എറണാകുളം നഗരമധ്യത്തില്‍ ടിഡി റോഡിനടുത്തുള്ള തെരുവി പറമ്പില്‍ താമസിച്ചിരുന്ന രംഗ ഷേണായിയുടേയും പദ്മാവതിയുടെയും പത്തു മക്കളില്‍ രണ്ടാമത്തെ മകനായിട്ടാണ് 1930 ഡിസംബര്‍ 5ന് ആര്‍.ഹരിയുടെ ജനനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ആര്‍എസ്എസ് ശാഖയില്‍ പോയി തുടങ്ങി. 1948ല്‍ ഗാന്ധിവധം ആരോപിച്ച് സംഘത്തെ നിരോധിച്ചപ്പോള്‍ ബിഎസ്‌സി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. നിരോധനത്തിനെതിരെ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത് അഞ്ചു മാസകാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. ജയില്‍ മോചനത്തിനു ശേഷം വീണ്ടും 1949ല്‍ മഹാരാജാസ് കോളജില്‍ ചേര്‍ന്ന് ബിഎ ബിരുദം നേടി. 1951ല്‍ സംഘത്തിന്റെ പറവൂര്‍ താലൂക് പ്രചാരകനായി പ്രചാരക ജീവിതം ആരംഭിച്ച ഹരിയേട്ടന്‍ തുടര്‍ന്ന് സംഘത്തിന്റെ കേരളത്തിന്റെ പ്രാന്ത പ്രചാരകനായും അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായും ചുമതലകള്‍ വഹിച്ച് സംഘപ്രസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കാഴ്ചപ്പാടും മാര്‍ഗദര്‍ശനവും നല്‍കി.
അടിയന്തിരാവസ്ഥ
ഭാരതത്തില്‍ ജനാധിപത്യത്തെ കാശാപ്പു ചെയ്ത് 1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ സംഘത്തിന്റെ നേതൃത്വത്തില്‍ സത്യഗ്രഹ സമരപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. കേരളത്തില്‍ ഈ സമരങ്ങള്‍ക്ക് പിന്നില്‍ നിന്ന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിരോധിക്കപ്പെട്ട അടിയന്തിരാവസ്ഥാ കാലയളവില്‍ ജനാധിപത്യ ധ്വംസനത്തെ തുറന്നു കാട്ടാനും കാലഘട്ടത്തിന്റെ നേര്‍ ചിത്രം ജനങ്ങളിലെത്തിക്കാനും അന്ന് കേരളത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പ്രസിദ്ധീകരണമായ ‘കുരുക്ഷേത്രത്തിന്റെ’ പിന്നിലും പ്രവര്‍ത്തിച്ചത് ഹരിയേട്ടനായിരുന്നു.
ബഹുഭാഷാ പണ്ഡിതന്‍
മലയാളം കൂടാതെ സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി, കൊങ്കണി, മറാഠി, ഭാഷകളില്‍ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്ന അദ്ദേഹത്തിന് തമിഴ്, കന്നട തുളു ഭാഷകളിലും അവഗാഹമുണ്ട്. ഈ ഭാഷകളിലെല്ലാമുള്ള ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളും സാഹിത്യങ്ങളും വായിച്ച മറ്റൊരു വ്യക്തി കേരളത്തിലുണ്ടോ എന്ന് സംശയമാണ്.
നിരീക്ഷണ പാടവം
സംഘപ്രവര്‍ത്തനത്തിനായി കേരളത്തിലെ ഓരോ ഗ്രാമത്തിലും യാത്ര ചെയ്ത അദ്ദേഹത്തിന് കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനജീവിതത്തിന്റെ സവിശേഷമായ എല്ലാ വശങ്ങളും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഓരോ ഗ്രാമത്തിലേയും സ്ഥലനാമങ്ങള്‍, ഭക്ഷണരീതികള്‍, ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍, പ്രാദേശിക സാഹിത്യങ്ങള്‍ എല്ലാം യാത്രയക്കിടയില്‍ സമഗ്രമായി മനസിലാക്കുമായിരുന്നു. കേരളത്തനിമയും, വൈവിധ്യങ്ങള്‍ക്കിടയിലും സാംസ്‌ക്കാരിക ഐക്യവും തുടിച്ചു നില്‍ക്കുന്ന അത്തരം അനുഭവങ്ങള്‍ ബൈഠക്കുകളിലും പ്രഭാഷണങ്ങളിലും സഹജമായി അവതരിപ്പിക്കുമായിരുന്നു.
ദേശീയ തലത്തിലും വിശ്വവിഭാഗിലും
കേരളത്തില്‍ നിന്ന് സംഘത്തിന്റെ അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ കാര്യകര്‍ത്താവാണ് ഹരിയേട്ടന്‍. ഇതു കൂടാതെ വിശ്വവിഭാഗിന്റെ സമ്പര്‍ക്ക അധികാരി എന്ന നിലയില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ല്‍ അധികം വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. 2001ല്‍ ലിഥുവാനിയയില്‍ നടന്ന ക്രിസ്തുവിന് മുമ്പുള്ള മതങ്ങളുടെ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുത്തു പ്രഭാഷണം നടത്തുകയുണ്ടായി.
കേരളം അറിയാതെ പോയ പാണ്ഡിത്യം
കേരളം അധികം അറിയപ്പെടാതെ പോയ പണ്ഡിത ശ്രേഷ്ഠനും പ്രതിഭയുമാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹരിയേട്ടന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പൃഥ്വീസൂക്ത’ പ്രകാശനം ചെയ്തപ്പോള്‍ പണ്ഡിതനും എഴുത്തുകാരനും ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണറുമായ ആരീഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റെ അനുഭവം പറയുകയുണ്ടായി. കേരളത്തിലെ രാജ്ഭവനില്‍ നിന്ന് രാമായണത്തിലെ തിരഞ്ഞെടുത്ത സുഭാഷിതങ്ങളടങ്ങിയ ഒരു പുസ്തകം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വായിക്കാനിടയായി. ഒരു വട്ടം വായിച്ചപ്പോള്‍ കൂടുതല്‍ ആവര്‍ത്തി വായിക്കാനും അന്നേ വരെ താന്‍ പേരു പോലും കേള്‍ക്കാത്ത ആ ഗ്രന്ഥകാരനാരാണെന്ന് അറിയാനും ആകാംക്ഷയുണ്ടായി. ആ അന്വേഷണത്തിലാണ് പണ്ഡിത ശ്രേഷ്ഠനായ ഹരിയേട്ടനെ പരിചയപ്പെടുന്നത്. ആദ്യത്തെ സംഭാഷണത്തിനിടയില്‍
‘ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തി
ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തി ….’
എന്ന മഹാഭാരതത്തിലേതെന്ന് പറഞ്ഞ് ശ്ലോകം ഞാന്‍ പരാമര്‍ശിച്ചപ്പോള്‍ അത് മഹാഭാരതത്തിലേതല്ലെന്നും ഗര്‍ഗ സംഹിതയിലേതാണെന്നും അതിന്റെ സന്ദര്‍ഭവും മറ്റും വിശദമായി പറഞ്ഞുതന്ന് ബോധ്യപ്പെടുത്തി. ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളായ വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും, പുരാണങ്ങളുമൊക്കെ ആഴത്തില്‍ പഠിച്ച വ്യക്തിയാണെന്ന് ആദ്യ കൂടി കാഴ്ചയില്‍ തന്നെ ബോധ്യപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹം മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും, സംസ്‌കൃതത്തിലും ഉള്‍പ്പെടെ 50ല്‍ അധികം പുസ്തകങ്ങളുടെ രചയിതാവാണെന്ന് മനസ്സിലാക്കിയത്.
ചിന്തകന്‍ എഴുത്തുകാരന്‍ പ്രഭാഷകന്‍
ബൗദ്ധിക ക്ഷമതയും സ്വാധ്യായ സമ്പത്തും സൂക്ഷമായ നിരീക്ഷണപാടവും ഒത്തു ചേര്‍ന്ന സവിശേഷമായ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. തന്റെ ദീപ്തവും വ്യാപ്തവുമായ ബോധമണ്ഡലത്തില്‍ എല്ലാറ്റിനേയും അപഗ്രഥിച്ചു നോക്കുന്ന ശൈലിയും അതിന് മാറ്റു കൂട്ടുന്ന അനുഭവസമ്പത്തുമുള്ള വ്യക്തിത്വം. കഠിനവും ഗഹനവുമായ വിഷയങ്ങള്‍ പോലും ലളിതവും രസിപ്പിക്കുന്നതുമായ ശൈലിയില്‍ അവരിപ്പിക്കാനുള്ള അസാമാന്യമായ പ്രഭാഷണ പാടവവും അദ്ദേഹത്തിനുണ്ട്. വേദങ്ങളും, ഇതിഹാസങ്ങളും, ഉപനിഷത്തുക്കളും, പുരാണങ്ങളും ഉള്‍പ്പടെയുള്ള ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി അപഗ്രഥിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ദീര്‍ഘകാലത്തെ ബൗധിക തപസ്സിന്റെ പരിണതഫലമായുണ്ടായതാണ്.
വ്യാസഭാരതത്തിലെ ശ്രീകൃഷ്ണന്‍, കര്‍ണ്ണന്‍, ദ്രൗപദി, വിദുരര്‍, ഭീഷ്മര്‍, നാരദന്‍, യുധിഷ്ഠിരന്‍ എന്നീ മഹദ്ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. മഹാഭാരതത്തിലെ പറയപ്പെടാത്ത നേരുകള്‍, വാല്‍മീകി രാമായണം ഒരു പഠനം, ഭഗവദ് ഗീതാ നിഘണ്ടു, പൃഥ്വീ സൂക്തം, വിഷ്ണു സഹസ്രനാമം, നരസിംഹ സ്തുതി എന്നിവയുടെ അര്‍ത്ഥവും വ്യാഖ്യാനവും ഉള്‍പ്പടെ ഭാരതീയ ദാര്‍ശനിക അധ്യാത്മിക സാഹിത്യത്തിന് അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്. ഭാരതത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന സാംസ്‌ക്കാരിക ശക്തി വേദേതിഹാസങ്ങളിലേയും ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളിലേയും സാംസ്‌ക്കാരിക ഗംഗാ പ്രവാഹമാണെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ഈ ഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നത്. മഹാഭാരതവും രാമായണവുമുള്‍പടെയുള്ള മഹാസാഗരത്തിലാഴ്‌നിറങ്ങി തന്റെ അനുഭവത്തിന്റേയും സൂക്ഷമ നീരീക്ഷണത്തിന്റേയും ആധാരത്തിലാണ് ഓരോ ഗ്രന്ഥവും രചിച്ചത്. മഹാഭാരതവും രാമായണനുമായി ബന്ധപ്പെട്ട് ഇതുവരെ മലയാളത്തില്‍ ഇറങ്ങിയ പുസ്തകങ്ങളില്‍ നിന്ന് പുതുമയും വിത്യസ്ഥവുമാണ് എല്ലാ ഗ്രന്ഥങ്ങളും. നവനവംങ്ങളായ കണ്ടെത്തലുകള്‍, വെളിപ്പെടുത്തലുകള്‍, നിഗമനങ്ങള്‍ നിരീക്ഷണങ്ങള്‍ നിര്‍ധാരണങ്ങള്‍ എല്ലാം തന്നെ നിര്‍ഭയമായി അദ്ദേഹത്തിന്റെ ഈ രചനകളില്‍ നമുക്ക് വായിക്കാം.
ശ്രദ്ധേയങ്ങളായ സംഘസാഹിത്യ കൃതികള്‍
രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ അറിയാനും അതിന്റെ വൈചാരിക അടിത്തറയും പ്രവര്‍ത്തനവും മനസ്സിലാക്കാനുമായി അദ്ദേഹത്തിന്റെതായ നിരവധി കൃതികളുണ്ട്. സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകായ ശ്രീ. ഗുരുജി ഗോള്‍വള്‍ക്കുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 12 വാള്യങ്ങളിലായി ‘ശ്രീ ഗുരുജി സമഗ്ര്’ എന്ന പേരില്‍ ഗുരുജിയുടെ പ്രഭാഷണങ്ങളും, ചിന്തകളും ലേഖനങ്ങളും സമാഹരിച്ച്, ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പൂജനീയ ഗുരുജിയുടെ ഗഹനമായ ചിന്തയും വിഷയങ്ങളിലുള്ള ആധികാരിക പരിജ്ഞാനവും സവിശേഷമായ അവതരണ ശൈലിയും സര്‍വ്വോപരി ഒരു യോഗിവര്യന്റെ ദാര്‍ശനികതയും തുടര്‍ച്ചയായ ഭാരതപരിക്രമണത്തിലൂടെ നേടിയെടുത്ത അനുഭവജ്ഞാനവും എല്ലാം ഒത്തു ചേര്‍ന്ന രചനാസമാഹാരമാണത്. മറ്റ് സംഘടനാ ചുമതലകളില്‍ നിന്ന് സ്വയം വിരമിച്ച് സംഘഗംഗോത്രിയായ നാഗ്പൂരില്‍ കേന്ദ്രമാക്കി വര്‍ഷങ്ങളോളം നീണ്ട ബൗധിക തപസ്സിന്റെ ഫലമായാണ് സംഘചരിത്രത്തിലെ നിര്‍ണ്ണായകമായ ഈ രചനാസമാഹാരം സംഘപ്രസ്ഥാനത്തിന് ലഭ്യമായത്. ഈ സമാഹാരം സമഗ്രവും പൂര്‍ണ്ണവുമാക്കാനായി ഗുരുജിയുടെ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് സ്വയംസേവകരുടെ അനുഭവങ്ങള്‍ ശേഖരിക്കല്‍, ഗുരുജി എഴുതിയ ആയിരകണക്കിന് കത്തുകള്‍ കണ്ടെത്തുകയും ക്രോഡീകരിക്കുകയും ചെയ്യല്‍, ഗുരുജിയുടെ പാരാവാരം പോലെ കിടക്കുന്ന പ്രസംഗങ്ങള്‍ ലേഖനങ്ങള്‍ മാര്‍ഗദര്‍ശനങ്ങള്‍ ഇവയെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഹരിയേട്ടന്റെ നേതൃത്വത്തില്‍ നടന്നത്. അതൊരു ഭഗീരഥ പ്രയത്‌നമെന്ന് നിസംശയം വിശേഷിപ്പിക്കാം. സംഘപ്രസ്ഥാനത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് സംഘടനാ, കാര്യപദ്ധതി, പ്രാര്‍ത്ഥന, രാഷ്‌ട്രം, ഹിന്ദുത്വം, ധര്‍മ്മം, ദേശീയത, തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെപ്പറ്റി ശരിയായ കാഴ്ചപ്പാട് നല്‍കാന്‍ സഹായകമായ നിരവധി ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നിട്ടുണ്ട്. രാഷ്‌ട്രമീമാംസകര്‍ക്ക് പോലും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ അയത്‌നലളിതമായ ശൈലിയിലാണ് അദ്ദേഹം ഈ പുസ്തകങ്ങളിലെല്ലാം പ്രതിപാദിച്ചിട്ടുള്ളത്.
സാധാരണക്കാരനിലെ അസാധാരണക്കാരന്‍
ദല്‍ഹിയിലെ ‘പൃഥ്വീസൂക്ത’ പുസ്തക പ്രകാശന ചടങ്ങില്‍ ഹരിയേട്ടനെ കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞത് കുറിച്ചു കൊണ്ട് അവസാനിപ്പിക്കാം. ”ശ്രീ. രംഗഹരിജിയെ 1980 മുതല്‍ അറിയാം. അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുമ്പോള്‍ വലിയ പണ്ഡിതനാണെന്ന് ആര്‍ക്കും തോന്നില്ല. പ്രായവിത്യാസമില്ലാതെ എല്ലാവരോടും സ്‌നേഹപൂര്‍വ്വം സംസാരിക്കും. അടുത്തിരിക്കുന്നവര്‍ക്കെല്ലാം അറിവ് പകരും. ഏങ്ങിനെയെന്നോ? നമ്മള്‍ കുളിച്ചാലും കുളിച്ചില്ലെങ്കിലും നല്ല മഴ ചെയ്യുമ്പോള്‍ നനയുമല്ലോ. അതു പോലെ. മഴ പെയ്തു കൊണ്ടിരിക്കും. എത്ര ഒഴിഞ്ഞുമാറിയാലും കുടപിടിച്ചാലും അല്‍പ്പമെങ്കിലും മഴനനഞ്ഞിരിക്കും. നനയാതിരിക്കില്ല. അങ്ങിനെയാണ് ഹരിയേട്ടന്റെ ജ്ഞാന വര്‍ഷം.”
അറിവിന്റെ മഴ നനയാനുള്ള സൗഭാഗ്യമാണ് സ്വയംസേവകര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും സംഘബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടത്. കര്‍മ്മയോഗിയും ജ്ഞാനയോഗിയുമായ ഹരിയേട്ടന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: