ന്യൂദല്‍ഹി:എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. സിബിഐ സീനിയര്‍ അഭിഭാഷകന് ഹാജരാകാതിരുന്നതിനാലാണ് ഇത്തവണ കേസ് മാറ്റിയത്.
കുറച്ചുസമയത്തിന് ശേഷം പരിഗണിക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ഹര്‍ജികള്‍ മാറ്റി. ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളില്‍ മാറിമാറിയെത്തിയ ലാവ്ലിന് കേസ് ഇത് 36ാം തവണയാണ് മാറ്റുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2017ലാണ് സുപ്രീംകോടതിയില്‍ ഈ ഹര്‍ജികള്‍ എത്തുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ അഴിമതിയുണ്ടെന്നും സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
ലാവ് ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി 2017ല്‍ കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ സിബിഐ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: