കോട്ടയം: വാഹന പരിശോധനയ്‌ക്കിടെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പാലാ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. പരാതിയെ തുടർന്ന് രണ്ട് പേർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പോലീസ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിന്മേലാണ് ഐപിസി 323,325 വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിരിക്കുന്നത്.
പോലിസ് ഉദ്യോഗസ്ഥരുടെ മർദ്ദനത്തെ തുടർന്ന് 17-കാരന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. കൂട്ടുകാരനെ വിളിക്കുന്നതിന് വേണ്ടി കാറുമായി പോയ പാർത്ഥിപനെ വഴിയിൽ പോലീസ് കൈ കാണിച്ച് നിർത്തി.
വാഹനം നിർത്താതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പാലാ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. കയ്യിൽ ലഹരി മരുന്ന് ഉണ്ടെന്നാരോപിച്ച് മർദ്ദിച്ചെന്നാണ് പരാതി. സ്റ്റേഷനിൽ ക്യാമറയില്ലാത്ത ഭാഗത്ത് മാറ്റി നിർത്തിയാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: