ആര്‍ പ്രസന്നകുമാര്‍,
സംസ്ഥാന അധ്യക്ഷന്‍, ബാലഗോകുലം
ഭഗവദ്ഗീതയിലെ ഒരദ്ധ്യായം ജ്ഞാനകര്‍മ്മസന്യാസയോഗം എന്നാണ് അറിയപ്പെടുന്നത്. ഒരേസമയം ജ്ഞാനയോഗിയും കര്‍മ്മയോഗിയും സന്യാസിയുമായിരിക്കാന്‍ ഒരാള്‍ക്കു സാധിക്കുമോ ? അതിനുള്ള ധീരമായ ഉത്തരമാണ് ഹരിയേട്ടന്റെ ജീവിതം. ആര്‍ഷജ്ഞാനത്തെ ആധികാരികമായി വിവരിക്കാനുള്ള ഉന്മേഷശാലിയായ പ്രജ്ഞ ഹരിയേട്ടനുണ്ടായിരുന്നു. വ്യാസഭാരതത്തിലെ കഥാപാത്രങ്ങളിലൂടെ അഗാധസുന്ദരമായ ജ്ഞാനമാര്‍ഗ്ഗങ്ങളിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ചിന്തയുടെയും എഴുത്തിന്റെയും സ്വകാര്യലോകത്തിനപ്പുറം വിശ്രമമില്ലാത്ത സാമൂഹ്യജീവിതവും അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളിയായ ആദ്യത്തെ പ്രാന്തപ്രചാരക് എന്ന നിലയില്‍ കേരളത്തില്‍ സംഘപ്രസ്ഥാനത്തിനു വേരുറപ്പുണ്ടാക്കിയ ഭഗീരഥതപസ്വി കൂടിയാണ് ഹരിയേട്ടന്‍. അദ്ദേഹം കടന്നുചെല്ലാത്ത നടവഴികള്‍ ഉണ്ടാവില്ല. ചേര്‍ത്തുപിടിക്കാത്ത കാര്യകര്‍ത്താക്കളുണ്ടാവില്ല. നിലയ്‌ക്കല്‍ പ്രക്ഷോഭം മുതല്‍ അയോദ്ധ്യാസംഭവം വരെയുളള തീക്ഷ്ണമായ ഒരു കാലഘട്ടത്തെ ഹരിയേട്ടന്‍ അക്ഷോഭ്യനായി നയിച്ചു.
എവിടെയും എപ്പോഴും ഇദം ന മമ എന്ന സമര്‍പ്പണഭാവം ആ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. വ്യക്തിജീവിതത്തിന് അല്പം പോലും പ്രാധാന്യം കൊടുക്കാതെ സ്വയംസേവകനെന്ന സംഘവ്യക്തിത്വത്തില്‍ അനായാസം അദ്ദേഹം അലിഞ്ഞുചേര്‍ന്നു. സ്വന്തം മൃത്യുവിനെയും സ്വച്ഛന്ദമായി നോക്കിക്കാണാന്‍ ആ സന്യസ്തമനസ്സിന് സാധിച്ചു.
ജ്ഞാനകര്‍മ്മസന്യാസങ്ങളുടെ അപൂര്‍വയോഗമായ ആ ധന്യജീവിതത്തിന് ബാലഗോകുലത്തിന്റെ പ്രണാമങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: