Categories: Kottayam

ചങ്ങനാശ്ശേരി മാര്‍ക്കറ്റ്-വെട്ടിത്തുരുത്ത് റോഡ് തകര്‍ന്നു

Published by

ചങ്ങനാശ്ശേരി: മാര്‍ക്കറ്റില്‍ നിന്നു വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായതോടെ യാത്രാക്ലേശം രൂക്ഷമായി. റോഡിലെ കുഴികളും വെള്ളക്കെട്ടും അപകട സാധ്യത സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

റോഡ് തകര്‍ന്നിട്ടും സഞ്ചാരയോഗ്യമാക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. വാഴപ്പള്ളി പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. തുലാമഴ കൂടി ശക്തമായതോടെ റോഡില്‍ വെള്ളക്കെട്ടും രൂക്ഷമാണ്.

റോഡിന്റെ വീതിക്കുറവും വളവുകളും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കു പുറമേ സഞ്ചാരയോഗ്യമല്ലാതായതോടെ ഇത് വഴിയാത്രചെയ്യാന്‍ ആളുകള്‍ ഏറെ പ്രയാസപ്പെടുകയാണ്.അടിയന്തിര ഘട്ടങ്ങളില്‍ ഓട്ടോറിക്ഷകള്‍ പോലും എത്താറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. യാത്രാദുരിതം വര്‍ധിച്ചതോടെ വലിയ കുഴികളുള്ള ഭാഗത്ത് അടുത്തിടെ മണ്ണും മറ്റും ഇട്ടിരുന്നു. എന്നാല്‍ ഇതുകൊണ്ടു മാത്രം കാര്യമില്ലെന്നും ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും നാട്ടുകാര്‍ പറയുന്നു.

കൃഷി ആവശ്യവുമായി ബന്ധപ്പെട്ടും വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ഈ റോഡിലുള്ള ആസ്മാ പാലം ശോച്യാവസ്ഥയിലായതും ദുരിതമായി. മണ്ണിരിത്തിയതിനാല്‍ അപ്രോച്ച് റോഡുമായുള്ള നിരപ്പ് വ്യത്യാസമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by