ഇസ്ലാമാബാദ്: ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പാക് തെരഞ്ഞടുപ്പ് കമ്മിഷന് സുപ്രീം കോടതിയെ അറിയിച്ചു. 2022ല്‍ പാകിസ്ഥാനില്‍ ഇമ്രന്‍ഖാന്‍ സര്‍ക്കാരിനെ പുറത്താക്കുകയും തുടര്‍ന്ന് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 29ന് മുമ്പ് മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന പ്രക്രിയ പൂര്‍ത്തിയാകുമെന്നും തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്നുമാണ് ഇലക്ടറല്‍ ബോഡിയുടെ അഭിഭാഷകന് സജീല്‍ സ്വാതി സുപ്രീംകോടതിയെ അറിയിച്ചത്. സുപ്രീംകോടതി ബാര്‍ അസോസിയേഷന് (എസ്സിബിഎ), പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് (പിടിഐ), മുനീര്‍ അഹമ്മദ്, ഇബാദ്-ഉര്-റഹ്മാന് എന്നിവരുള്‍പ്പെടെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗസ്ത് ഒമ്പതിനാണ് പാകിസ്ഥാന് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. പിരിച്ചുവിട്ട് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. നവംബര്‍ ഏഴിന് ഇതിന്റെ സമയ പരിധി അവസാനിക്കും. സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുതിയ ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ എന്നും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: