തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.ജീവന് കൊടുത്തും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്തുമെന്നും അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം . പരസ്പര വിശ്വാസം ,പരസ്പര ആശ്രിതത്വം, കൂട്ടായ അതിജീവനം എന്നിവയുടെ കാലത്ത് അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും എന്ന് യോഗം ഏകകണ്ഠമായി വ്യക്തമാക്കി.
ഊഹാപോഹം, കെട്ടുകഥ, കിംവദന്തി എന്നിവ പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ധ സൃഷ്ടിച്ച് അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനുള്ള ഏതു ശ്രമത്തെയും മുളയിലെ തന്നെ നുള്ളിക്കളയാനുളള ജാഗ്രത സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണം.
എല്ലാ ജാതി-മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സമൂഹത്തിലുണ്ട്. ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിക്കില്ല. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിക്കാനാവില്ല. അത്തരം ചിന്തകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ്. ഈ ചിന്ത സമൂഹത്തിലാകെ പടര്‍ത്താന്‍ പ്രതിബദ്ധമായ ശ്രമങ്ങള്‍ക്ക് ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണമെന്ന് സര്‍വകക്ഷി യോഗം അഭ്യര്‍ത്ഥിച്ചു.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടര്‍ത്തലിലും പെട്ടുപോകാതിരിക്കാന്‍ പ്രത്യേക ജാഗ്രത ഓരോ മനസിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു. കിംവദന്തികള്‍ പടര്ത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: