കാഠ്മണ്ഡു: ഏഷ്യന്‍ രാജ്യങ്ങളായ നേപ്പാളും ഒമാനും 2024 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. ഏഷ്യ ക്വാളിഫയേഴ്സ് ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇവരുവരും യോഗ്യത നേടിയത്.
ഏഷ്യ ക്വാളിഫയേഴ്സ് ഫൈനലിലെത്തിയാല്‍ യോഗ്യത ഉറപ്പിക്കാം എന്നതായിരുന്നു മാനദണ്ഡം. സ്വന്തം നാട്ടില്‍ നടന്ന സെമിയില്‍ നേപ്പാള്‍ യുഎഇയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. മറ്റൊരു സെമി മത്സരത്തില്‍ ഒമാന്‍ ബഹ്റൈനെ പത്ത് വിക്കറ്റിന് തകര്‍ത്തു. ചരിത്രത്തില്‍ ആദ്യമായാണ് നേപ്പാള്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് ലോകകപ്പ് നടക്കുക. 2007ല്‍ ആരംഭിച്ച ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണ് വരാനിരിക്കുന്നത്.
20 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുക. ഇതില്‍ 18 ടീമുകള്‍ യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. രണ്ട് ടീമുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നാണ്. ഇവര്‍ക്കായുള്ള യോഗ്യതാ മത്സരം ഈ മാസം 22 മുതല്‍ 30 വരെ തീയതികളില്‍ നമീബിയയില്‍ നടക്കും.
2024 ട്വന്റി20 യോഗ്യത നേടിയ ടീമുകള്‍
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, സ്കോട്ട്ലന്‍ഡ്, വെസ്റ്റിന്‍ഡീസ്(ആതിഥേയര്‍), അമേരിക്ക(ആതിഥേയര്‍), പപ്പുവ ന്യൂ ഗുണിയ, കാനഡ, നേപ്പാള്‍, ഒമാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: