ലഖ്നൗ: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നൂറ് റണ്‍സിന് കീഴടക്കി ഭാരതം 13-ാം ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിന് മുന്നില്‍ 230 റണ്‍സ് ലക്ഷ്യം വച്ച ഭാരതം അതി ഗംഭീരമായി പ്രതിരോധിച്ചു. 34.5 ഓവറില്‍ 129 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ കഥ തീര്‍ത്തു.
ഭാരത ബാറ്റര്‍മാര്‍ക്ക് തുടക്കത്തിലേ ആഘാതമേല്‍പ്പിച്ച ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ഭാരതം ഇന്നലെ വിജയം സ്വന്തമാക്കിയത്. അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രീത് സിങ് ബുംറ തുടങ്ങിവച്ചു. ഡേവിഡ് മലാനെ(16) ക്ലീന്‍ ബൗള്‍ഡ് ആക്കിയ ബുംറ തൊട്ടടുത്ത പന്തില്‍ ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നീട് മുഹമ്മദ് ഷമി ബാറ്റണ്‍ ഏറ്റെടുത്തു. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് തീരെ പിടിച്ചുനില്‍ക്കാനാവില്ലെന്നായി സ്ഥിതി. റണ്ണൊന്നുമെടുക്കാതെ നിന്ന ബെന്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കി തുടങ്ങിയ ഷമി തന്റെ അടുത്ത ഓവറില്‍ ജോണി ബെയര്‍സ്റ്റോവിനെ(14)യും പുറത്താക്കി. ഇതിനിടെ കുല്‍ദീപ് യാദവ് പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട് നില കൂടുതല്‍ പരിതാപകരമായി. നായകന് ജോസ് ബട്ടലറെ(10) മികച്ചൊരു ബോളിലൂടെ ബൗള്‍ഡാക്കിയാണ് കുല്‍ദീപും തുടങ്ങിയത്. തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ രവീന്ദ്ര ജഡേജയും വിക്കറ്റ് സ്വന്തമാക്കി. ഇവര്‍ക്കിടെ മുഹമ്മദ് ഷമി തന്റെ രണ്ടാം സ്പെല്ലിലും മൂന്നാം സ്പെല്ലിലും നടത്തിയ വിക്കറ്റ് വേട്ടയില്‍ ഇംഗ്ലണ്ട് അതിവേഗം തീര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ നേരിട്ട ആദ്യ പന്തില്‍ മാര്‍ക്ക് വുഡിന്റെ കുറ്റി തെറിപ്പിച്ച് ബുംറയുടെ ഫൈന്‍ ഫിനിഷിങ്.
സ്കോര്‍: ഭാരതം- 229/9(50), ഇംഗ്ലണ്ട്- 129/10(34.5)
ലഖ്നൗവിലെ പിച്ചില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന് ബട്ട്ലര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാനുണ്ടായില്ല. ഭാരതത്തെ ബാറ്റിങ്ങിന് അയച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയെ നേരിട്ടപ്പോള്‍ പിച്ചിന്റെ ഗതി മനസ്സിലാക്കിയുള്ള തീരുമാനമായിരുന്നു അത്. നായകനെ ശരിവയ്ക്കുന്ന തരത്തില്‍ ഇംഗ്ലണ്ട് പേസ് ബോളര്‍മാര്‍ ന്യൂബോള്‍ ആനുകൂല്യം ശരിക്കും മുതലാക്കി. പത്ത് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച തുടക്കം സമ്മാനിച്ചു. പിഴവില്ലാത്ത ബോളില്‍ ക്രിസ് വോക്സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ(ഒമ്പത്) ക്ലീന്‍ ബൗള്‍ഡാക്കി. പകരമെത്തിയ വിരാട് കോഹ്ലി പൂജ്യത്തില്‍ നില്‍ക്കെ ഡേവിഡ് വില്ലി സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. ഭാരതം 27ന് രണ്ട് എന്ന നിലയിലായി.
പിന്നീടെത്തിയ ഭാരതത്തിന്റെ നാലാം നമ്പര്‍ ബാറ്റര്‍ ശ്രേയസ്സ് അയ്യര്‍ക്ക് തന്റെ മികവ് പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരമായിരുന്നു ഇന്നലെ. പക്ഷെ താരത്തിന്റെ ദൗര്‍ബല്യം അറിഞ്ഞ് വില്ലി എറിഞ്ഞ ബൗണ്‍സറില്‍ പാളിപ്പോയ ശ്രൈയസ്സ്(നാല്) അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വോക്സിന് ഈസി ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലോകകപ്പില്‍ താരത്തിന് ഇതുവരെ ഒരവസരത്തില്‍ പോലും തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും മറുവശത്ത് നായകന് രോഹിത് ശര്‍മ്മ ആരെയും കൂസാതെ പതിവ് പ്രകടനം ആവര്‍ത്തിച്ചുവരികയായിരുന്നു. മൂന്നാം വിക്കറ്റ് വീണതോടെ പതുക്കെ ഇന്നിങ്സ് കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലേക്ക് തിരിഞ്ഞു. നാലാം വിക്കറ്റില്‍ കെ.എല്‍. രാഹുലുമായി ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചു. ഒരു പരിധി വരെ അത് വിജയിച്ചു. ഇരുവരും ചേര്‍ന്ന് നേടിയ 91 റണ്‍സ് ആണ് ഭാരത ഇന്നിങ്സിന് അടിത്തറയായത്. 58 പന്തുകളില്‍ മൂന്ന് ബൗണ്ടറിയുമായി 39 റണ്‍സെടുത്ത രാഹുല്‍ വില്ലിയുടെ പന്തില്‍ പുറത്തായി.
ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിക്കാതെ സ്കോര്‍ നിരക്ക് ഉയര്‍ത്താന്‍ വെമ്പല്‍ കൊണ്ടാണ് രാഹുല്‍ മടങ്ങിയത്. ഈ സമയം ഭാരത ടോട്ടല്‍ 30.2 ഓവറില്‍ 131 റണ്‍സില്‍. സെഞ്ചുറി പ്രകടനത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്ന രോഹിത്തിനെ ലയാം ലിവിങ്സ്റ്റണിന്റെ നല്ലൊരു ക്യാച്ചിലൂടെ പുറത്തായി. ആദില്‍ റഷീദിനായിരുന്നു വിക്കറ്റ്. 101 പന്തുകള്‍ നേരിട്ട താരം പത്ത് ബൗണ്ടറികളും മൂന്ന് സിക്സറും സഹിതം 87 റണ്‍സെടുത്തു. ഭാരത സ്കോര്‍ അഞ്ചിന് 164.
രോഹിത്തിനൊപ്പം തുടങ്ങിയ സൂര്യകുമാര്‍ യാദവ് കിട്ടിയ അവസരത്തില്‍ തന്റെ വിലപ്പെട്ട സംഭാവന ഭാരത ഇന്നിങ്സിന് നല്കി. രോഹിത്തിന് പിന്നാലെ രവീന്ദ്ര ജഡേജ(എട്ട്) കൂടി മടങ്ങിയതോടെ ഭാരതത്തിന്റെ ടോട്ടല്‍ 200 കടക്കുമോയെന്ന ആശങ്കയുയര്‍ന്നു. ജഡേജ കഴിഞ്ഞാല്‍ ഭാരതത്തിന്റെ അംഗീകൃത ബാറ്റര്‍മാരുടെ നിര അവസാനിച്ചു. മുഹമ്മദ് ഷമിയെയും(എട്ട്) ജസ്പ്രീത് ബുംറയെയും കൂട്ടുപിടിച്ച് സൂര്യകുമാര്‍ 200 കടത്തി. അര്‍ദ്ധസെഞ്ചുറിക്ക് ഒരു റണ്ണകലെ വില്ലിയുടെ പന്തില്‍ യാദവ്(47 പന്തില്‍ 49) പുറത്തായി. അവസാന ഓവറുകളില്‍ വിക്കറ്റ് വലിച്ചെറിയാതെ കിട്ടുന്ന റണ്‍സെടുത്ത് കുല്‍ദീപ് ദായവും ബുംറയും ചേര്‍ന്ന് ഭാരത സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂടി ചേര്‍ത്തു. അവസാന പന്തില്‍ ജസ്പ്രീത് ബുംറ(16) റണ്ണൗട്ടാകുകയായിരുന്നു. കുല്‍ദീപ് ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.
മൂന്ന് വിക്കറ്റ് പ്രകടനവുമായി ഡേവിഡ് വില്ലിയാണ് ഭാരത ബാറ്റിങ് നിരയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. ക്രിസ് വോക്സും ആദില്‍ റഷീദും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വൂഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: