കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വെന്റിലേറ്റിലുള്ള മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ റീന ജോസ്, മകന്‍ പ്രവീണ്‍ എന്നിവര്‍ക്ക് ചര്‍മം പുന:സ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്തി. കളമശേരി സ്വദേശിനി മോളി ജോയി (61) എഴുപതു ശതമാനം പൊള്ളലോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്.
പരിക്കേറ്റ 18 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 13 പേര്‍ ഐസിയുവിലും അഞ്ചു പേര്‍ വാര്‍ഡിലുമാണ്. ഒരാളെ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഭയം മൂലമാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
കേസില്‍ തിരിച്ചറിയല്‍ പരേഡിന് അന്വേഷകസംഘം അടുത്ത ദിവസം കോടതിയില്‍ അപേക്ഷ നല്‍കും. കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ചിലര്‍ സംഭവ ദിവസം ഡൊമിനിക് മാര്‍ട്ടിനെ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു. ഡൊമിനിക്കിനെ കണ്ട കൂടുതല്‍ ആളുകളുടെ വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. തിരിച്ചറിയല്‍ പരേഡിന് കോടതി അംഗീകാരം ലഭിച്ചാല്‍ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലിലാണ് പരേഡ്.
സംസ്ഥാനത്ത് നടന്ന യഹോവയുടെ സാക്ഷികളുടെ മുന്‍ കണ്‍വന്‍ഷനുകളെയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി ആറു മാസത്തെ കണ്‍വന്‍ഷനുകളുടെയും പ്രാര്‍ഥനാ യോഗങ്ങളുടെയും വിഡിയോകള്‍ ശേഖരിക്കുന്നുണ്ട്.
ഡൊമിനിക് മാര്‍ട്ടിന്‍ ഫോണില്‍ പകര്‍ത്തിയ അപകട ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കും. കൃത്യം നടത്താന്‍ സഹായംതേടി പ്രതി മറ്റൊരാളുമായി നിരന്തരം സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: