കൊച്ചി: കാറില്‍ വന്നിറങ്ങിയ പാടെ ആരതിയുഴിഞ്ഞ് സ്വീകരണം. കാലില്‍ തൊട്ട് വന്ദിച്ചു. പിന്നെ സ്നേഹാന്വേഷണമായി, കുശലം പറച്ചിലായി. മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചെന്നും മോശമായി പെരുമാറിയെന്നും പറഞ്ഞ് കേസ് കൊടുത്ത് സുരേഷ് ഗോപിയെ തകര്‍ക്കാന്‍ ഇറങ്ങിയവര്‍ക്ക് തിരിച്ചടി നല്‍കുന്നതായി ഇന്നലെ കൊച്ചി കലൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നല്കിയ സ്വീകരണവും.
മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന് സംഘടിപ്പിച്ച ‘ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കേരളപ്പിറവി’ എന്ന പരിപാടിയിലാണ് നടന് സുരേഷ് ഗോപി പങ്കെടുത്തത്. ‘ഗരുഡന്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയും ഇതോടൊപ്പം ഉണ്ടായിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരേഷ് ഗോപി അവാര്‍ഡുകളും വിതരണം ചെയ്തു. ട്രാന്‍സ്ജന്‍ഡറുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി ഫൗണ്ടേഷനിലെ തിരുവനന്തപുരം സ്വദേശിനി രഞ്ജിനി പിള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം, ഭിന്നലിംഗസമൂഹത്തിന്റെ സ്നേഹാദരവായി സുരേഷ് ഗോപിയെ ആലിംഗനം ചെയ്തു.
അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ നിരവധി വനിതകളും ട്രാന്‍സ്ജന്‍ഡറുകളും സുരേഷ് ഗോപിയെ ആലിംഗനം ചെയ്തു. ട്രാന്സ്ജന്ഡറുകള് അനുഭവിക്കുന്ന സാമൂഹ്യ മാനസിക പ്രശ്നങ്ങളെപ്പറ്റി ഒരുലഘു പ്രസംഗവും സുരേഷ് ഗോപി നടത്തി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സമൂഹത്തില്‍ പ്രമുഖമായ ഇടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയൂണ് എല്ലാവര്ക്കും വിളമ്പിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ട്രാന്‍സ് ജന്‍ഡറുകളും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: