കണ്ണൂര്‍: ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വ്വതനിരകള്‍ കയറി കണ്ണൂര്‍ സ്വദേശികളായ സുദീപും ഗോകുല്‍ദാസും. അതികഠിനമായ പാതയിലൂടെ ആറ് ദിവസം കൊണ്ട് ഏകദേശം 50 കിലോമീറ്റര്‍ താണ്ടിയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. മൈനസ് പത്തു ഡിഗ്രി തണുപ്പിലൂടെയായിരുന്നു യാത്ര. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ടാന്‍സാനിയന്‍ മേഖലയിലുള്ള കിളിമഞ്ചാരോ.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്വതന്ത്ര പര്‍വതം കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. വിജയദശമി ദിവസമായ ഒക്ടോ. 24 ന് ലേമോഷോ പാതയിലൂടെ ട്രക്കിങ് തുടങ്ങിയ ഇവര്‍ 6 ദിവസത്തിന് ശേഷം 29 ന് രാവിലെ 7 മണിയോടു കൂടി ഉഹ്റു കൊടുമുടിയില്‍ എത്തി. ഒക്ടോ. 30 നു ട്രക്കിങ് പൂര്‍ത്തിയാക്കി.
കണ്ണൂര്‍ ബിഎസ്എന്‍എല്‍ അസി. ജനറല്‍ മാനേജറാണ് മുണ്ടയാട് സ്വദേശിയായ സുദീപ്.
കണ്ണൂര്‍ ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ ടെലികോം ഓഫീസരാണ് കല്യാശ്ശേരി സ്വദേശിയായ ഗോകുല്‍ദാസ്. ഇരുവരും കണ്ണൂര്‍ ബിഎസ്എന്‍എല്‍ റണ്ണേഴ്സ് ഗ്രൂപ്പിലെ സ്ഥിരം മരത്തോണ് ഓട്ടക്കാരാണ്. 2022 ഓഗസ്റ്റ് 15 ന് ഭാരത സ്വാതന്ത്ര്യദിനത്തില്‍ 75 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: