത്രയുടെ അര നൂറ്റാണ്ട് പൂര്‍ത്തിയായി. എറണാകുളം ശിവക്ഷേത്രത്തിലെ അമ്പലത്തിന്റെ ഊട്ടുപുരയിലെ ഭജനസംഘത്തില്‍ ശങ്കരനാരായണനൊപ്പം പാടിയാണ് രാധാകൃഷ്ണന്റെ സംഗീതയാത്രയുടെ തുടക്കം.

1971ല്‍ യേശുദാസിന്റെ സംഗീത യാത്രയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബസിലിക്ക പളളിയങ്കണത്തില്‍ നടത്തിയ മത്സരത്തില്‍ കര്‍ണാടക സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടി. യേശുദാസ് തന്നെയായിരുന്നു അതിന്റെ വിധി കര്‍ത്താവ്. പി
ന്നീട് കലാഭവന്‍ ഗാനമേള സംഘടിപ്പിച്ചു. അതില്‍ കുമാരസംഭവം സിനിമയിലെ ‘പൊ
ല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട…’ എന്ന ഗാനം പൊതുവേദിയില്‍ പാടി. ആ കണക്കു നോക്കുമ്പോള്‍ വര്‍ഷം അമ്പത് കഴിഞ്ഞു.

1979ല്‍ എറണാകുളത്തപ്പന്റെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്‌ക്ക് ‘ചന്ദ്രക്കലപൂചൂടി സ്വര്‍ണമണിനാഗമാല ചാര്‍ത്തി’ എന്ന പാട്ട് ചിട്ടപ്പെടുത്തി. മഹാരാജാസ് കോളജിലെ സുഹൃത്ത് ആര്‍.കെ. ദാമോദരന്റെ വരികള്‍ക്ക് ഈണം നല്കിയായിരുന്നു ഭക്തിഗാന രംഗത്തേക്കുളള തുടക്കം. കോളജിലെ ബാന്‍ഡ് ടീമിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ച് ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ആല്‍ബമാക്കി. ആ ആല്‍ബം യേശുദാസ് പാടണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധ്യമായില്ല. പിന്നീട് അത് ജയചന്ദ്രനില്‍ എത്തി. ‘ശ്രീവാഴും പഴവങ്ങാടി ഗണപതി ഭഗവാനേ…’ എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

സൂര്യകാന്തം (ഒരു നുള്ളു കുങ്കുമം), ജപനിയ (തുളസിമണിയണിഞ്ഞും) സൂര്യ, സുമനസരിനി, ഹരിതപ്രിയ എന്നിങ്ങനെ അതുവരെ അധികമാരും തൊടാതിരുന്ന പല രാഗങ്ങളെയും അദ്ദേഹം സുന്ദരമായ ഈണങ്ങളിലൂടെ ഭക്തരുടെ ഹൃദയത്തിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ സംഗീതത്തില്‍ പിറന്ന ഭക്തിഗാനങ്ങള്‍ പലതും (ഒരു നേരമെങ്കിലും, നൃത്തമാടു കൃഷ്ണാ, വടക്കും നാഥാ….) വിശ്വാസികള്‍ക്കെന്നല്ല എല്ലാ ഗാനാസ്വാദകരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്നു.

യേശുദാസ് നിര്‍ദേശിച്ച രാഗപ്രവാഹം എന്ന പുസ്തകത്തിലെ അപൂര്‍വരാഗങ്ങളുപയോഗിച്ച് ചെയ്ത ഗാനങ്ങളാണ് ഹരിവരാസനം കേട്ടുമയങ്ങും, ശരംകുത്തിയാലിന്റെ മുറിവേറ്റ മനസ്സുമായി തുടങ്ങിയവ.

പി. ലീല മുതല്‍ മധു ബാലകൃഷ്ണന്‍ വരെയുളള പല തലമുറയിലെ ഗായകര്‍ അദ്ദേഹത്തിന്റെ ഈണത്തില്‍ പാടി. എസ്. രമേശന്‍ നായരുടെ സുന്ദരമായ ഒട്ടേറെ രചനകള്‍ക്കു ഭാവസാന്ദ്രമായ സംഗീതം നല്കി.

യേശുദാസിന് വേണ്ടി എറ്റവും കൂടുതല്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ഒരുക്കിയതും രാധാകൃഷ്ണനാണ്. തുളസീതീര്‍ഥം, ഗംഗാതീര്‍ഥം, പവിഴമല്ലി, സൗപര്‍ണികാതീര്‍ഥം എന്നീ പ്രസിദ്ധ ആല്‍ബങ്ങളിലെ പമ്പാ ഗണപതി, തിരുവാറന്മുള കൃഷ്ണാ, വടക്കും നാഥാ, അമ്പലപ്പുഴയിലെന്‍, നൃത്തമാടൂ കൃഷ്ണാ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഇദ്ദേഹം ഒരുക്കി. അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന രാധാകൃഷ്ണന്റെ സംഗീതയാത്രയെ ആഘോഷമാക്കാനൊരുങ്ങുകയാണ് കൊച്ചി.

രാധാകൃഷ്ണന്റെ ജന്മദിനമായ നാളെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ‘ഒരു നേരമെങ്കിലും…’ എന്ന പരിപാടിയില്‍ പ്രശസ്ത പിന്നണിഗായകരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ 31 ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതസന്ധ്യ അരങ്ങേറും. ജെറി അമല്‍ദേവ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റെക്‌സ് ഐസക്‌സ്, ബേണി- ഇഗ്നേഷ്യസ് തുടങ്ങിയ സംഗീതപ്രതിഭകള്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by