ഭോപാല്‍: ബിജെപിയെ തോല്പിക്കാന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്‍ഡി മുന്നണി മധ്യപ്രദേശില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് 92 മണ്ഡലങ്ങളില്‍. കോണ്‍ഗ്രസിന്റെ തിണ്ണമിടുക്കിനുള്ള മറുപടിയായാണ് സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും അടക്കമുള്ള കക്ഷികള്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ദല്‍ഹി, പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ ഇടങ്ങളില്‍ ലോക്സഭാ സീറ്റും ചോദിച്ച് വന്നേക്കരുതെന്ന് കോണ്‍ഗ്രസിന് താക്കീതും നല്‍കിയിട്ടുണ്ട് ഈ പാര്‍ട്ടികള്‍.
മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 92 സീറ്റിലും കോണ്‍ഗ്രസിന് സ്വന്തം മുന്നണിയിലെ സ്ഥാനാര്‍ത്ഥികളെ നേരിടണം. അതില്‍ 26 എണ്ണത്തില്‍ ഇന്‍ഡി മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കും. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതോടെ എസ്പിയും ജെഡിയുവും എഎപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്, എഎപി 70 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. എസ്പി 43 സ്ഥാനാര്‍ത്ഥികളെയും ജെഡിയു പത്ത് പേരെയും കളത്തിലിറക്കിയിട്ടുണ്ട്.
ഇന്‍ഡി മുന്നണി പരസ്പരം ഏറ്റുമുട്ടുന്ന 15 മണ്ഡലങ്ങളില്‍ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ വോട്ടിനാണ് കോണ്‍ഗ്രസ് ബിജെപി
യോട് തോറ്റത്. ഗ്വാളിയോര്‍ സൗത്ത് (121), ജബല്‍പൂര്‍ നോര്‍ത്ത് (578), ദാമോ (798), രാജ്നഗര്‍ (732), പിച്ചോര്‍ (2,675), ഗണ്ണൂര്‍ (1984), പൃഥ്വിപൂര്‍ (4620), പെറ്റ്ലവാഡ് (5000), ചാന്ദ്ല(1177), നാഗോട് (1234), മൈഹാര്‍ (2984), സിംഗറൗലി (3726), ജബേര (3485), ഇന്‍ഡോര്‍-5 (1,133) എന്നീ മണ്ഡലങ്ങളില്‍ ഇക്കുറി ഇക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് അടിതെറ്റുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി 52 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിച്ചത്. എഎപി അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും 0.66 ശതമാനം വോട്ട് വിഹിതം നേടി. 2018ല്‍ ജെഡിയു മത്സരിച്ചിരുന്നില്ല.
ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്ന് പ്രീ-പോള്‍ സര്‍വേകള്‍ പ്രവചിച്ചിരിക്കുന്ന മധ്യപ്രദേശില്‍ ഇന്‍ഡി മുന്നണിയിലെ തമ്മിലടി വിധി നിര്‍ണയിക്കുമെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. 27ന് പുറത്തുവന്ന ഇന്ത്യ ടിവി-സിഎന്‍എക്സ് അഭിപ്രായ സര്‍വേ പ്രകാരം ബിജെപി 115 സീറ്റുകളും കോണ്‍ഗ്രസ് 110 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: