തിപ(മിസോറാം): മിസോറാം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അകലേക്ക് മാറ്റിനിര്‍ത്തിയ കോണ്‍ഗ്രസ് കാലം എന്നന്നേക്കുമായി ഇല്ലാതായെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മിസോറാമിനെ ഹൃദയത്തിലാണ് സ്വീകരിച്ചത്. വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും തുടര്‍ക്കഥകള്‍ കേട്ട് അസ്വസ്ഥരായവരാണ് മണിപ്പൂരിലടക്കം ഉണ്ടാകുന്ന സങ്കടകരമായ പ്രശ്‌നങ്ങളെ ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിസോറാമിലെ അതിര്‍ത്തി പ്രദേശമായ തിപയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അസ്വസ്ഥത സൃഷ്ടിക്കുകയും രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നവരെയും പ്രതിരോധമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
സമാധാനം തകര്‍ക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. മണിപ്പൂരില്‍ ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ കുത്തിവച്ചത് അവരാണ്. ഒന്നായി കഴിഞ്ഞ സമൂഹങ്ങളെ ഭിന്നിപ്പിച്ചത് അവരാണ്. അവിശ്വാസത്തിന്റെ വിത്ത് വിതച്ചത് അവരാണ്. അവരെ തിരിച്ചറിയണം, ഒറ്റപ്പെടുത്തണം. മണിപ്പൂരിലെ കുക്കി, മെയ്‌തേയ് വിഭാഗത്തിലെ ജനങ്ങള്‍ പഴയതുപോലെ ഹൃദയം തുറന്ന് സംസാരിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മണിപ്പൂരും മിസോറാമും അടക്കം എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും വികസനത്തിന്റെ അനുഭവം നുകര്‍ന്നു. ഭീകരതയും കൊലപാതകവും നടമാടിയിരുന്ന ഈ പ്രദേശത്ത് ശാന്തിയുടെ കാലാവസ്ഥ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി തുടരുന്ന ഈ സമാധാനമാണ് ചിലര്‍ ചേര്‍ന്ന് തകര്‍ക്കുന്നത്. അതിനെ രാഷ്‌ട്രീയമായി മുതലെടുക്കുന്നവര്‍ അപകടകരമായ ഭാവിയെ ആണ് വിളിച്ചുവരുത്തുന്നത്, രാജ്‌നാഥ് പറഞ്ഞു.
രാജ്യത്തിന്റെ അതിര്‍ത്തിമേഖലയെന്ന നിലയില്‍ ഏറെ ജാഗ്രതയോടെ വേണം ജനങ്ങള്‍ രാഷ്‌ട്രീയത്തെ കാണേണ്ടതെന്ന് രാജ്‌നാഥ് പറഞ്ഞു. അക്രമങ്ങളിലും കൊലപാതകങ്ങളിലും ഒരു രാഷ്‌ട്രീയപാര്‍ട്ടിയെയും കുറ്റപ്പെടുത്താനില്ല. സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം വിദ്വേഷത്തിന്റെ ശക്തികളും പത്തിയുയര്‍ത്തുന്നു. അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ജനങ്ങള്‍ക്കുമാത്രമേ കഴിയൂ. ജനാധിപത്യത്തിന്റെ അവകാശം വിനിയോഗിക്കുമ്പോഴും എല്ലാവരും അത് പരിഗണിക്കണം, അദ്ദേഹം പറഞ്ഞു.
മിസോ ജനതയ്‌ക്ക് ബിജെപിയുടെ വാഗ്ദാനം ലഹരിവിമുക്ത മിസോറാമാണെന്ന് മാമിതില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ യുവാക്കളെയും അതിനായി അണിനിരത്തും. അസ്വസ്ഥതകള്‍ക്ക് മറുപടി വികസനമാണ്. എംഎന്‍എഫും കോണ്‍ഗ്രസും വികസിപ്പിക്കുന്നത് അഴിമതിയെയാണ്. ബിജെപി ഭാരതത്തിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങളെയും. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ സഹായം നല്കുന്ന റാണി രൊപുലാനി സ്ത്രീശാക്തീകരണ പദ്ധതി ബിജെപി സര്‍ക്കാര്‍ നടപ്പാക്കും. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അകലെയായിരുന്നു. എന്നാല്‍ ഇന്ന് ഹൃദയത്തിലാണ് ഈ സംസ്ഥാനങ്ങള്‍ക്ക് സ്ഥാനം. ഒമ്പത് വിമാനത്താവളങ്ങളും പതിനെട്ട് ജലപാതകളും ഈ നാടിന് നല്കിയത് ബിജെപി സര്‍ക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: