തൊടുപുഴ: നവകേരള സദസിന്റെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കാത്ത നാല് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവിട്ടു. കോട്ടയം പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി എന്‍. അരുണ്‍കുമാര്‍, പാലക്കാട് പരൂതൂര്‍ പഞ്ചായത്ത് സെക്രട്ടറി എസ്.എല്‍. ഷാജി, ആനക്കര പഞ്ചായത്ത് സെക്രട്ടറി പി.കെ. രാജേന്ദ്രന്, കോഴിക്കോട് തിരുവള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി വി. അനീഷ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
അരുണ്‍കുമാര്‍ പുതുപ്പള്ളി മണ്ഡലത്തിലെ യോഗത്തിലും ഷാജി, രാജേന്ദ്രന് എന്നിവര്‍ തൃത്താല മണ്ഡലത്തിലെ യോഗത്തിലും അനീഷ വി. കുറ്റിയാടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവള്ളൂര്‍ പഞ്ചായത്തിലെ സംഘാടകസമിതി യോഗത്തിലും പങ്കെടുത്തില്ല. അരുണിനെ ഇടമലക്കുടിക്കും ഷാജിയെ കാസര്‍കോട് ജില്ലയിലെ ചെമ്മനാട്ടേയ്ക്കും രാജേന്ദ്രനെ തൃക്കരിപ്പൂര്‍, അനീഷയെ ഉദുമ എന്നിവിടങ്ങളിലേക്കുമാണ് സ്ഥലം മാറ്റിയത്.
പരിപാടിയുടെ വിജയത്തിനായി ആവശ്യമായ മുന്നൊരുക്കം നടത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍ ഉത്തരവ് വന്നിരുന്നു. ഇതില്‍ വീഴ്ച വരുത്തിയെന്ന് കാട്ടിയാണ് നടപടി.
പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലംമാറ്റം പിന്‍വലിക്കണം: ഫെറ്റോ
തിരുവനന്തപുരം: കേരളീയത്തിന് പിരിവ് നടത്താത്ത പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. അഴിമതി നടത്താന്‍ ജീവനക്കാരെ സര്‍ക്കാര്‍ പ്രേരിപ്പിക്കുകയാണ്. കേരളം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ ഖജനാവില്‍ നിന്ന് 29 കോടി ചെലവഴിച്ച് കേരളീയം മാമാങ്കം നടത്തുന്നത് അനുചിതമാണ്. ജീവനക്കാര്‍ രസീത് കൊടുക്കാതെ പിരിവ് എടുക്കാനും നാടുനീളെ പോസ്റ്റര്‍ ഒട്ടിക്കാനും ഉത്തരവ് ഇറക്കിയത് സിവില്‍ സര്‍വീസിന് തന്നെ നാണക്കേട് ആണെന്നും എസ്.കെ. ജയകുമാര്‍ ആരോപിച്ചു. സഹകരിക്കാത്ത ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചാല്‍ അവരെ ഫെറ്റോ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: