തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ ഗവര്‍ണര്‍ക്ക് ക്ഷണമില്ല. ഗവര്‍ണര്‍ തലസ്ഥാനത്ത് ഉണ്ടായിട്ടും ക്ഷണമില്ലെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതില്ലായെന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ കൈകാള്ളുകയായിരുന്നു.
നവംബര്‍ 1 ന് രാവിലെ 10 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ശോഭന എന്നിവരും യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് ഗവര്‍ണര്‍ക്ക് ക്ഷണമില്ലാത്തത്. ഇതോടെ സർക്കാർ-രാജ്ഭവൻ പോര് കൂടുതൽ കടുക്കുകയാണ്.
അനാവശ്യ ധൂർത്തിന്റെ പേരിൽ കേരളീയം പരിപാടിയ്‌ക്കെതിരെ നിരവധി കോണുകളിൽ നിന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്. പ്രതിപക്ഷം കേരളീയം ബഹിഷ്കരിച്ചിരുന്നു. നിലവിൽ തലസ്ഥാനത്തുള്ള ഗവർണറെ കേരളീയം പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത് കൂടുതൽ വിവാദങ്ങൾക്കാണ് വഴിവെക്കുന്നത്.
നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി കവടിയാര്‍ മുതല്‍ കിഴക്കെക്കോട്ട വരെ 42 വേദികളിലായാണ് നടക്കുക. നവംബര്‍ രണ്ടു മുതല്‍ ആറുവരെ രാവിലെകളില്‍ സെമിനാറുകള്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന കലാപരിപാടികളില്‍ 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങിയവ രാവിലെ 10 മുതല്‍ രാത്രി 10 വരെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: