ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇ ബസ് വിപ്ലവത്തിന് തുടക്കം കുറിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഗതാഗതം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നൂറ് ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ 75 ഇലക്ട്രിക് ബസുകള്‍ ശ്രീനഗര്‍ നിഷാത് ബസ് ടെര്‍മിനലില്‍ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
ഇ-ബസുകള്‍ 15 ഇന്‍ട്രാ-സിറ്റി റൂട്ടുകളിലും രണ്ട് ഇന്റര്‍-സിറ്റി റൂട്ടുകളിലും സര്‍വീസ് നടത്തും, രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രതിദിനം കുറഞ്ഞത് 200 കിലോമീറ്റര്‍ ഓടും. ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റി ലിമിറ്റഡും പ്രദേശവാസികളും ഇ ബസ് വിപ്ലവത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വിജയിച്ചുവെന്ന് മനോജ് സിന്‍ഹ പറഞ്ഞു.
പരിസ്ഥിതിയുമായി യോജിച്ച ഗതാഗത സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സ്മാര്‍ട്ട് മൊബിലിറ്റിയാണ് ഭരണകൂടത്തിന്റെ മുന്‍ഗണന. കാര്‍ബണ്‍ ന്യൂട്രാലിറ്റി കുറച്ച് പ്രകൃതിയെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസരിച്ചുള്ള വലിയ കുതിച്ചുചാട്ടമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഹീറ്റിങ്, വെന്റിലേഷന്, എയര്‍ കണ്ടീഷനിങ് സംവിധാനം, ഓണ്‍-ബോര്‍ഡ് വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം, സിസിടിവി, എമര്‍ജന്‍സി സ്റ്റോപ്പ് സൗകര്യം എന്നിവ ഇ-ബസുകളില്‍ സജ്ജീകരിച്ചിരിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക മൊബൈല്‍ ആപ്പും ഓണ്‍ലൈന്‍ ടിക്കറ്റ് പേയ്മെന്റ് സൗകര്യവും വികസിപ്പിച്ചിട്ടുണ്ട്. എല്ലാ ബസുകളും ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റിയുടെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററുമായി സംയോജിപ്പിച്ചിരിക്കുന്നു. പാന്ത ചൗക്കില്‍ ഒരു ബസ് ഡിപ്പോയും കൂടുതല്‍ ഇടങ്ങളില്‍ ചാര്‍ജിങ് സബ് സ്റ്റേഷനുകളും സ്ഥാപിച്ചുവെന്നും മനോജ് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: