കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബു സ്‌ഫോടനം ഉയര്‍ത്തുന്ന ആശങ്കയ്‌ക്കിടെ വരുന്ന ചില വാര്‍ത്തകള്‍ ആശ്വാസത്തിന് വകനല്‍കുന്നതാണ്. മരണ സംഖ്യ മൂന്നില്‍ ഒതുങ്ങിനില്‍ക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2500 ലേറെ പേര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് സ്‌ഫോടനത്തിലൂടെ അഗ്നിബാധയുണ്ടായത്. ചിലര്‍ക്ക് മാരകമായി പൊള്ളലേറ്റുവെങ്കിലും തീ കൂടുതല്‍ പടര്‍ന്നുപിടിക്കാതിരുന്നത് ഭാഗ്യം തന്നെയാണ്. മറിച്ചായിരുന്നെങ്കില്‍ വലിയ ആള്‍നാശത്തിനിടയാക്കുന്ന ദുരന്തമായി അത് മാറുമായിരുന്നു. പ്രാര്‍ത്ഥനാ സമ്മേളനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിനടുത്ത് ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ലോറികള്‍ കൂട്ടമായി പാര്‍ക്കുചെയ്യുന്ന ഇടമാണ്. തൊട്ടടുത്തുതന്നെയാണ് ഭാരത നാവിക സേനയുടെ ആയുധ സംഭരണശാലയായ എന്‍എഡി. സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ തീ ആളിപ്പടര്‍ന്നിരുന്നെങ്കില്‍ വിവരണാതീതമായ ദുരന്തത്തിന് രാജ്യം സാക്ഷ്യംവഹിക്കുമായിരുന്നു. ഇങ്ങനെയൊരു ആപത്ത് ഒഴിഞ്ഞുപോയത് നാടിന്റെ ഭാഗ്യം എന്നേ പറയേണ്ടൂ. ഇത്രയേറെ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് വേണ്ടത്ര വെളിച്ചമോ ഏതെങ്കിലും തരത്തിലുള്ള പോലീസ് കാവലോ നിരീക്ഷണമോ ഇല്ലെന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം. ഇതൊക്കെ മുന്‍നിര്‍ത്തിയാവുമോ ഈ പ്രദേശത്തു നടക്കുന്ന പ്രാര്‍ത്ഥനാ യോഗം തന്നെ ബോംബ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത് എന്ന സംശയം അസ്ഥാനത്തല്ല.
കൂടുതല്‍ ആള്‍നാശം സംഭവിച്ചില്ല എന്നതുകൊണ്ട് ഈ സംഭവത്തിന്റെ ഗുരുതരാവസ്ഥ ഒട്ടുംകുറയുന്നില്ല. നടന്നത് ഒരു ഭീകരാക്രമണം തന്നെയാണ്. 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ജിഹാദി ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണ് കളമശ്ശേരിയിലെ സ്‌ഫോടനവും. 300 ലേറെ പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ബോംബാക്രമണം നടത്തിയത് ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ഭീകരസംഘടനയാണ്. ഇതിലേക്ക് നയിച്ച ഗൂഢാലോചനയുടെ വേരുകള്‍ തമിഴ്‌നാട്ടിലേക്കും നീണ്ടിരുന്നു. കോയമ്പത്തൂരിനടുത്തെ ഉക്കടത്തു നടന്ന കാര്‍ബോംബു സ്‌ഫോടനം ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബ് സ്‌ഫോടനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന വിവരം അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയുണ്ടായി. കളമശ്ശേരി സ്‌ഫോടനത്തിനും ശ്രീലങ്കന്‍ ഈസ്റ്റര്‍ ബോംബാക്രമണത്തോടുള്ള സാമ്യം യാദൃച്ഛികമാണോ? ഇങ്ങനെയൊരു ചിന്ത മറ്റാര്‍ക്കുണ്ടായാലും സംസ്ഥാന ഭരണാധികാരികള്‍ക്കും പോലീസിനും ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, തലതിരിഞ്ഞ ഒരു വ്യക്തിയുടെ പരാക്രമമായി ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഈ വ്യക്തി സ്വയം ഏറ്റെടുത്തതും, അക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് പോലീസില്‍ കീഴടങ്ങിയതും സംസ്ഥാന സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയാണ്. അന്വേഷണം തനിക്കപ്പുറത്തേക്കു പോകാതിരിക്കാന്‍ ഇയാള്‍ തന്ത്രപൂര്‍വം പെരുമാറുന്നതാണെങ്കിലോ? ഈ സംശയം ന്യായമല്ലേ? എന്നിട്ടും ഇതിനുള്ള സാധ്യത എന്തുകൊണ്ട് പോലീസ് കാണുന്നില്ല?
അന്വേഷണം എങ്ങുമെത്താതിരിക്കെ അറസ്റ്റിലായ പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് തീര്‍പ്പിലെത്തുകയാണ് സര്‍ക്കാര്‍. തിരുവനന്തപുരത്തു നടന്ന സര്‍വകക്ഷിയോഗത്തിന്റെ പ്രഖ്യാപനത്തില്‍ പ്രതിഫലിച്ചതും ഇതാണ്. എലത്തൂരില്‍ തീവണ്ടിയുടെ ബോഗി പെട്രോള്‍ ബോംബിലൂടെ കത്തിക്കാന്‍ ശ്രമിച്ച ദല്‍ഹി നിവാസി പിടിയിലായപ്പോഴും അതിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസും സര്‍ക്കാരും ശ്രമിച്ചത്. അന്വേഷണ ചുമതല ഏറ്റെടുത്ത പോലീസ് സംഘം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രാഷ്‌ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത എന്‍ഐഎ സംഘം എലത്തൂരില്‍ നടന്നത് ഭീകരാക്രമണം തന്നെയാണെന്നും, പ്രതി സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണുണ്ടായതെന്നും കണ്ടെത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. എലത്തൂരില്‍ ആക്രമണം നടത്തിയയാളുടെ ഭീകരവാദ ബന്ധം മറച്ചുപിടിക്കാന്‍ ഉരുണ്ടുകളിച്ച പോലീസ് ഉദ്യോഗസ്ഥനു തന്നെയാണ് കളമശ്ശേരിയിലെ അന്വേഷണത്തിന്റെയും ചുമതല നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. കളമശ്ശേരി സ്‌ഫോടനത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും, ഭീകരവാദ ബന്ധം അടക്കം നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബിജെപി നേതാക്കള്‍ക്കും കേന്ദ്രമന്ത്രിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും വിദ്വേഷ പ്രചാരണവുമായി രംഗത്തുവരുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള കുപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഒരുപാട് ദുരൂഹതകള്‍ അവശേഷിപ്പിക്കുന്ന ഈ കേസ് എന്‍ഐഎ അന്വേഷിക്കണം. എങ്കില്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: