മുഖകാന്തിയ്‌ക്കായി സ്ഥിരം കേൾക്കുന്നതും ഭൂരിഭാഗം പേർ ഉപയോഗിക്കുന്നതുമായ വസ്തുവാണ് മുൾട്ടാണി മിട്ടി. മുഖത്തിന്റെ നിറം വർധിക്കാനും പാടുകള്‍ മാറാനും ഉത്തമ പ്രകൃതിദത്ത വസ്തുവാണ് ഇത്. മുഖ ചർമത്തിലുള്ള അഴുക്ക് വലിച്ചെടുക്കുകയാണ് ഇത് ചെയ്യുന്നത്.
എന്നാൽ മുള്‍ട്ടാണി മിട്ടി ഉപയോഗിച്ച് മുഖം വരണ്ടവരാകും പലരും. മുഖം വരളുന്നതോടെ ചൊറിച്ചില്‍ ഉൾപ്പെടയുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകാം. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മുള്‍ട്ടാണി മിട്ടി വരണ്ട ചര്‍മമുള്ളവര്‍ക്കും ഉപയോഗിക്കാം. മുഖത്തിന് ജലാംശം നല്‍കാന്‍ കഴിയുന്ന വസ്തുക്കളും മുൾട്ടാണി മിട്ടിയ്‌ക്കൊപ്പം ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.
മുള്‍ട്ടാണി മിട്ടിയും തേനും
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, മുന്നോ നാലോ മുന്തിരി (ലഭ്യമാണെങ്കിൽ) . മുന്തിരി ചതയ്‌ക്കുക. പിന്നീട് ഇതിലേക്ക് മുള്‍ട്ടാണി മിട്ടിയും തോനും ചേര്‍ത്ത് കുഴയ്‌ക്കുക. കുഴമ്പ് പരുവത്തിലാകുമ്പോൾ മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ മതിയാകും. തേനിലുള്ള ഈര്‍പ്പവും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമം വരളുന്നതു തടയാനും സംരക്ഷണം നൽകാനും കഴിവുള്ളതാണ്.
മുള്‍ട്ടാണി മിട്ടിയും തൈരും
ഒരു ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയെടുക്കുക. രണ്ടും തുല്യ അളവില്‍ എടുത്ത് കുഴയ്‌ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക. തൈരിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമം വരളുന്നത് തടയുന്നു.
മുള്‍ട്ടാണി മിട്ടിയും വെള്ളരിക്കയും
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, കുഴമ്പ് പരിവത്തിലാക്കാന്‍ ആവശ്യമുള്ള വെള്ളരിക്കാ നീര്. ഇവ രണ്ടും ചേർത്ത് കുഴമ്പുപോലെ ആക്കണം. വെള്ളരിക്കാ നീര് കുറഞ്ഞു പോയാൽ ആവശ്യത്തിനു തേൻ ചേർക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖം വരളുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍മാഗണ് വെള്ളരിക്ക. മുള്‍ട്ടാണി മിട്ടി ഈര്‍പ്പം വലിച്ചെടുക്കുന്നത് തടയാന്‍ വെള്ളരിക്കയ്‌ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: