തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും കേരളീയം ധൂര്‍ത്ത് അരങ്ങു തകര്‍ക്കുമ്പോള്‍ തൊട്ടു മുന്നില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ വിശപ്പടക്കാന്‍ കിട്ടാനുള്ളത് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ധര്‍ണ. ജീവിതത്തിന്റെ അവസാന നാളുകളില്‍ ഗുരുതര രോഗം ബാധിച്ചവര്‍ മരുന്നു വാങ്ങാന്‍ നിവൃത്തിയില്ലാതെ കാശിനു വേണ്ടി പലരുടെയും മുമ്പില്‍ കൈ നീട്ടിയതിനു ശേഷമാണ് തങ്ങള്‍ക്കു കിട്ടേണ്ടതിന് സെക്രട്ടേറിയറ്റ് നടയിലെത്തിയത്. ആരോഗ്യമുള്ള കാലമത്രയും സര്‍ക്കാരിനെ സേവിച്ചതിനു കിട്ടിയ പാരിതോഷികമാണ് പെന്‍ഷനു വേണ്ടി കുത്തിയിരിക്കേണ്ടി വന്നത്.
പെന്‍ഷന്‍ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചപ്പോള്‍ ധൂര്‍ത്തിന്റെ പര്യായമായ കേരളീയം വേദിയില്‍ സൂപ്പര്‍ സ്റ്റാറുകളെ കൂടാതെ എല്ലാ ചെലവും നല്കി വരുത്തിയ വിദേശ പ്രതിനിധികളെയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. കെഎസ്ആര്‍ടിസി മന്ത്രി ആന്റണി രാജുവും മുന്നിലുണ്ട് താരങ്ങളെ സ്വീകരിക്കാന്‍.
മൂന്നു മാസമായി പെന്‍ഷന്‍ ലഭിച്ചിട്ട്. കിട്ടിക്കൊണ്ടിരുന്ന വരുമാനം നിലച്ചതിനാല്‍ തങ്ങള്‍ എന്തുചെയ്യുമെന്ന് ഇവര്‍ ചോദിക്കുന്നു. പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം ഒരുമാസം പോലും കൃത്യമായി പെന്‍ഷന്‍ നല്കിയിട്ടില്ല. പെന്‍ഷന്‍ സര്‍ക്കാര്‍ ഔദാര്യമല്ലെന്നും കൃത്യസമയത്ത് കൊടുക്കണമെന്നും കോടതി വിധിയുണ്ട്. ലോട്ടറി, ബിവ്റേജ്സ് തുടങ്ങിയ വകുപ്പുകള്‍ സര്‍ക്കാരിന് പണമുണ്ടാക്കി കൊടുക്കുമ്പോള്‍ അതിനെക്കാള്‍ എത്രയോ വലുതാണ് പൊതുഗതാഗതമെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയെപ്പോലെ പൊതുഗതാഗതത്തെയും സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയാണ്.
കേരളീയം ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും മുമ്പെങ്കിലും തങ്ങള്‍ക്കു പെന്‍ഷന്‍ നല്കണമെന്ന് യാചിക്കുകയാണ് ഇവര്‍ മുദ്രാവാക്യങ്ങളിലൂടെ.
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക