ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി നടത്തിയ വ്യാപക പ്രവര്‍ത്തനങ്ങളുടെ ഫലമായി കടന്നുവന്ന ആയിരക്കണക്കിന് പുതിയ വരിക്കാരെ, കേരളപ്പിറവിയുടെ ശുഭവേളയില്‍ ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഒപ്പം പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങിയ ഭാരതീയ ജനതാ പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ളവരെയും അഭിനന്ദിക്കുന്നു.
വരിക്കാരെ ചേര്‍ക്കുകയും അതിന്റെ ശൃംഖല വര്‍ധിപ്പിക്കുകയുമെന്നത് മറ്റേതൊരു പത്രത്തെയും പോലെ ജന്മഭൂമിയും ചെയ്തു വരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ ബിജെപി ഏറ്റെടുത്ത പ്രവര്‍ത്തനത്തിന് സവിശേഷതകള്‍ ഏറെയാണ്. ഭാരതത്തിന്റെ ചിരന്തന ദേശീയതയും സംസ്‌കാരവും സമാജ ജീവിതവും കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. പക്ഷം പിടിക്കാതെയും ഭയരഹിതമായും സത്യസന്ധമായും വിശ്വാസ യോഗ്യമായും ജനങ്ങള്‍ക്കു മുന്നില്‍ വാര്‍ത്തകളെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് അര്‍ധ മനസ്സു മാത്രമുള്ള ദേശമാണ് കേരളമെന്നത് പറയാതെ വയ്യ.
സമാജ ജീവിതം അതിന്റെ പൗരാണികതയിലെ നല്ല വശങ്ങളെ ഉള്‍ക്കൊണ്ടും മാറി മാറി വരുന്ന കാലസ്ഥിതികളില്‍ ദേശീയ ആവശ്യങ്ങളെ തിരിച്ചറിഞ്ഞും സുതാര്യ ഭരണ വ്യവസ്ഥിതിയുടെ ഗുണം അനുഭവിച്ചും മുന്നേറുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുക. അതിന് അനുകൂലമായ സാഹചര്യങ്ങളിലേക്ക് ജനബോധത്തെ തട്ടിയുണര്‍ത്തുന്നതില്‍ പത്ര മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ജനാധിപത്യം, മനുഷ്യാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെല്ലാം നേരായ പത്ര വായനയിലൂടെ ശക്തമാകുന്നു.
മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി ജന്മഭൂമി മുന്നോട്ടുവയ്‌ക്കുന്ന ആദര്‍ശവും ഇതുതന്നെ. അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടി അടച്ചുപൂട്ടല്‍ നേരിട്ടപ്പോഴും, പിന്നീടുള്ള യാത്രയിലുടനീളവും മേല്‍പ്പറഞ്ഞ ശരിയുടെ പക്ഷത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ജന്മഭൂമി ശ്രമിച്ചത്. അതിന്റെ പതാകവാഹകരാകാന്‍ സ്വാഭാവികമായി സാധിക്കുക ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ദേശീയധാരയോടു കൂറു പുലര്‍ത്തുന്ന ഇതര ജന സാമാന്യത്തിനുമാണ്.
പിന്നിടുന്ന 10 വര്‍ഷങ്ങള്‍ ഭാരതത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ലോകത്തെയാകെ കഴിഞ്ഞ 2000 വര്‍ഷങ്ങളിലേക്കൊതുക്കി കലയുടെയും ശാസ്ത്രത്തിന്റെയും വികസനത്തിന്റെയുമെല്ലാം അളവുകോലുകളെ അതിനനുസരിച്ച് പാകപ്പെടുത്തി ഭാഷ്യങ്ങള്‍ രചിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രധാനമായും പാശ്ചാത്യര്‍ മുന്നോട്ടുവയ്‌ക്കുന്ന ഈ കാഴ്ചപ്പാട് തങ്ങളുടെ കണ്ണടയ്‌ക്കു പിടിക്കാത്തത് പടിക്കു പുറത്തെന്നതാണ്. അതിനപ്പുറമാണ് ഭാരതമെന്ന് ലോകത്തോടു പറയാന്‍ കഴിയുന്ന ഭരണകൂടവും അതിനെ പിന്തുണയ്‌ക്കുന്ന ജന സമൂഹവും 10 വര്‍ഷത്തിനിടെ രാജ്യത്ത് കരുത്താര്‍ജ്ജിച്ചു. സുതാര്യവും അഴിമതിരഹിതവുമായ വികസനം ജീവവായുവായി മുറുകെപ്പിടിക്കുന്ന ഭരണകൂടത്തിന്റെ തണല്‍ പാവപ്പെട്ടവന്റെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്റെയും സ്വപ്‌നങ്ങള്‍ക്കു ജീവന്‍ പകര്‍ന്നു. അവരുടെ കരുത്തില്‍ അമൃതകാലത്തിലൂടെയുള്ള യാത്രയിലാണ് ഭാരതം.
മാറ്റത്തിന്റെ ഈ യഥാര്‍ഥ ചിത്രം പക്ഷേ, കേരളത്തില്‍ തമസ്‌കരിക്കപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ പക്ഷപാതിത്വവും കച്ചവട താത്പര്യങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാടുകളുമെല്ലാം ഇതിനു കാരണമായിത്തീരുന്നു. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയുടെ പ്രചാരം അനിവാര്യമാണെന്ന തോന്നല്‍ ശക്തമായത്. ദേശീയതയുടെ ഗംഗാപ്രവാഹത്തിന് പുതിയ ചാലുകള്‍ കീറാന്‍ ബിജെപി നേതൃത്വം തുനിഞ്ഞിറങ്ങിയതും ഇതിനാല്‍ത്തന്നെ. ജന്മഭൂമി വരിക്കാരെ വര്‍ധിപ്പിക്കാന്‍ വാര്‍ഡുതലം തൊട്ട് ചിട്ടയോടെ പാര്‍ട്ടി പ്രവര്‍ത്തിച്ചു.
കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് വരിക്കാരെ ചേര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ സംഭവങ്ങള്‍, ഗ്രാമത്തിലെ എല്ലാ വീടുകളിലും ജന്മഭൂമിയെത്തിച്ച് ജന്മഭൂമിഗ്രാമങ്ങള്‍ സൃഷ്ടിച്ച പ്രവര്‍ത്തകര്‍, പ്രായാധിക്യത്തെ മറികടന്നും വീടുകള്‍ കയറി നിരവധി വരിക്കാരെ കണ്ടെത്തിയ വയോജനങ്ങള്‍, വായനശാലകളും ക്ലബുകളും കേന്ദ്രീകരിച്ച് വരിക്കാരെ ചേര്‍ക്കാനുള്ള പ്രത്യേക പരിശ്രമങ്ങള്‍ എന്നിവയെല്ലാമുണ്ടായി. സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം പ്രചാര പ്രവര്‍ത്തനങ്ങളില്‍ പ്രകടമായി. പാര്‍ട്ടി നല്കിയ ലക്ഷ്യങ്ങള്‍ ആവേശത്തോടെ മറികടക്കുന്ന പ്രവര്‍ത്തകര്‍ നിരവധിയായി രംഗത്തുവരുന്നതും കണ്ടു. നേതൃത്വമൊന്നാകെ പ്രവര്‍ത്തകര്‍ക്കു മാര്‍ഗദര്‍ശികളായി ഒപ്പം നിലകൊണ്ടു. പ്രചാരണ വേളയില്‍ കേരളത്തിലുണ്ടായിരുന്ന ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും ജന്മഭൂമിക്കായി ജനങ്ങളിലേക്കിറങ്ങിയത് ആവേശം പകരുന്നതായി.
വായനക്കാരുടെ പുതിയ കൂട്ടായ്മയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. വനവാസി മേഖലകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ജനങ്ങള്‍ ജന്മഭൂമി വരിക്കാരാകാന്‍ മത്സരിച്ചു. ഇന്നു മുതല്‍ പുതിയ വായനക്കാരിലേക്ക് ജന്മഭൂമി എത്തിത്തുടങ്ങും. ആശയങ്ങളുടെ പുതിയ ലോകം കേരളത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു കാരണമാകുക തന്നെ ചെയ്യും. പ്രത്യയ ശാസ്ത്രപരമായി മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും പരിവര്‍ത്തനത്തിനുതകുന്നതാകും കേരളപ്പിറവി ദിനത്തിലെ ഈ ചുവടുവയ്പ്.
കൊവിഡാനന്തര സമ്പദ്ഘടനയുടെ സങ്കീര്‍ണതകളില്‍ വായനക്കാരെ ചേര്‍ത്തുനിര്‍ത്തുകയെന്നത് ഏതൊരു പത്രത്തിനും കടുത്ത വെല്ലുവിളിയാണ്. കൊവിഡ് കാലത്ത് പത്ര മാധ്യമങ്ങള്‍ നേരിട്ട പ്രതിസന്ധി പഠിച്ച ഏതൊരാളും ഇതു സമ്മതിക്കും. ഇവിടെ, ജന്മഭൂമിയെ യഥാവിധി സഹായിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കായി എന്നത് കൃതജ്ഞതയോടെ സ്മരിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: