ബെംഗളൂരു: സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശാസ്ത്രം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി. അതി ബൃഹത്തായ വേദത്തിന്റെ താല്പര്യനിര്ണ്ണയം ചെയ്യപ്പെട്ടിട്ടുള്ളത് വേദാന്തമെന്നറിയപ്പെടുന്ന ഉപനിഷത്തുക്കളിലാണ്. അതിനാല്‍ തന്നെ ധര്‍മ്മത്തിന്റെ താത്വികമായ അടിത്തറ ഉപനിഷത്താണെന്ന് അദ്ദേഹം പറഞ്ഞു. തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തില്‍ സംഘടിപ്പിച്ച ഭഗവത്ഗീത ശ്രീ ശങ്കര ഭാഷ്യ പാരായണത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപനിഷത്തുകളുടെ സാരസര്‍വ്വസ്വമാണ് ഭഗവദ്ഗീത. ഉപനിഷത്ത് വാക്യവിചാരമാണ് ബ്രഹ്മസൂത്രങ്ങള്‍. പ്രസ്ഥാനത്രയമെന്നപേരിലറിയപ്പെടുന്ന ഇവ മൂന്നും ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്മസൂത്രം ആണ് വൈദിക ചിന്തയുടെ നിഗമനസ്ഥാനീയങ്ങളായ പരമോപദേശങ്ങള്‍.
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശാസ്ത്രത്തില്‍ ഗീതയ്ക്കുള്ള സ്ഥാനവും പ്രാധാന്യവും നമ്മുടെ നിത്യ ജീവിതത്തില്‍ ഗീതയ്ക്കുള്ള പ്രസക്തി തുടങ്ങിയ അനേകവിഷയങ്ങളെ പ്രാരംഭമായി തന്നെ ശ്രദ്ധിച്ച ശേഷമേ നാം ഗീതാ പഠനത്തിലേയ്ക് പ്രവേശിക്കാവൂ. വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ചിന്തിച്ചാല്‍ വൈവിദ്ധ്യമാര്‍ന്ന ഗീതാ ശാസ്ത്രത്തിന്റെ അപാരമായ മഹിമ ബോദ്ധ്യമാകും. അത് ജ്ഞാനശാസ്ത്രമാണ്. കര്മ്മപ്രേരകമാണ്, ധര്മ്മബോധകമാണ്,മുഖ്യഗൗണധര്മ്മവിവേചകമാണ്, യോഗസമന്വയമാണ്, വേദാന്ത സാരമാണ്, വേദസാരമാണ്. പ്രത്യക്ഷ ഗുരുവാണ് ഗീതാ ശാസ്ത്രം .ശങ്കര ഭാഷ്യത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം. ഇതരദര്ശ്ശനങ്ങളിലെ പോരായ്മകളെ എടുത്തുകാണിച്ച ശേഷം അദൈ്വത വേദാന്ത സിദ്ധാന്ത സമര്‍ത്ഥനം ചെയ്യുന്ന ഭാഷ്യങ്ങള്‍ സത്യം ഏകവും അദ്വിതീയമാണന്ന് ശ്രുതിയുക്ത്യനുഭവങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു.
വേദത്തിന്റെ താല്പര്യ നിര്‍ണ്ണയമായ വേദാന്തത്തിന്റെ ഉപദേശം സ്പഷ്ടമാക്കി ഉപദേശിക്കുന്നതിലൂടെ സനാതനധര്‍മ്മത്തിന്റെ താത്വികമായ അടിസ്ഥാനത്തെ ബോധിപ്പിക്കുകയാണ് ഈ ഭാഷ്യങ്ങള്‍ ഒരുപോലെ ചെയ്യുന്നത്. ഇവയില്‍ ശ്രീമദ് ഭഗവദ്ഗീതയ്കുള്ള ഭാഷ്യത്തോടെ വൈദികധര്‍മ്മത്തെ പഠിക്കുവാനാണ് നാമിപ്പോള്‍ പുറപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: