Categories: Kerala

ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

Published by

ശിവഗിരി: ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇക്കൊല്ലം ഡിസംബര്‍ 15 മുതല്‍ 2024 ജനുവരി 5 വരെയാണ് തീര്‍ത്ഥാടന കാലം. തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ഗുരുധര്‍മ്മ പ്രബോധന പരമ്പരയ്‌ക്കു ഡിസംബര്‍ 15 ന് തുടക്കമാകും.

തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിന് സംഘടനകളും വ്യക്തികളും വാഹനങ്ങള്‍ ബുക്ക് ചെയ്തു തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും ഒട്ടേറെ പദയാത്രകള്‍ ശിവഗിരിയിലേക്ക് ഇക്കാലയളവില്‍ തിരിക്കും. മുന്‍കാലത്തിലുള്ളവ കൂടാതെ നിരവധി പുതിയ പദയാത്രാ സംഘങ്ങളും രൂപം കൊള്ളുന്നുണ്ട്.

തീര്‍ത്ഥാടന മഹാമഹത്തിന്റെ കാര്യനിര്‍വഹണത്തിനായുള്ള തീര്‍ത്ഥാടന കമ്മറ്റി ഓഫീസ് ശിവഗിരിമഠം അതിഥിമന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ദേശികാനന്ദയതി, ബ്രഹ്മചാരിമാര്‍, തീര്‍ത്ഥാടന കമ്മിറ്റിയംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മറ്റി ഓഫീസ് സെക്രട്ടറിയായി പി.എസ്. പ്രദീപ് ചുമതലയേറ്റു. ഫോണ്‍: 9074316042

91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ശിവഗിരി മഠം അതിഥി മന്ദിരത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവര്‍ സമീപം

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by