കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു.അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ഡൊമിനിക് മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. അതേസമയം കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്നും സ്വയം കേസ് വാദിക്കാമെന്നും പ്രതി കോടതിയെ അറിയിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്നും പറഞ്ഞു.
തെളിവെടുപ്പിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിര്‍മിച്ചത് മാര്‍ട്ടിന്‍ ഒറ്റയ്‌ക്കാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഐഇഡി നിര്‍മിച്ചതിന്റെ അവശിഷ്ടങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ സൂക്ഷിച്ച കുപ്പിയും കണ്ടെടുത്തു.
അതേസമയം സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ അന്വേഷണം ദുബായിലേക്കും നീളും.സ്ഫോടനം നടത്തിയതിന്റെ തലേദിവസം മാര്‍ട്ടിന്റെ ഫോണിലേക്ക് രാത്രി കോള്‍ വന്നിരുന്നതായി ഭാര്യ പൊലീസിന് മൊഴി നല്‍കി.
ഇത് ആരെന്ന് അന്വേഷിച്ചതിന് ദേഷ്യപ്പെട്ടതായും അടുത്ത ദിവസം രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. ആരാണ് മാര്‍ട്ടിന്റെ ഫോണിലേക്ക് വിളിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: