തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ കേരളീയം ചലച്ചിത്രമേളയില്‍ തിരുവനന്തപുരത്ത് 100 സിനിമകളുടെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിക്കും. 1954 ല്‍ പുറത്തിറങ്ങിയതു മുതല്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നു മുതല്‍ 7വരെ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയറ്ററുകളിലാണ് പ്രദര്‍ശനം നടക്കുക. 87 ഫീച്ചര്‍ ഫിലിമുകളും പബഌക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മിച്ച 13 ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുക. ക്ലാസിക് ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, സ്ത്രീപക്ഷസിനിമകള്‍, ജനപ്രിയ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായ’മാണ് ആദ്യചിത്രം. ഉദ്ഘാടനദിവസം രാത്രി 7.30ന് നിള തിയേറ്ററില്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന് ത്രീഡിയില്‍ പ്രദര്‍ശിപ്പിക്കും. ഓളവും തീരവും, യവനിക, വാസ്തുഹാര, കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങളും ക്ലാസിക് വിഭാഗത്തില്‍ ചെമ്മീന്‍, നിര്‍മാല്യം, കുട്ടിസ്രാങ്ക്, സ്വപ്നാടനം, പെരുവഴിയമ്പലം, രുഗ്മിണി, സ്വരൂപം തുടങ്ങിയ 22 ചിത്രങ്ങളും ഒരു വടക്കന്‍ വീരഗാഥ, ഗോഡ്ഫാദര്, മണിച്ചിത്രത്താഴ്, വൈശാലി, നഖക്ഷതങ്ങള്‍, പെരുന്തച്ചന്, കിരീടം, 1921, മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍, യാത്ര, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നോക്കത്തൊ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം, മദനോല്‍സവം, പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് തുടങ്ങി 22 ജനപ്രിയ ചിത്രങ്ങളും വനിതാസംവിധായകരുടെ ചിത്രങ്ങളും സ്ത്രീപക്ഷ സിനിമകളില്‍ ഉള്‍പ്പെടുന്ന 22 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
കുട്ടികളുടെ വിഭാഗത്തില്‍ 20 ചിത്രങ്ങളും ഡോക്യുമെന്ററി വിഭാഗത്തില്‍ ശ്രീകുമാരന്‍ തമ്പി, എം. കൃഷ്ണന് നായര്‍ എന്നിവരെക്കുറിച്ച് ചലച്ചിത്ര അക്കാദമി നിര്‍മിച്ച ചിത്രങ്ങളും വയലാര്‍ രാമവര്‍മ്മ, കെ.ജി. ജോര്‍ജ്, രാമു കാര്യാട്ട്, ഒ.വി. വിജയന്, വള്ളത്തോള്‍, പ്രേംജി, മുതുകുളം രാഘവന്‍പിള്ള എന്നിവരെക്കുറിച്ച് പിആര്‍ഡി നിര്‍മിച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ആദ്യമെത്തുന്നവര്‍ക്ക് ഇരിപ്പിടം എന്ന നിലയില്‍ മുന്‍ഗണനാക്രമത്തില്‍ സൗജന്യമായാണ് പ്രവേശനം. തിരക്കു നിയന്ത്രിക്കുന്നതിനായി സൗജന്യ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയറ്ററിലേക്ക് ബാഗുകള്‍, ആഹാരസാധനങ്ങള്‍ എന്നിവ കൊണ്ടുവരാന്‍ അനുവദിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: