കൊച്ചി: ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിപ്പിച്ചെന്ന കേരളത്തിന്റെ ആരോപണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്മാര് ഫയല്‍ ചെയ്ത കേസുകളിലാണ് കേന്ദ്ര വിഹിതം വൈകുന്നതു മാത്രമാണ് പ്രശ്നമെന്ന് കേരളം ആരോപിച്ചത്.
ഇതു തെറ്റാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിയില്‍ പറഞ്ഞു. ഈ വര്‍ഷത്തെ കേന്ദ്ര വിഹിതത്തിന് കേരളം അപേക്ഷിച്ചത് ജൂലൈ നാലിനാണ്. ആവശ്യമായ ചെക്ക് ലിസ്റ്റ് കൊടുത്തത് ജൂലൈ 13നും. മുന്‍ വര്‍ഷത്തെ അധിക കേന്ദ്ര വിഹിതവും സംസ്ഥാനത്തിന്റെ ആനുപാതിക വിഹിതവും ഉച്ചഭക്ഷണ പദ്ധതിയുടെ നോഡല്‍ അക്കൗണ്ടിലേക്ക് കേരളം മാറ്റിയില്ല. കേന്ദ്ര മന്ത്രാലയം ഇതും മറ്റു ചില തകരാറുകളും ആഗസ്ത് എട്ടിനു ചൂണ്ടിക്കാട്ടി.
എന്നാല്‍, ഫണ്ട് പദ്ധതിയുടെ നോഡല്‍ അക്കൗണ്ടിലേക്ക് കേരളം നിക്ഷേപിച്ചത് സപ്തം. 13നാണ്. വിശദീകരണം കേന്ദത്തിന് ഇ മെയില്‍ ചെയ്തത് 15നും. ഇതു ലഭിച്ചയുടനെ കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡു സപ്തം. 22ന് കൊടുത്തെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ വീഴ്ചകള്‍ മൂലമാണ് വിഹിതം ജൂലൈയില്‍ തന്നെ നല്കാന് കഴിയാതിരുന്നതെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ വിശദീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ സമയമാവശ്യപ്പെട്ടു. കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: