‘ഇന്ത്യാ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി’ എന്നു സരോജിനി നായിഡു വിശേഷിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഡോ. പല്പു.
1863 നവംബര്‍ രണ്ടിന് തിരുവനന്തപുരത്ത് പേട്ടയില്‍ ജനിച്ചു. 1884ല്‍ തിരുവിതാംകൂറിലെ വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയില്‍ നാലാമനായി വിജയിച്ചുവെങ്കിലും അക്കാലത്ത് നിലനിന്ന ജാതിവിവേചനത്താല്‍ പ്രവേശനം ലഭിച്ചില്ല. പലരുടേയും സാമ്പത്തിക സഹായത്തോടെ മദ്രാസ് മെഡിക്കല്‍ കോളജില്‍ പഠിച്ച് ഡോക്ടര്‍ ബിരുദം നേടി. 1891ല്‍ മൈസൂര്‍ രാജ്യത്ത് ഡോക്ടറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.
മൈസൂരില്‍ പ്ലേഗുബാധയുണ്ടായ കാലമായിരുന്നു അത്. സ്വജീവന്‍ പോലും കണക്കിലെടുക്കാതെ ഡോ. പല്പു ആ മഹാവ്യാധിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആതുര ശ്രുശ്രൂഷാ രംഗത്ത് വലിയ അംഗീകാരം നേടി. ഉപരിപഠനത്തിനായി പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയി. 1920ല്‍ നാട്ടില്‍ തിരിച്ചെത്തിയ പല്പു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
തിരുവിതാംകൂറിലെ ഉദ്യോഗങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1891 ജനുവരി ഒന്നിന് മഹാരാജാവിന് സമര്‍പ്പിച്ച നിവേദനമായിരുന്നു മലയാളി മെമ്മോറിയല്‍. ഇതില്‍ മൂന്നാമനായി ഒപ്പുവച്ചത് പല്പുവായിരുന്നു. 1896 സപ്തംബര്‍ മൂന്നിന് ഈഴ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നതിനും നേതൃത്വം നല്‍കി.
1892ല്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ കേരള സന്ദര്‍ശനം പ്രസിദ്ധമാണ്. ഭാരതയാത്രയുടെ ഭാഗമായുള്ള ആ പര്യടനത്തില്‍ തുടക്കത്തില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. മൈസൂരില്‍ വച്ച് വിവേകാനന്ദനെ നേരില്‍ക്കണ്ട പല്പുവാണ് അദ്ദേഹത്തോട് അയിത്താചാരങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ആ സന്ദര്‍ശന വേളയിലാണ് സ്വാമി വിവേകാനന്ദന്‍ അക്കാലത്തെ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.
ജാതിവിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജനകീയാംഗീകാരമുള്ള ഒരു ആത്മീയാചാര്യന്റെ നേതൃത്വം ആവശ്യമാണെന്ന് വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. അപ്രകാരമാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ അടുക്കല്‍ എത്തിയത്. ഗുരുവും പല്പുവും ചേര്‍ന്ന് നടത്തിയ ആലോചനകളാണ് എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. യോഗത്തിന്റെ ആദ്യ അധ്യക്ഷ പദവി വഹിച്ച ഗുരു പല്പുവിനെ ഉപാധ്യക്ഷനായും കുമാരനാശാനെ സെക്രട്ടറിയായും നിയമിച്ചു.
‘ട്രീറ്റ്‌മെന്റ് ഓഫ് തീയാസ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകം രചിച്ച ഡോ. പല്പു ‘തിരുവിതാം കോട്ടൈ തീയന്‍’ എന്ന തൂലികാനാമത്തില്‍ പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഡോ. പി. നടരാജനാണ് നടരാജ ഗുരു എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധി നേടിയത്. 1950 ജനുവരി 25ന് ഡോ.പി. പല്പു അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: