പയറുവർഗങ്ങളിൽ പ്രധാനിയാണ് വൻപയർ. കറിയായും തോരാനായും ഒക്കെ നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വൻപയറിന്റെ ഗുണങ്ങൾ മിക്കവർക്കും അറിയില്ലെന്നതാണ് വാസ്തവം. ധാരാളം പോഷകഗുണമുള്ള ധാന്യമാണ് വൻപയർ. 100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാത്സ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
കൊഴുപ്പും കാലറിയും കുറഞ്ഞതായത് കൊണ്ടുതന്നെ ശരീരഭാരം കുറയ്‌ക്കാനും വൻപയർ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിൾ ഫൈബർ, പ്രോട്ടീൻ ഇവയുള്ളതിനാൽ രക്തസമ്മർദം സാധാരണ നിലയിലാക്കി നിർത്താനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്നു. ശരീരത്തിന് ഊർജമേകാനും വൻപയർ സഹായിക്കുന്നു.
അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വൻപയർ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്‌ക്കുന്നു. ഭക്ഷ്യനാരുകൾ മലബന്ധം അകറ്റുന്നു. നിരോക്സീകാരികൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വൻപയർ സഹായിക്കും. മലാശയ അർബുദം തടയാനും വൻപയർ സഹായിക്കും. വൻപയറിലെ മാംഗനീസ്, കാൽസ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഒസ്റ്റിയോപൊറോസിസ് തടയുന്നു.
വൻപയറിലെ ഫോളേറ്റുകൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൻപയറിലെ മഗ്നീഷ്യം മൈഗ്രേൻ തടയുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നു. വായുകോപം ഭയന്നാണ് പലരും വൻപയർ കഴിക്കാൻ മടിക്കുന്നത്. ഇതകറ്റാൻ എട്ടോ പത്തോ മണിക്കൂറെങ്കിലും വൻപയർ കുതിർക്കണം. നന്നായി വേവിക്കാൻ ശ്രദ്ധിക്കണം. വൻപയറിനൊപ്പം ധാരാളം വെളുത്തുള്ളി കൂടി ചേർത്താൽ ഗ്യാസ്ട്രബിളിനെ പേടിക്കുകയേ വേണ്ട. മുളപ്പിച്ചും വൻപയർ ഉപയോഗിക്കാം. ആരോഗ്യഗുണങ്ങൾ ഇരട്ടി ലഭിക്കാൻ മുളപ്പിച്ച പയർ കഴിക്കുന്നത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: