കൊല്‍ക്കത്ത: സിംഗൂരിലെ നാനോ കാര്‍ നിര്‍മ്മാണ കേന്ദ്രം അടച്ചു പൂട്ടേണ്ടി വന്നതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടത്തിന് ടാറ്റ മോട്ടോഴ്സിന് 766 കോടി രൂപ നഷ്ടപരിഹാരം നല്കാന് പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനോട് (ഡബ്ല്യുബിഐഡിസി) ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. ഭൂമി തര്‍ക്കം കാരണം 2008 ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് ടാറ്റ മോട്ടോഴ്സിന് പ്ലാന്റ് മാറ്റേണ്ടി വന്നു. എന്നാല്‍ അപ്പോഴേക്കും സിംഗൂരില്‍ 1,000 കോടി രൂപയിലധികം ടാറ്റ നിക്ഷേപം നടത്തിയിരുന്നു.
2016 സെപ്തംബര്‍ ഒന്ന് മുതല്‍ പ്രതിവര്‍ഷം 11 ശതമാനം പലിശ സഹിതം 765.78 കോടി രൂപ പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കാന്‍ കമ്പനിക്ക് അര്‍ഹതയുണ്ടെന്ന് മൂന്നംഗ ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ വിധിച്ചു. കേസ് നടപടികള്‍ക്കായി ഒരു കോടി രൂപയും പശ്ചിമ ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ഈടാക്കാന്‍ ടാറ്റ മോട്ടോഴ്സിന് അര്‍ഹതയുണ്ട്.
നാനോ കാര്‍ നിര്‍മ്മിക്കുന്നതിനായി സാനന്ദില്‍ 2010 ജൂണില്‍ ടാറ്റ മോട്ടോഴ്സ് പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഭൂമി വിവാദം കാരണം പ്ലാന്റ് പശ്ചിമ ബംഗാളിന് പുറത്തേക്ക് മാറ്റാന്‍ നിര്‍ബന്ധിതരായി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഉദ്ഘാടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: