തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഇ ഡി കുറ്റപത്രം. എറണാകുളം കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇന്നലെ വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്.
പതിമൂവായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 55 പ്രതികളുണ്ട്. അന്‍പതു വ്യക്തികളും അഞ്ചു കമ്പനികളുമാണ് പ്രതിപ്പട്ടികയില്‍. പ്രതികളിലേറെയും സിപിഎം പ്രവര്‍ത്തകരും നേതാക്കളും. ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന ബിജോയിയാണ് ഒന്നാം പ്രതി. പി.പി. കിരണ്‍ രണ്ടാം പ്രതി. സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന് 14-ാം പ്രതി. പി. സതീഷ് കുമാര്‍ പതിമൂന്നാം പ്രതി. സിപിഎമ്മിന്റെ വിവിധ തലങ്ങളിലെ നേതാക്കളാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത് സിപിഎമ്മാണ്. കള്ളപ്പണ ഇടപാടുകള്‍ക്കും ബിനാമി വായ്പകള്‍ക്കുമായി ബാങ്കില്‍ പാര്‍ട്ടി സമാന്തര സംവിധാനമുണ്ടാക്കി. സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുള്ളവരും ജനപ്രതിനിധികളും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ബാങ്കില്‍ 180 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു. 150 കോടിയോളം ബിനാമി വായ്പകളായി തട്ടിയെടുത്തു. പ്രതികളുടെ 87.75 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടു കെട്ടി.
ബിജോയിയുടെയും കിരണിന്റെയും നേതൃത്വത്തിലെ അഞ്ചു കമ്പനികള്‍ പ്രതിപ്പട്ടികയിലുണ്ട്. കമ്പനികളുടെ പേരില്‍ മൂന്നാറിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂമി വാങ്ങി. റിയല്‍ എസ്റ്റേറ്റ് ഇടപാടും റിസോര്‍ട്ട് ബിസിനസും ആരംഭിച്ചു. ചില സിപിഎം നേതാക്കളും ഇതില്‍ പങ്കാളികളാണ്. ഇതെല്ലാം കരുവന്നൂര്‍ ബാങ്കില്‍ നിന്നു തട്ടിയെടുത്ത പണത്താലാണ്. അന്വേഷണം തുടരുന്നു, കേസില്‍ നൂറോളം പ്രതികള്‍ കൂടിയുണ്ട്.
ഒന്നാംഘട്ട കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. ഏഴു വലിയ പെട്ടികളിലായാണ് അതു കോടതിയിലെത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലും സിപിഎം നേതാവ് എം.കെ. കണ്ണന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ സഹകരണ ബാങ്കിലും ഇ ഡി പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: