തൃശ്ശൂര്‍: അവസാന ശ്വാസം വരെയും ആദര്‍ശത്തിനു വേണ്ടി ജീവിച്ച ആര്. ഹരിയുടെ ജീവിതം തന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പ്രേരണയും മാര്‍ഗദര്‍ശനവുമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി ഹരിയേട്ടന് അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രഹ്ലാദ് ജോഷി. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതസംസ്കാരത്തില്‍ അങ്ങേയറ്റം അഭിമാനംകൊണ്ട വ്യക്തിത്വമായിരുന്നു ആര്. ഹരിയുടേതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പറഞ്ഞു. ത്യാഗം, അര്‍പ്പണം എന്നിവയുടെ മാതൃകയായിരുന്നു അദ്ദേഹം. മരണശേഷവും ആര്.ഹരി ശക്തനാണെന്ന് അദ്ദേഹത്തിന്റെ ആശയങ്ങളും പുസ്തകങ്ങളും തെളിയിക്കും, അദ്ദേഹം പറഞ്ഞു.
രാഷ്ട്രം ഒന്നാമതും മറ്റെല്ലാം പിന്നീടും എന്നതായിരുന്നു ആര്. ഹരിയുടെ ചിന്തയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. ജീവിത ദൗത്യത്തില്‍ പൂര്‍ണ്ണ തൃപ്തനായിരുന്നു അദ്ദേഹം. ജീവിതം തന്നെ സന്ദേശം എന്ന് തെളിയിച്ച മഹാന്മാരുടെ കൂട്ടത്തിലാണ് ആര്. ഹരിയെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
രാഷ്ട്രം മുഴുവന്‍ ആര്. ഹരിയുടെ കുടുംബമാണെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ലക്ഷക്കണക്കിന് കുടുംബാംഗങ്ങളാണ് അദ്ദേഹത്തിനുള്ളത്. മഹാനായ പണ്ഡിതനെയും ദാര്ശനികനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത.് ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാന സമ്പത്തിനെ പരിപോഷിപ്പിക്കാന്‍ പരിശ്രമിച്ച പണ്ഡിതനായിരുന്നു ആര്. ഹരി. സ്വന്തം മോക്ഷം പോലും ആഗ്രഹിക്കാതെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പുനര്ജന്മം ഉണ്ടെങ്കില്‍ ഇതേ കാര്യത്തിനായി അദ്ദേഹം വീണ്ടും ജനിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന് അഭിപ്രായപ്പെട്ടു.
മായന്നൂര്‍ തണല്‍ ബാലാശ്രമത്തിലെ പൊതുദര്‍ശനത്തിനും ഐവര്‍ മഠത്തില്‍ സംസ്കാരച്ചടങ്ങുകള്‍ക്കും ശേഷമാണ് അനുസ്മരണസമ്മേളനം ചേര്‍ന്നത്. ആര്‍എസ്എസ് പ്രാന്തകാര്യാലയമായ എറണാകുളം മാധവനിവാസില്‍ നിന്ന് ഇന്നലെ രാവിലെയാണ് തണല്‍ ബാലാശ്രമത്തിലേക്ക് ഹരിയേട്ടന്റെ ഭൗതികശരീരം എത്തിച്ചത്. ബിഎംഎസ് ദേശീയ ട്രഷറര്‍ എസ്.കെ. റാത്തോഡ് പുലര്‍ച്ചെ മാധവനിവാസിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഹരിയേട്ടന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ തണലില്‍ ആയിരങ്ങളാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാനായി എത്തിയത്. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ദക്ഷിണ ക്ഷേത്ര പ്രചാരക് എ. സെന്തില്‍, മുതിര്‍ന്ന പ്രചാരകന്മാരായ വി. ഭാഗയ്യ, എസ്. സേതുമാധവന്, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ഡോ. തരുണ്‍ വിജയ്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, കൊടുങ്ങല്ലൂര്‍ വിവേകാനന്ദ വേദിക് വിഷന്‍ ഫൗണ്ടേണ്ടഷന്‍ ഡയറക്ടര്‍ ഡോ.എം. ലക്ഷ്മികുമാരി, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്, സംവിധായകന് മേജര്‍ രവി, നടന് ദേവന്, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗം പി.ആര്. ശശിധരന്, സഹസമ്പര്‍ക്ക പ്രമുഖ് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, സഹ പ്രാന്ത പ്രചാരകന്മാരായ എ. വിനോദ്, വി. അനീഷ്, പ്രാന്ത കാര്യകാരി അംഗം എ.ആര്. മോഹനന്, കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി ടി.എസ്. കല്യാണരാമന്, ജഗ്ഗു സ്വാമി (അമൃത ആശുപത്രി), പടിഞ്ഞാറക്കര ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എംഡി ഡോ. പി. സേതുമാധവന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ തണലിലെത്തി ഹരിയേട്ടന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: