ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ അനുഗൃഹീത നിമിഷങ്ങളായിരുന്നു 1925 മാര്‍ച്ച് 29 വൈകിട്ട് മൂന്നുമണിക്ക് ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മില്‍ ശിവഗിരിയില്‍ നടന്ന കൂടിക്കാഴ്ച. ഗാന്ധിജി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഗുരുദേവന്‍ കൊടുത്ത മറുപടികള്‍ വ്യക്തവും കൃത്യവുമായിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്:
മഹാത്മജി: ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്കറിവുണ്ടോ?
സ്വാമി: ഇല്ല.
മഹാത്മജി: അയിത്തം ഇല്ലാതാക്കുവാന്‍ വൈക്കത്തു നടക്കുന്ന സത്യഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്ക് ഭിന്നാഭിപ്രായമുണ്ടോ?
സ്വാമി: ഇല്ല.
മഹാത്മജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായമുണ്ടോ?
സ്വാമി: ഇല്ല. അത് ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്. അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന അഭിപ്രായമില്ല.
മഹാത്മജി: അധഃകൃത വര്‍ഗ്ഗക്കാരുടെ അവശതകളെ തീര്‍ക്കുന്നതിന് അയിത്തോച്ഛാടനത്തിനു പുറമെ മറ്റ് എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?
സ്വാമി: അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രവിവാഹമോ മിശ്രഭോജനമോ വേണമെന്ന് പക്ഷമില്ല. നന്നാവാനുള്ള സൗകര്യം എല്ലാവരെയും പോലെ അവര്‍ക്കുമുണ്ടാകണം.
മഹാത്മജി: ആധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?
സ്വാമി: അന്യമതങ്ങളിലും മോക്ഷമാര്‍ഗം ഉണ്ടല്ലോ.
മഹാത്മജി: അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷലാഭത്തിന് പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?
സ്വാമി: ആധ്യാത്മികമായ മോക്ഷലാഭത്തിന് ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്?
മഹാത്മജി: അയിത്താചാരവും മറ്റുംകൊണ്ടുള്ള അസ്വാതന്ത്ര്യമല്ലേ? അതിരിക്കട്ടെ. ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമെന്ന് സ്വാമിക്കഭിപ്രായമുണ്ടോ?
സ്വാമി: ആധ്യാത്മിക മോക്ഷത്തിനായി മതപരിവര്‍ത്തനം
ആവശ്യമില്ല.
മഹാത്മജി: ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാവാതെ വരുമോ?
സ്വാമി: അത് സഫലമാവാതെ വരില്ല. അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും. (1)
ഈ ചോദ്യോത്തരങ്ങള്‍ പരസ്പരം വച്ചുമാറി ഗുരുദേവന്റെ സാമൂഹ്യവീക്ഷണത്തെ ദുര്‍വ്യാഖ്യാനിക്കുകയും, ഹിന്ദുധര്‍മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇടതുബുദ്ധിജീവികളുണ്ട്. ‘ഹിന്ദുമതം മോക്ഷലാഭത്തിന് പര്യാപ്തമോ’ എന്ന ചോദ്യത്തിന് ‘അതിന് മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും’ എന്ന മറുപടിയാണ് ഇക്കൂട്ടര്‍ ചേര്‍ക്കുന്നത്. ഗുരുദേവന്റെ ദര്‍ശനത്തെയും സാമൂഹ്യ വിമോചന പദ്ധതിയെയും ഹിന്ദുധര്‍മത്തില്‍നിന്ന് അടര്‍ത്തിമാറ്റാമെന്ന ചിന്തയാണ് ഇതിനു കാരണം.
ഗുരുദേവന്റെ മാനസപുത്രന്‍
ഗുരുദേവ ശിഷ്യന്മാര്‍ക്ക് ഗുരുവിനോട് തികഞ്ഞ ആദരവുണ്ടായിരുന്നെങ്കിലും അവരെല്ലാം പൂര്‍ണമായും ഗുരുവിന്റെ പാത പിന്‍പറ്റിയെന്ന് പറയാനാവില്ല. പലപ്പോഴും ഗുരുവിനുതന്നെ ഇവരെ കര്‍ശനമായി തിരുത്തേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഗുരുദേവന്റെ സാമൂഹ്യവിമോചന പദ്ധതിയെ ശരിയായി ഉള്‍ക്കൊള്ളുകയും, അത് ധീരമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തയാള്‍ മഹാകവി കുമാരനാശാനായിരുന്നു. ഒരിക്കലും ഗുരുവിന് ആശാനെ തിരുത്തേണ്ടിവന്നില്ല. ഗുരുവിന് പ്രിയ ശിഷ്യന്മാര്‍ പലരുമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ആശാന്‍ ഗുരുവിന്റെ മാനസപുത്രന്‍ തന്നെയായിരുന്നു.
യുവാവായിരിക്കെ കണ്ടുമുട്ടിയ കുമാരുവിനെ ഗുരുദേവനാണ് ബംഗാളിലും കൊല്‍ക്കത്തയിലും ഉപരിപഠനത്തിനയച്ചത്. തിരിച്ചുവന്നശേഷം 1903 ല്‍ സ്ഥാപിതമായ എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ കുമാരനാശാന്‍ നീണ്ട 17 വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. അകത്തുനിന്നും പുറത്തുനിന്നും നിരവധി വെല്ലുവിളികളാണ് ആശാന് നേരിടേണ്ടിവന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കു കീഴടങ്ങുകയോ പ്രലോഭനങ്ങളില്‍ വീണുപോവുകയോ ചെയ്യാതെ നിലപാടുകള്‍ വ്യക്തമാക്കുകയും ലക്ഷ്യബോധത്തോടെ മുന്നേറുകയുമായിരുന്നു. ആരായിരുന്നു ഗുരുദേവന്‍, എന്തായിരുന്നു ഗുരുവിന്റെ ദര്‍ശനവും പ്രവര്‍ത്തന പദ്ധതിയും എന്നതില്‍ ആശാന് തെളിഞ്ഞ കാഴ്ചപ്പാടുകളുണ്ടാവുകയും, അത് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുദേവനെ ഒരു ഹൈന്ദവാചാര്യനായിതന്നെയാണ് ആശാന്‍ കണ്ടിരുന്നത്. ഗുരുവിന്റെ മതവ്യക്തിത്വം എന്തായിരുന്നവെന്ന് 1921 ല്‍ ആലുവ അദൈ്വതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടത്തി ഗുരുവിന്റെ പ്രഥമശിഷ്യന്മാരില്‍ ഒരാളായിരുന്ന സ്വാമി സത്യവൃതന്‍ പറഞ്ഞത് ഇങ്ങനെയാണ്: ”ഗുരുദേവന്‍ ഒരു ഹിന്ദുവായി ജനിച്ചു. മറ്റുള്ളവരുടെ ദൃഷ്ട്യാ ഒരു ഹിന്ദുവായി ജീവിക്കുന്നു. ഹിന്ദുമതം പരിധികളില്ലാത്ത മതമായി പരിണമിക്കുന്നു എന്നുവേണമെങ്കിലും അവകാശപ്പെടാം. ഇതര പൗരോഹിത്യ മതങ്ങളില്‍ ഇങ്ങനെ ഒരിടം ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തം മതം ഉപേക്ഷിച്ച ഒരുവനെ ആചാര്യപദവിയില്‍ അവര്‍ പ്രതിഷ്ഠിക്കുമെന്നു തോന്നുന്നില്ല.”
ഇങ്ങനെ തന്നെയാണ് ആശാനും ഗുരുവിനെ കണ്ടിരുന്നത്. താന്‍ ഈഴവ-തീയ സമുദായത്തിന്റെ പ്രാതിനിധ്യം വഹിക്കുന്ന ഒരു സംഘടനയുടെ സെക്രട്ടറിയാണെന്നും, താന്‍ ഉള്‍പ്പെടുന്ന ഈഴവര്‍ ഹിന്ദുമതത്തില്‍പ്പെടുന്ന സമുദായമാണെന്നും ആശാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അനുയായികളില്‍ ചിലര്‍ ഗുരുദേവനെ മതേതരസംന്യാസിയായും വിമത സംന്യാസിയുമൊക്കെയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ആശാന് ഇക്കാര്യത്തില്‍ അവ്യക്തതയോ ആശയക്കുഴപ്പമോ ഒന്നുമുണ്ടായിരുന്നില്ല. ഹിന്ദു സംന്യാസിയും ഹൈന്ദവാചാര്യനുമായാണ് ആശാന്‍ ഗുരുവിനെ കണ്ടത്. ബ്രഹ്മശ്രീ ശ്രീനാരായണ ഗുരു സ്വാമി, ശ്രീനാരായണ പരമഹംസര്‍ എന്നൊക്കെയാണല്ലോ ആശാന്‍ ഗുരുദേവനെ വിശേഷിപ്പിച്ചിട്ടുള്ളത്. കൃഷ്ണാര്‍ജ്ജുനന്മാരെപ്പോലെ ഗുരുവിനെ ശ്രീരാമകൃഷ്ണ പരമഹംസരായും ആശാനെ വിവേകാനന്ദനായും വിശേഷിപ്പിച്ചിരുന്നു എന്നതും ഇവിടെ ഓര്‍ക്കാം. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാം ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു എന്നും മറ്റും ഗുരുദേവന്‍ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അപ്പോഴും മതാതീതമായി ചിന്തിക്കാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് ഹിന്ദുമതമാണെന്ന കാര്യം മറന്നുകൂടാ. ബുദ്ധമതം ഉള്‍പ്പെടെ മറ്റ് മതങ്ങള്‍ ഒരു ആചാര്യനെയും ഇതിന് അനുവദിക്കുകയില്ല. ബഹുസ്വരത സനാതനധര്‍മത്തിന്റെ മൗലികതയാണ്. ഈയര്‍ത്ഥത്തില്‍ കൂടിയാണ് ഗുരുദേവന്‍ ഹിന്ദു സംന്യാസിയാവുന്നതെന്ന് ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുക്കള്‍ മാത്രമല്ല, ഇതരമതസ്ഥരും ഗുരുദേവനെ ഹിന്ദുവായാണ് കണ്ടിരുന്നത്.
മതഗുരുവിനെ മതംമാറ്റുകയോ?
ആശാനിലെ ഹിന്ദു അചഞ്ചലനായിരുന്നു എന്നതിന് തെളിവാണ് ജാതിരാഹിത്യവുമായി ബന്ധപ്പെട്ട് തനിക്ക് തീവ്രമായ ആഭിമുഖ്യമുണ്ടായിരുന്നിട്ടുകൂടി ബുദ്ധമതത്തോടുള്ള വിയോജിപ്പ്. ജാതീയമായ വിവേചനങ്ങളില്‍നിന്ന് മോചനം നേടാന്‍ ബുദ്ധമതത്തിലേക്ക് മാറുകയാണ് വേണ്ടതെന്ന് ഈഴവരിലെ പ്രബലരായ ഒരു വിഭാഗം വാദിച്ചപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ക്കുകയായിരുന്നു ആശാന്‍. കൊല്ലത്തു നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ ഇരുപതാമത് വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മതപരിവര്‍ത്തനം എന്ന ആശയത്തെ ആശാന്‍ സമ്പൂര്‍ണമായി നിരാകരിച്ചത് ഇങ്ങനെയാണ്: ”ചിരപ്രതിപത്തികൊണ്ട് ഉറച്ചുപോയ മനോവൃത്തികളെ കുപ്പായം മാറ്റുന്നതുപോലെ മാറ്റിക്കളയാമെന്ന് വിചാരിക്കുന്നത് അന്തഃകരണ ശാസ്ത്രീയമായ ഒരബദ്ധമാണെന്നാണ് എന്റെ താഴ്മയായ അഭിപ്രായം.”
കൊല്ലത്തു നടത്തിയ പ്രസംഗത്തില്‍ ആശാന്‍ ഇങ്ങനെയാണ് തുടര്‍ന്നു പറയുന്നത്: ”പല പ്രകാരത്തിലുള്ള അന്തഃകരണ പരിണാമത്തോടുകൂടിയ ബഹുലക്ഷം ജനങ്ങളടങ്ങിയ ഒരു വമ്പിച്ച സമുദായത്തെ ഒന്നിച്ചു മതംമാറ്റുക സാധ്യമല്ലെന്നും, നിശ്ചയമായും അത് സമുദായത്തില്‍ ഭിന്നിപ്പിന് കാരണമാകയാല്‍ വിവേകമല്ലെന്നും ഞാന്‍ സംശയിക്കുന്നു. വിശേഷിച്ച് മതസംബന്ധമായ കാര്യങ്ങളില്‍ നമ്മെ ഉപദേശിക്കേണ്ടത് സ്വാമി തൃപ്പാദങ്ങളാകുന്നു. മതതത്വങ്ങളെപ്പറ്റി അപാരമായ പരിജ്ഞാനവും സ്വാനുഭവമുള്ള ഒരു ഗുരുമൂര്‍ത്തി ജീവിച്ചിരിക്കുമ്പോള്‍ നാം അതിനായി മറ്റൊരു ദിക്കില്‍ പോകുന്നത് ആ മഹത്വത്തെ പ്രത്യക്ഷത്തില്‍ അവഗണിക്കുകയും ആകുന്നു.” (2) ഗുരുദേവന്റെ പേര്‍ ഇവിടെ ആശാന്‍ എടുത്തു പറയുന്നത് ബോധപൂര്‍വമാണ്. ഗുരുവിന്റെ മനസ്സറിഞ്ഞുതന്നെയാണ് ആശാന്‍ ഇത് പറയുന്നത്.
ആശാന്റെ ഈ പ്രസംഗം എസ്എന്‍ഡിപി യോഗത്തിലും ഈഴവ സമുദായ നേതൃത്വത്തിനിടയിലും ചര്‍ച്ചാ വിഷയമായി. ആശാന്റെ വാദഗതികളെ എതിര്‍ക്കുന്ന പ്രതികരണങ്ങള്‍ മിതവാദി കൃഷ്ണന്‍ മിതവാദി എന്നുതന്നെ പേരുള്ള തന്റെ മാസികയില്‍ പ്രസിദ്ധീകരിച്ചു. ഇതിനോരോന്നിനും ആശാന്‍ വ്യക്തമായ മറുപടി നല്‍കിയെങ്കിലും പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചുകൊടുക്കുകയായിരുന്നു. ഇത് സമാഹരിച്ച് പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ചതാണ് ‘മതപരിവര്‍ത്തന രസവാദം’ എന്ന പുസ്തകം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവന്റെ ആദര്‍ശത്തിനും ബുദ്ധമതത്തിനും തമ്മില്‍ സാരമായ ചില വ്യത്യാസങ്ങള്‍ ഉണ്ട്. അഭിനവ ബുദ്ധന്‍ എന്നു നമ്മില്‍ ചിലര്‍ ഗുരുദേവനെ വിശേഷിപ്പിക്കാറുള്ളത് ആധ്യാത്മികമായ അഭിപ്രായത്തിലുള്ള സാമ്യത്തെ ആധാരമാക്കിയല്ലെന്നും ആശാന്‍ വ്യക്തമാക്കുന്നുണ്ട്. ”ഗുരുവിനെപ്പോലെ ‘പലമതസാരവുമേകം’ എന്ന് ബുദ്ധന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ബുദ്ധമതതത്വങ്ങള്‍ക്ക് ഇത് പ്രത്യക്ഷവിരുദ്ധവുമാണ്. ദൈവം എന്നു വിശേഷിപ്പിച്ചിരിക്കുന്ന ഈശ്വരന് ബുദ്ധമതത്തില്‍ യാതൊരു സ്ഥാനവുമില്ല. ബുദ്ധമതം പ്രചരിക്കുന്ന സിലോണ്‍ മുതലായ രാജ്യങ്ങളില്‍ താണവര്‍ഗക്കാരും ഉണ്ട്. ഈ മതം അവര്‍ക്ക് കയറ്റം കൊടുത്തിട്ടില്ല. നേരെമറിച്ച് ഹിന്ദുമതം പലതാണ വര്‍ഗക്കാരെയും പൊക്കീട്ടുണ്ട്. ശങ്കരന്‍, രാമാനുജന്‍, ശ്രീകൃഷ്ണ ചൈതന്യന്‍ മുതലായ പല ആചാര്യന്മാരും പലവര്‍ഗ്ഗക്കാരെ ഉന്നമിപ്പിച്ചിട്ടുമുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളില്‍ ചാതുര്‍വര്‍ണ്യം വിധിച്ചിട്ടില്ലെന്നതു ശരി തന്നെ. ബുദ്ധ സംഘങ്ങളില്‍ വര്‍ണവ്യത്യാസം ഗണിച്ചിട്ടില്ലെന്നതും ശരിതന്നെ. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ മുമ്പുതന്നെ മുളച്ചുവളര്‍ന്ന ജാതിവിചാരങ്ങളെ പറിച്ചുകളയുവാന്‍ സംഘങ്ങള്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുമില്ല. സ്വാമി വിവേകാനന്ദന്‍ ബുദ്ധമതത്തെപ്പറ്റി വളരെ പരിജ്ഞാനവും ബഹുമാനവുമുള്ള മഹാനായിരുന്നില്ലേ? ജാതിശല്യത്തെപ്പറ്റി നിഷ്‌കരുണമായി ആക്ഷേപിക്കുകയും, ഗാഢമായി അനുതപിക്കുകയും ചെയ്ത വിശാല ഹൃദയനായിരുന്നില്ലേ? എന്തുകൊണ്ട് അദ്ദേഹം ഹിന്ദുമതത്തെപ്പറ്റി പരിഷ്‌കരിപ്പാന്‍ അല്ലാതെ ബുദ്ധമതത്തെ ഉജ്ജീവിപ്പാന്‍ ഉപദേശിച്ചില്ല?”(3) ഇങ്ങനെയൊക്കെയാണ് മതപരിവര്‍ത്തന രസവാദത്തില്‍ ആശാന്‍ പറയുന്നത്. സനാതനധര്‍മത്തോട്, ഇന്നത്തെ അര്‍ത്ഥത്തില്‍ ഹിന്ദുത്വത്തോടുള്ള കൂറ് തെളിയിക്കുന്നതാണിത്.
ദുരവസ്ഥയിലെയും ചണ്ഡാലഭിക്ഷുകിയിലെയും ഇതിവൃത്തങ്ങളെ മുന്‍നിര്‍ത്തി തന്നെ ഹിന്ദുവിരോധിയും ബുദ്ധമതപ്രേമിയുമായി ചിത്രീകരിക്കുന്നതിന് മതപരിവര്‍ത്തന രസവാദത്തില്‍ ആശാന്‍ മറുപടി നല്‍കുന്നുണ്ട്. ”എന്റെ അഭിപ്രായ സ്ഥൈര്യത്തെ ഉരച്ചുനോക്കാന്‍ അത് ശരിയായ കല്ലല്ലെന്നുള്ളത് ഇവിടെ പറയാതിരിപ്പാന്‍ നിവൃത്തിയില്ല. ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ അതല്ല, എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ച് ഞാന്‍ ചെയ്യുന്ന നിര്‍ദേശങ്ങളെല്ലാം മതപരിഷ്‌കരണത്തെ മാത്രം ഉപദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിയില്ലെന്നും നിഷ്‌കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ.”
വസ്ത്രം മാറുന്നതുപോലെ മതംമാറുന്നതിനോട് വിയോജിച്ചുകൊണ്ട് ആശാന്‍ മറ്റൊന്നുകൂടി പറയുന്നുണ്ട്. ”നമ്മില്‍ ചിലരുടെ അഭിപ്രായഭേദമനുസരിച്ച് ആധ്യാത്മിക വിഷയത്തില്‍ സ്ഥിരപ്രതിഷ്ഠയുള്ള സ്വാമി തൃപ്പാദങ്ങള്‍ മതംമാറുന്നതല്ലെന്നും എനിക്ക് തീര്‍ത്തുപറയാന്‍ കഴിയും. നമ്മുടെ മതഗുരുവിനെ നമ്മള്‍ മതംമാറ്റാന്‍ ശ്രമിക്കുന്നത് ഗുരുത്വമല്ലെന്നും പറയേണ്ടിവന്നതില്‍ ഞാന്‍ വ്യസനിക്കുന്നു.”
ഇക്കാര്യം ‘വിവേകോദയ’ത്തില്‍ പ്രസിദ്ധീകരിച്ച ‘മത പ്രസംഗം’ എന്ന മുഖപ്രസംഗത്തിലും ആശാന്‍ സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് വ്യക്തമാകുന്നുണ്ട്. ”ഹിന്ദുക്കളുടെ ഇടയില്‍ സാമുദായികമായി ചെയ്യപ്പെടുന്ന ഏത് പരിഷ്‌കാര ശ്രമത്തിന്റെയും സാഫല്യത്തിന് മതം തീരെ ഒഴിച്ചുകൂടാത്തതാകുന്നു. ഈ സത്യത്തെ വേണ്ടപോലെ മനസ്സിലാക്കീട്ടാണ് ഇന്ത്യയെ ഉയര്‍ത്തണമെങ്കില്‍ മതമാകുന്ന അതിന്റെ കൈപിടിയില്‍ തൂക്കീട്ടു തന്നെ വേണം എന്നു വിശ്വവിഖ്യാതനായ വിവേകാനന്ദ സ്വാമികള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഹിന്ദുക്കള്‍ക്ക് അഭിമാന ഹേതുകമായി വല്ലതും ശേഷിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ പ്രാചീനവും പരിശുദ്ധവുമായ മതം ഒന്നു മാത്രമാകുന്നു.” (4)
ഹിന്ദുധര്‍മത്തിന്റെ ദുരവസ്ഥ
മതപരിവര്‍ത്തനത്തിനല്ല മതപരിഷ്‌കരണത്തിനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നു പറയാന്‍ ഒരിക്കല്‍പ്പോലും ആശാന്‍ മടിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ആശാന്‍ ഇങ്ങനെയൊരു നിലപാടെടുത്തതെന്ന് ചിന്തിക്കുമ്പോള്‍ അവിടെയും ഗുരുവിന്റെ മുഖം തെളിഞ്ഞുവരുന്നതു കാണാം. ഹിന്ദുമതം മോക്ഷലാഭത്തിനു ധാരാളം മതിയെന്നും, അതിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്നും ഗുരുദേവന്‍ പറഞ്ഞതാണ് ആശാന്‍ ആധാരമാക്കുന്നത്. ലൗകിക സ്വാതന്ത്ര്യത്തിനും ഹിന്ദുധര്‍മം ഉപയുക്തമാണെന്ന തിരിച്ചറിവും ആശാനുണ്ടായിരുന്നു. ഉച്ചനീചത്വ പ്രശ്‌നപരിഹാരത്തിന്
ബുദ്ധമതത്തിലേക്കു മാത്രമല്ല, ക്രൈസ്തവ-ഇസ്ലാം മതങ്ങളിലേക്ക് മാറുന്നതിനെയും ആശാന്‍ അനുകൂലിച്ചിരുന്നില്ല. മതപരിവര്‍ത്തന രസവാദത്തില്‍ ഇത് എടുത്തുപറയുന്നുമുണ്ട്.
എന്തുകൊണ്ട് ഹിന്ദുധര്‍മത്തില്‍ അടിയുറച്ചുനില്‍ക്കണം എന്നതിന് മറ്റ് കാരണങ്ങളും ആശാന് പറയാനുണ്ടായിരുന്നു. താന്‍ ഹിന്ദുവായി തുടര്‍ന്നത് ശ്രീനാരായണ ധര്‍മം പു
ലര്‍ന്നു കാണാന്‍ വേണ്ടിയാണെന്ന നിലപാടായിരുന്നു ആശാന്. സംഘടിതവും പൗരോഹിത്യാധിപത്യവുമുള്ള സെമിറ്റിക് മതങ്ങളില്‍ ശ്രീനാരായണ ധര്‍മത്തിന് അംഗീകാരം കിട്ടില്ലെന്ന സത്യവും ആശാന്‍ വെളിപ്പെടുത്തുന്നുണ്ട്. ഹിന്ദുമതത്തില്‍ മതപരമായ നിയമങ്ങള്‍ ലംഘിക്കാനുള്ള സ്വാതന്ത്ര്യമുള്ളപ്പോള്‍ മറ്റു മതങ്ങളില്‍ അങ്ങനെയൊരു ചിന്തപോലും ദൈവനിഷേധമായും ദൈവനിന്ദയായും മുദ്രകുത്തുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യും. അന്നും ഇന്നും പ്രാബല്യത്തിലുള്ള ഈ അപ്രിയ സത്യം മുഖംനോക്കാതെ വിളിച്ചുപറയാന്‍ ആശാന്‍ മടിച്ചില്ല. കാലാന്തരത്തില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ക്കപ്പുറം ഹിന്ദുധര്‍മത്തിന്റെ ചിരന്തനമായ സത്യങ്ങള്‍ കാണാനും, അവയിലുള്ള തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കാനും കഴിഞ്ഞ ജീവിതമായിരുന്നു ആശാന്റേത്.
ഹിന്ദുമതത്തിന്റെ ഭൂതകാലം അത്യന്തം തിളക്കമാര്‍ന്നതാണെന്നും വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നും ആശാന്‍ ഒരിക്കലും കരുതിയിട്ടില്ല. ചരിത്രപരമായി അതിന് സംഭവിച്ച അധഃപതനത്തെക്കുറിച്ച് പൂര്‍ണബോധവാനുമായിരുന്നു. ‘ദുരവസ്ഥ’യുടെ ആമുഖത്തില്‍ നടത്തുന്ന വിമര്‍ശനം ഇതിന് തെളിവാണ്. ”ലഹളയുടെ വായില്‍നിന്ന്, അതിന്റെ നാവിന്റെ പരുപരുപ്പും വീരപ്പല്ലിന്റെ മൂര്‍ച്ചയും നല്ലവണ്ണം അറിഞ്ഞ് ഇപ്പോള്‍ വിശകലിതമായി വെളിയില്‍ വമിക്കപ്പെട്ടിരിക്കുന്ന ഹിന്ദുസമുദായം പുരാതനമായ ഒരു നാഗരികതയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണെന്നുള്ളതു ശരിതന്നെ. എന്നാല്‍ നവീനാദര്‍ശം അനുസരിച്ച് നോക്കിയാല്‍ ഈ സമുദായം ഇന്നും ശൈശവാവസ്ഥയില്‍ ഇരിക്കുകയാണെന്നുള്ളതും സമ്മതിച്ചേ തീരൂ.” (5) ഈ വിമര്‍ശനം ലക്ഷ്യംവയ്‌ക്കുന്നത് ഹിന്ദുമതത്തിന്റെ കേവലമായ ഉദ്ധാരണമല്ല, അതിന്റെ പുനഃസംഘടയാണെന്ന് വ്യക്തമാണല്ലോ.
1921 ല്‍ നടന്ന മാപ്പിള ലഹളയിലെ അതിക്രൂരമായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് എഴുതുന്നതെങ്കിലും ‘ദുരവസ്ഥ’യുടെ താല്‍പ്പര്യം വിശാലമായ ഹൈന്ദവ ഐക്യമാണ്. മതാന്ധരുടെ ക്രൂരതകള്‍ മറയില്ലാതെ ചിത്രീകരിക്കുന്നതിനൊപ്പം ഇതിനെ ഒരു വിധത്തിലും പ്രതിരോധിക്കാന്‍ കഴിയാത്ത ഹിന്ദുജനതയുടെ നിസ്സഹായവസ്ഥയും ആശാന്‍ വിളിച്ചുപറയുന്നു. ‘ഹിന്ദുധര്‍മം’ എന്നും ‘നമ്പൂതിരി മതം’ എന്നും ആശാന്‍ വേര്‍തിരിച്ചുകാണുന്നുണ്ട്. കലാപകാരികള്‍ മുസ്ലിങ്ങളും അതിനിരയായവര്‍ ബഹുഭൂരിപക്ഷവും വൈദിക ശ്രേഷ്ഠരായി കരുതപ്പെടുന്ന ബ്രാഹ്മണരുമാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്‌ക്കാതെ, എന്തുകൊണ്ട് ഇതിനെതിരെ പ്രത്യാക്രമണങ്ങളുണ്ടായില്ല എന്ന ചോദ്യമാണ് കവി ഉന്നയിക്കുന്നത്. അക്രമികളെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് അക്കാലത്തെ ഭീകരമായ ജാതിവ്യവസ്ഥ മൂലമാണ്. ബ്രാഹ്മണര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഹിന്ദുക്കളില്‍പ്പെടുന്ന അധഃസ്ഥിതര്‍ അവരെ സഹായിക്കാന്‍ ഇല്ലങ്ങളിലേക്കും മറ്റും പ്രവേശിച്ചാല്‍പ്പോലും പ്രശ്‌നമാവുമായിരുന്നു. കാരണം ബ്രാഹ്മണന്‍ ഭ്രഷ്ടരാകും. ഇതും വലിയൊരു ദുരവസ്ഥയായാണ് ആശാന്‍ കാണുന്നത്.
ഈ അവസ്ഥയ്‌ക്ക് മാറ്റം വരേണ്ടത് സ്വാഭാവികമായും വരേണ്യ വിഭാഗത്തില്‍നിന്നാണെന്ന് ആശാന്‍ വിശ്വസിച്ചു. ‘രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ പ്രാജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും’ എന്ന് ആശാന്‍ അഭിസംബോധന ചെയ്യുന്നത് ഇവരെയാണ്. ഇവരോടു തന്നെയാണ് ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ, മല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെത്താന്‍’ എന്ന് ആശാന്‍ ആഹ്വാനം ചെയ്യുന്നതും.
സ്‌നേഹത്തിന്റെ സാമൂഹ്യവിപ്ലവം
ആശാന്‍ സ്‌നേഹഗായകന്‍ മാത്രമായിരുന്നില്ല, സ്‌നേഹസ്വരൂപനുമായിരുന്നു. സ്‌നേഹമസൃണമായ വ്യക്തിബന്ധങ്ങളാണ് സൂക്ഷിച്ചിരുന്നത്. നളിനിക്ക് അവതാരികയെഴുതിയ എ.ആര്‍.രാജരാജവര്‍മയോടുള്ള ആശാന്റെ ആത്മബന്ധമാണ് ‘പ്രരോദനം’ എന്ന കവിതയ്‌ക്ക് നിദാനം. എ.ആര്‍. മരിച്ചിട്ട് ആശാന്‍ ഒന്നും എഴുതാത്തതില്‍ സഹൃദയര്‍ അടക്കംപറഞ്ഞിരുന്നു. എആറിന്റെ വേര്‍പാടിനോടുള്ള ആശാന്റെ വിലാപമായിരുന്നല്ലോ പ്രരോദനം. ഉല്‍ക്കടമായ സ്‌നേഹത്തിന്റെയും ഉള്ളുലയ്‌ക്കുന്ന ദുഃഖത്തിന്റെയും അക്ഷരസാക്ഷ്യമാണ് ഈ കവിത.
എസ്എന്‍ഡിപി യോഗം നിലവില്‍ വന്നശേഷമാണ് അതിനെ അനുകരിച്ചോ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടോ ഇതര സമുദായസംഘടനകള്‍ രൂപംകൊണ്ടത്. യോഗത്തിന്റെ സെക്രട്ടറിയായിരുന്ന ആശാന്‍ ഈ സംഘടനകളെയെല്ലാം സ്വാഗതം ചെയ്തു. അവയുടെ നേതാക്കളുമായി സൗഹൃദം പുലര്‍ത്തി. ആശാന്റെ കാലത്ത് സാമുദായിക സംഘടനകള്‍ പരസ്പരം പോരടിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇവിടെയും ഒരാള്‍ക്ക് ഗുരുദേവന്റെ മഹാമനസ്‌കതയും ആശാന്റെ വിശാല ഹിന്ദുത്വവും ദര്‍ശിക്കാന്‍ കഴിയും.
ആശാന്റെ കഥാപാത്രങ്ങളെല്ലാം ഒരു സ്‌നേഹപ്പരപ്പ് പങ്കുവയ്‌ക്കുന്നവരാണ്. നളിനിയിലെ ദിവാകരനും നളിനിയും, ലീലയിലെ മദനനും ലീലയും, ദുരവസ്ഥയിലെ സാവിത്രിയും ചാത്തനും, ചണ്ഡാല ഭിക്ഷുകിയിലെ ആനന്ദഭിക്ഷുവും മാതംഗിയും, കരുണയിലെ ഉപഗുപ്തനും വാസവദത്തയും ഇതിനുദാഹരണങ്ങളാണ്. സ്‌നേഹമാണ് സാമൂഹിക സ്വാതന്ത്ര്യത്തിന്റെ മുന്നുപാധി എന്നു കണ്ടെത്തുന്ന ആശാന്‍ സ്‌നേഹത്തിന്റെ കരുത്ത് എത്രത്തോളമാണെന്ന് കരചരണാദികളറ്റ് ശ്മശാനത്തില്‍ കിടക്കുന്ന വാസവദത്ത അവിടെ ഉപഗുപ്തനെത്തുമ്പോഴുള്ള സന്ദര്‍ഭത്തില്‍ വിവരിക്കുന്നുണ്ട്. ”അക്കിടപ്പിലും അവളാ യുവയോഗിയെ വീക്ഷിക്കുവാന്‍/പൊക്കീടുന്നു തല, രാഗവൈഭവം കണ്ടോ?” എന്നാണല്ലോ ആശാന്‍ ചോദിക്കുന്നത്.
”അന്തണനെ ചമച്ചുള്ളൊരു ദൈവമല്ലോ/ഹന്ത നിര്‍മിച്ചു ചെറുമനേയും” എന്നും, ”നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും/കാട്ടുപുല്ലല്ല സാധുപുലയന്‍” എന്നും ”ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ ബീജ/പിണ്ഡത്തിനൂഷരമാണോ” എന്നുമൊക്കെ ആശാന്‍ പ്രഖ്യാപിക്കുന്നതും ചോദിക്കുന്നതുമാണ് നവോത്ഥാനത്തിലെ യഥാര്‍ത്ഥ വിപ്ലവം. ഈ സാമൂഹ്യ വിപ്ലവത്തെ പ്രതിനിധീകരിക്കുന്നവരാണ് ദുരവസ്ഥ എന്ന കൃതിയിലെ സാവിത്രി അന്തര്‍ജ്ജനവും ചാത്തന്‍ പുലയനും. ഒരാള്‍ വരേണ്യതയുടെയും മറ്റെയാള്‍ കീഴാളത്തത്തിന്റെയും പ്രതീകം. അന്നത്തെ മതപരവും ജാതീയവുമായ ചുറ്റുപാടില്‍ പൊതുവായി ഒന്നുമില്ലാത്ത ഈ കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്നതിലൂടെ ഒരു മഹാമാതൃകയായാണ് ആശാന്‍ മുന്നോട്ടുവയ്‌ക്കുന്നത്. മാപ്പിളലഹള അനാഥമാക്കുന്ന സാവിത്രി അന്തര്‍ജ്ജനം ചാത്തന്റെ കൂരയില്‍ അഭയം തേടുകയും, ആ പുലയ യുവാവിന്റെ സ്വത്വശുദ്ധിയും സ്‌നേഹവും അടുത്തറിഞ്ഞ് പരിണയിക്കുകയും ചെയ്യുമ്പോള്‍ വിശാലഹിന്ദുത്വത്തിന്റെ പ്രതിനിധാനങ്ങളായി അവര്‍ മാറുകയാണ്. ‘ഈശേച്ഛ സുന്ദരമായ സമാഗമം’ എന്നാണ് ഇവരുടെ ബന്ധത്തെ കവി വിശേഷിപ്പിക്കുന്നത്.
അക്കാലത്തെ പല നവോത്ഥാന നായകന്മാരും ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഒരു സാമൂഹ്യ വീക്ഷണവും സദാചാര സങ്കല്‍പ്പവുമാണ് ആശാന്‍ അവതരിപ്പിക്കുന്നത്. ഈ ഇതിവൃത്തത്തെ മുന്‍നിര്‍ത്തി ആശാനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ പിന്മുറക്കാര്‍ പിന്നീട് മതേതരവാദികളായും പുരോഗമനവാദികളായും മറ്റും വേഷം മാറി പല കോണുകളില്‍ നിലയുറപ്പിച്ചു. ഹിന്ദു സമൂഹത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ഇവര്‍ ആശാന്റെ സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചു. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും വക്താക്കള്‍ ചമയുന്ന ശക്തികളും തന്ത്രപൂര്‍വം ഇവര്‍ക്കൊപ്പം നിന്നു. ‘നമ്പൂതിരി മുതല്‍ നായാടിവരെ’ എന്നൊക്കെ സമീപകാലത്ത് ചിലര്‍ വാചാലരാവുന്നത് ഒരു നൂറ്റാണ്ടു മുന്‍പ് ആശാന്‍ പറഞ്ഞതിന്റെ ആവര്‍ത്തനമാണ്. ആശാന്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഹിന്ദുധര്‍മത്തിന്റെ കാഴ്ചപ്പാടില്‍ കേരളത്തെ പുതുക്കിപ്പണിയണം. കാലം ആവശ്യപ്പെടുന്ന ദൗത്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: