കൊച്ചി: ബൗദ്ധിക ദീപ്തിയാല്‍ ഭാരതീയതയെ പ്രോജ്വലിപ്പിച്ച മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ഹരി (രംഗ ഹരി- 93) അന്തരിച്ചു. ആഴ്ചകളായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു വേര്‍പാട്. ആര്‍എസ്എസ് ദേശീയ നേതൃത്വത്തിലെത്തിയ ആദ്യ മലയാളിയാണ്. 15 വര്‍ഷം അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്നു.
ഭൗതികശരീരം ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ എളമക്കരയിലെ മാധവനിവാസില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇന്ന് രാവിലെ 6ന് തൃശ്ശൂര്‍ മായന്നൂര്‍ തണല്‍ ബാലാശ്രമത്തിലേക്ക് കൊണ്ടുപോകും. 11 മണി വരെ അവിടെ പൊതുദര്‍ശനം. പിന്നീട് തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തണല്‍ ബാലാശ്രമത്തിലാണ് ആര്‍. ഹരി കഴിഞ്ഞിരുന്നത്. ആയുര്‍വേദ ചികിത്സയും വിശ്രമവും കണക്കിലെടുത്തായിരുന്നു ഇത്. തണലിലെ വിശ്രമ ജീവിതത്തിലും പുസ്തക രചനയിലും വായനയിലും മുഴുകിയിരുന്നു.
എട്ട് പതിറ്റാണ്ടായി സംഘവും രാഷ്‌ട്രവും ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മയോഗിയായിരുന്നു. ലാളിത്യം മുഖമുദ്രയാക്കി സ്വയംസേവകര്‍ക്കു മാര്‍ഗദീപമായി ഋഷിതുല്യമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ രാഷ്‌ട്രീയ സാമൂഹിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. രാജ്യം സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ ഹരിയേട്ടന്‍ എന്നു വിളിച്ചു. ഭാരതീയമായതെല്ലാം കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കമ്യൂണിസ്റ്റുകള്‍ ചിന്തയുടെ മണ്ഡലത്തില്‍ ഇരുട്ട് പടര്‍ത്തിയ കാലത്ത് ആദര്‍ശത്തിന്റെ വെളിച്ചം ആയിരങ്ങളില്‍ നിറച്ച് സനാതന ദേശീയതയെ ജീവിതത്തിലുറപ്പിച്ചു ഹരിയേട്ടന്‍. സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് 50 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചത്.
ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം ഉണ്ടായിരുന്നു. 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീഗുരുജിയുടെ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു. പൃഥ്വി സൂക്ത: ആന്‍ ഓഡ് ടു മദര്‍ എര്‍ത്ത് ആണ് ഒടുവില്‍ പുറത്തിറങ്ങിയ പുസ്തകം.
ടിഡി ക്ഷേത്രത്തിലെ കളിമുറ്റത്തു നിന്നാണ് സംഘാദര്‍ശത്തിന്റെ സന്ദേശവുമായി അദ്ദേഹം ദേശാന്തരങ്ങള്‍ സഞ്ചരിച്ചത്. പതിമൂന്നാം വയസില്‍ സംഘജീവിതം ആരംഭിച്ചു. ബിരുദ പഠനത്തിന് ശേഷം പൂര്‍ണസമയ പ്രവര്‍ത്തകനായി. വടക്കന്‍ പറവൂരില്‍ പ്രചാരകനായി തുടക്കം. പിന്നീട് നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1983 മുതല്‍ 1993 വരെ കേരള പ്രാന്ത പ്രചാരക്, 1990 ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005 കാലയളവില്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006ല്‍ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികള്‍ വഹിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളില്‍ സഞ്ചരിച്ചു. ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ ഭാഗവത് എന്നീ അഞ്ച് സര്‍സംഘചാലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
സ്‌കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസം അനുഭവിച്ചു. മടങ്ങിവന്നപ്പോള്‍ വിദ്യാഭ്യാസം തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. സംസ്‌കൃതം പഠിച്ചു. മഹാത്മാഗാന്ധിയുടെ വധം ആരോപിച്ച് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴാണ് 1948 ഡിസംബര്‍ മുതല്‍ 1949 ഏപ്രില്‍ വരെ സത്യഗ്രഹിയായി കണ്ണൂരില്‍ ജയില്‍വാസം അനുഭവിച്ചത്.
1930 ഡിസംബര്‍ 5ന് എറണാകുളത്ത് പുല്ലേപ്പടിയില്‍ തെരുവില്‍പ്പറമ്പില്‍ വീട്ടില്‍ ടി.ജെ. രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും എട്ട് മക്കളില്‍ രണ്ടാമനായി ജനിച്ചു. മൂന്ന് സഹോദരന്മാര്‍. നാല് സഹോദരികള്‍. ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ വിജിലന്‍സ് ഓഫീസറായിരുന്ന അന്തരിച്ച ടി.ആര്‍. പുരുഷോത്തമ ഷേണായി, പരേതയായ വത്സല ബായ്, എഫ്എസിടിയില്‍ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജറായിരുന്ന ആര്‍. സുരേന്ദ്ര ഷേണായ്, അഭിഭാഷകനായ ആര്‍. ധനഞ്ജയ് ഷേണായി, അന്തരിച്ച ജയാബായ്, അന്തരിച്ച വിശയ ബായ്, വിഷ്ണുപ്രിയ എന്നിവരാണ് സഹോദരങ്ങള്‍.
വിചാരസരണി, സംഘകാര്യ പദ്ധതികളുടെ വികാസം, ഡോ. ഹെഡ്‌ഗേവാര്‍ സംഭവങ്ങളിലൂടെ, സംഘശില്‍പിയുടെ കരവിരുത്, വാല്മീകി രാമായണം ഒരു പഠനം, വന്ദേമാതരത്തിന്റെ കഥ, വിഷ്ണു സഹസ്രനാമം (വ്യാഖ്യാനം), ഭഗവദ്ഗീത നിഘണ്ടു, ശ്രീഗുരുജി സാഹിത്യസര്‍വ്വസ്വം, ഡോക്ടര്‍ജിയുടെ കത്തുകള്‍, വോള്‍ഗയില്‍ നിന്ന് ഗംഗയിലേക്ക്, ശ്രീനൃസിംഹസ്തുതി, അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും, തുടങ്ങിയവയാണ് പ്രധാന രചനകള്‍.
സര്‍സംഘചാലക് ഇന്നെത്തും
ഇന്ന് രാവിലെ തൃശ്ശൂര്‍ മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കുന്ന ഭൗതികദേഹത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും.
അനേകം സ്വയം സേവകര്‍ക്ക് പ്രചോദനം: ജെ.പി. നദ്ദ
കൊച്ചി: ഹരിയേട്ടന്റെ വിയോഗത്തില്‍ നഷ്ടമായത് അനേകം സ്വയം സേവകര്‍ക്ക് പ്രചോദനമായിരുന്ന വ്യക്തിയെ. വലിയ നഷ്ടമാണ് ഉണ്ടായത്. അദ്ദേഹം ജിവിതം ഉഴിഞ്ഞുവെച്ചിരുന്നത് തന്നെ രാജ്യത്തെ സേവിക്കാനായിരുന്നു. മനുഷ്യസ്‌നേഹിയായ വ്യക്തിയായിരുന്നു അദ്ദേഹം. അറിവിന്റെ സാഗരം തന്നെയാണ്. 43 ലധികം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
സംഘത്തെ ജനങ്ങളില്‍ എത്തിച്ചു: കേശവ വിനായകന്‍
കൊച്ചി: സംഘത്തിന്റെ മൂല്യം ജനങ്ങളിലേക്കെത്തിക്കാന്‍ പ്രയത്‌നിച്ച വ്യക്തിയാണ് ഹരിയേട്ടനെന്ന് ബിജെപി തമിഴ് നാട് സംഘടനാ സെക്രട്ടറി കേശവ വിനായകന്‍ പറഞ്ഞു. കുറച്ച് മാസം മുന്‍പ് അദ്ദേഹത്തെ വന്നു കണ്ടിരുന്നു. തമിഴ് നാട്ടിലേ ഓരോ സ്ഥലത്തെ വിശേഷങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നുവെന്നു അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക