Categories: IndiaBusiness

ജെറ്റ് എയര്‍വെയ്‌സ് ; നരേഷ് ഗോയലിന്റെയും കുടുംബത്തിന്റെയും 538.05 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

വിവിധ കമ്പനികളുടെയും വ്യക്തികളുടെയും പേരിലുള്ള 17 ഫ്‌ലാറ്റുകള്‍,ബംഗ്ലാവുകള്‍, വാണിജ്യ സ്ഥലങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു

Published by

ന്യൂദല്‍ഹി: ജെറ്റ് എയര്‍വെയ്‌സ് ഉടമ നരേഷ് ഗോയലും കുടുംബവുമായി ബന്ധമുളള 538.05 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണിത്.

നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെയും ഇവരുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെയും സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.ഇന്ത്യ, ലണ്ടന്‍, ദുബായ്, എന്നിവിടങ്ങളിലുളളതാണ് ഈ സ്വത്തുവകകള്‍.

വിവിധ കമ്പനികളുടെയും വ്യക്തികളുടെയും പേരിലുള്ള 17 ഫ്‌ലാറ്റുകള്‍,ബംഗ്ലാവുകള്‍, വാണിജ്യ സ്ഥലങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

കാനറാ ബാങ്കിന്റെ രേഖാമൂലമുള്ള പരാതിയെത്തുടര്‍ന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ക്രിമിനല്‍ വിശ്വാസവഞ്ചന, മോശം പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ജെറ്റ് എയര്‍വെയിസ് പ്രൊമോട്ടര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെയുളളത്.

എസ്ബിഐയുടെയും പിഎന്‍ബിയുടെയും നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അനുവദിച്ച വായ്പകള്‍ വക മാറ്റിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക