ഹരിയേട്ടന്‍ പ്രചാരകനായി പോയതിന് ശേഷമായിരുന്നു ബാലസ്വയംസേവകനായി ഞാന്‍ ശാഖയിലെത്തുന്നത്. അദ്ദേഹത്തിന്റ സഹോദരന്മാരുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. 1960 ഡിസംബറില്‍ എറണാകുളം ഗവ.ഗേള്‍സ് ഹൈസ്‌കൂളില്‍ ഒരു ശിബിരം നടന്നിരുന്നു. അദ്ദേഹം അന്ന് അതില്‍ പങ്കെടുത്തു. ആ സമയത്ത് ഹരിയേട്ടന്‍ പാലക്കാട് ജില്ലാ പ്രചാരകായിരുന്നു. ശിബിരത്തില്‍ കണ്ടപ്പോള്‍ എന്റെ അച്ഛന്‍ രത്‌നാകര ഷേണായി രാമേശ്വരത്ത് പോകുന്നതിന് സൗകര്യം ചെയ്തുതരണമെന്ന് പറഞ്ഞു.
ശിബിരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം എന്റെ കുടുംബാംഗങ്ങളെയും കൂട്ടി അദ്ദേഹം പാലക്കാട് എത്തി. അവിടെ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനില്‍ ടിക്കറ്റ് ഉള്‍പ്പടെ തരപ്പെടുത്തി നല്കി. ഹരിയേട്ടനൊപ്പം പാലക്കാട് വരെയുള്ള യാത്ര ഇന്നും ഓര്‍മയിലുണ്ട്.
അക്കാലത്ത് ഗുരുജി ഗോള്‍വല്‍ക്കര്‍ കേരളത്തില്‍ എത്തുമ്പോള്‍ സംസ്ഥാനതല ബൈഠക്കുകള്‍ നടന്നിരുന്നത് ചിറ്റൂര്‍ റോഡില്‍ നിന്ന് അമ്മന്‍ കോവിലിലേക്ക് പോകുന്ന വഴിയിലുള്ള എന്റെ തറവാട്ടു വീടായ ദാമോദര്‍ കുടീരില്‍ ആയിരുന്നു. അത്തരം ബൈഠക്കുകളില്‍ ഞങ്ങളുടെ വീട്ടിലായിരുന്നു ഗുരുജിയുടെ താമസം. അപ്പോഴെല്ലാം ഹരിയേട്ടനും കൂടെ കാണും. മാധവ്ജി, പരമേശ്വര്‍ജി, ഭാസ്‌കര്‍ റാവുജി തുടങ്ങിയവരെല്ലാം ഉണ്ടാകും. അന്ന് ശ്രോതാവായി പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു.
1958 ല്‍ എന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുജി നാഗ്പൂരില്‍ നിന്ന് ട്രെയിനില്‍ വന്നു. അദ്ദേഹത്തോടൊപ്പം അതേ ട്രെയിനില്‍ വരുന്നതിനായി പാലക്കാട് ഹരിയേട്ടനും എത്തി. അദ്ദേഹത്തെ കണ്ടപ്പോള്‍ കല്യാണം ആഘോഷിക്കാനാണോ പോകുന്നത് എന്ന് ഗുരുജി ചോദിച്ചു. അതില്‍ മറഞ്ഞിരുന്ന അര്‍ത്ഥം മനസ്സിലാക്കിയ ഹരിയേട്ടന്‍ കല്യാണത്തില്‍ പങ്കെടുക്കാതെ മടങ്ങി. ആദ്യം സംഘ പ്രവര്‍ത്തനം എന്ന ആദര്‍ശം ആ മനസ്സില്‍ അത്രത്തോളം അടിയുറച്ചിരുന്നു. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ കല്യാണത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണം ഇതാണെന്ന് ഹരിയേട്ടന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഗസ്ത് 20ന് ഒറ്റപ്പാലം തണല്‍ ബാലാശ്രമത്തില്‍ സംഘപ്രവര്‍ത്തകര്‍ക്കൊപ്പം പോയി അദ്ദേഹത്തെ കണ്ടു. അന്ന് ഞങ്ങളുടെ പേരുള്‍പ്പടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നവരുമായി പങ്കുവച്ചത് അത്ഭുതത്തോടെയാണ് ഓര്‍ക്കുന്നത്. ഹരിയേട്ടനൊടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ നല്ല നിമിഷങ്ങള്‍ ഭാഗ്യമായി കരുതുന്നു. ആ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: