വൈശാലിയിലെ രാംപുര്‍ ബാഗല് ഗ്രാമത്തിലെ ഒരു പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിലായിരുന്നു ബിന്ദേശ്വര്‍ പാഠക് ജനിച്ചത്. ഒരുനാള്‍ അവന്റെ വീട്ടില്‍ തികച്ചും യാദൃച്ഛികമായ ഒരു സംഭവം നടന്നു. വീട്ടുജോലിക്കെത്തിയ ദളിത് സ്ത്രീയുടെ സാരിയില്‍ അവന് അറിയാതെ സ്പര്‍ശിച്ചു. അവനത് അറിഞ്ഞതേയില്ല. ജോലിക്കാരി ഗൗനിച്ചതുമില്ല. പക്ഷേ ഒരാള്‍ അത് ശ്രദ്ധിച്ചു. ആചാരങ്ങളില്‍ ജനിച്ചു ജീവിക്കുന്ന അവന്റെ മുത്തശ്ശി. അവനെ ശുചിയാക്കണം. അതിന് നിര്‍ബന്ധമായും പഞ്ചഗവ്യം സേവിക്കണം. തൈരും പാലും നെയ്യും ഗോമൂത്രവും ചാണകവും ചേര്‍ന്ന മിശ്രിതം.
തോട്ടി ജാതിയില്‍പ്പെട്ട വേലക്കാരിയുടെ സാരിയില്‍ മുട്ടിയതിന് പഞ്ചഗവ്യം കഴിക്കാന്‍ വിധിക്കപ്പെട്ട ബിന്ദേശ്വര്‍ വളര്‍ന്നു വലുതായപ്പോള്‍ തോട്ടികളുടെ രക്ഷകനായി. രാജ്യത്തെ വെളിയിട വിസര്‍ജനത്തിന്റെ അന്തകനായി. കുറഞ്ഞ ചെലവില്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന അഞ്ചര കോടി ശുചിമുറികളുടെ ജനയിതാവായി. ശുചിത്വത്തിന്റെ അമരക്കാരനായി പകര്‍ച്ച വ്യാധികളെ നിയന്ത്രിച്ചു. ഒടുവില്‍ 2023 ആഗസ്റ്റ് 15 ന് എണ്‍പതാം വയസ്സില്‍ ദീപ്തസ്മരണയായി എരിഞ്ഞടങ്ങുമ്പോള്‍ അദ്ദേഹത്തിന് മറ്റൊരു വിളിപ്പേര് കൂടി മാധ്യമങ്ങള്‍ ചാര്‍ത്തി നല്കി- ‘ദ ടോയ്ലറ്റ് മാന്‍ ഓഫ് ഇന്ത്യ’ അഥവാ ഭാരതത്തിലെ ശുചിമുറികളുടെ കാവലാള്‍.
വെളിയിട വിസര്‍ജനം രാജ്യത്തിന്റെ സാമൂഹ്യ-സാംസ്കാരിക പ്രതിച്ഛായയ്ക്ക് തീരാകളങ്കമാണെന്ന് തിരിച്ചറിഞ്ഞ പഥക് നീണ്ട 50 വര്‍ഷക്കാലത്തെ പ്രവര്‍ത്തനംകൊണ്ടാണ് തന്റെ അപൂര്‍വ വിപ്ലവം പൂര്‍ത്തീകരിച്ചത്. രാംപൂരില്‍ യോഗമായ ദേവിയുടെയും രമാകാന്ത് പഥക്കിന്റെയും മകനായി 1942 ല്‍ ജനിച്ച ബിന്ദേശ്വര്‍ ഗാന്ധിയുടെ ശുചിത്വ സന്ദേശത്തില്‍ ആകൃഷ്ടനായി 1968 ലാണ് സാമൂഹ്യ സേവന രംഗത്തിറങ്ങിയത്. തോട്ടിപ്പണി വിമുക്തിക്കായി ആരംഭിച്ച ബാംഗിമുക്തി എന്ന സംഘടനയില്‍ ചേര്‍ന്നുകൊണ്ട്. തന്റെ ഡോക്ടറേറ്റ് പഠനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി തോട്ടിപ്പണിക്കാരുടെ വീടുകളില്‍ താമസിച്ചത് അദ്ദേഹത്തിന് അപൂര്‍വമായ ഉള്‍ക്കാഴ്ച നല്കി. അതാവട്ടെ, തോട്ടിപ്പണി ചെയ്യുന്നവരുടെ കഷ്ടപ്പാടുകള്‍ മാത്രമല്ല, മറിച്ച് വീട്ടില്‍ കക്കൂസ് ഇല്ലാതെ വെളിംപ്രദേശം തേടി നടക്കുന്ന പാവങ്ങളുടെ ഗതികേടുകളും കണ്ടറിയാന്‍ അവസരം നല്കി. വെളിയിട വിസര്‍ജനം മൂലം പടര്‍ന്നുപിടിക്കുന്ന ഒഴിയാ രോഗങ്ങളെ കണ്ടറിയാനും ഈ കാലം ബിന്ദേശ്വറിന് അവസരമൊരുക്കി.
1973 ല്‍ ബീഹാറിലെ ‘ആര’യില്‍ കേവലം 600 രൂപ ചെലവില്‍ രണ്ട് ശുചിമുറികള്‍ മുനിസിപ്പാലിറ്റിക്കുവേണ്ടി നിര്‍മിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അതിനൊപ്പം ‘സുലഭ് ഇന്റര്‍നാഷണല്‍, എന്ന സന്നദ്ധ സംഘടനയും വളര്‍ന്നു. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ 1970 ല്‍ തുടങ്ങിയ സുലഭ് കേവലം പത്തുവര്‍ഷം കൊണ്ട് കാല്‍ലക്ഷം പേര്‍ക്ക് ആവശ്യമായ പൊതു ശുചിമുറികള്‍ നിര്‍മിച്ചു.
തോട്ടിപ്പണിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ബിന്ദേശ്വറിന്റെ നീക്കം ഒരുപാട് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തി. യാഥാസ്ഥിതികന്മാര് വഴിമുടക്കാനൊരുങ്ങിവന്നു. തോട്ടിപ്പണിക്കാരെ ക്ഷേത്ര പൂജാരികളാക്കി മാറ്റിക്കൊണ്ടാണ് അദ്ദേഹം ആ എതിര്‍പ്പുകള്‍ക്ക് മറുപടി നല്‍കിയത്. ആയിരക്കണക്കിന് യുവതി-യുവാക്കള്‍ക്ക് ജീവിക്കാന്‍ പുതുമാര്‍ഗം തുറന്നുകൊടുത്തു. അവരുടെ കുട്ടികള്‍ക്കായി വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളും തുറന്നു. കമ്പ്യൂട്ടര്‍ ടെക്നോളജി, ഡീസല്‍ ആന്‍ഡ് പെട്രോള്‍ എഞ്ചിനീയറിങ്, ലെതര്‍ ക്രാഫ്റ്റ്, മരപ്പണി, ടെപ്പിങ് തുടങ്ങി ഒരുപിടി ജോലികളില്‍ അവരെ മിടുക്കന്മാരാക്കിത്തീര്‍ത്തു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇത്തരം സ്കൂളുകള്‍ നല്കിയ ആത്മാഭിമാനം ചെറുതല്ല. ഒപ്പം ദാരിദ്ര്യത്തില്‍ നിന്നുള്ള മുക്തിയും.
അതിനിടെ സുലഭ് അന്യനാടുകളിലേക്കും പടര്‍ന്നു. സുലഭിന്റെ സമൂഹ ശുചിമുറികളില്‍ തീരെ കുറഞ്ഞ ചെലവില്‍ കുളിക്കാനും നനയ്ക്കാനും ശൗചാലയം ഉപയോഗിക്കാനും സാധിച്ചത് ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക്. രാജ്യത്തെ 1600 നഗരങ്ങളിലായി പതിനായിരത്തോളം സുലഭ് കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ബസ് സ്റ്റേഷനുകളും മെട്രോസ്റ്റേഷനുകളും അന്തര്‍ദേശീയ വിമാനത്താവളങ്ങളും അടക്കം ദക്ഷിണാഫ്രിക്കയില്‍ പോലും ഇന്ന് സുലഭ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവ അരലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായി തൊഴില്‍ നല്കുന്നു.
കക്കൂസുകളിലെ ജൈവമാലിന്യം ബയോഗ്യാസ് പ്ലാന്റുകളിലെത്തിച്ച് ബയോഗ്യാസും ജൈവവളവും ഉല്‍പ്പാദിപ്പിക്കാനും ബിന്ദേശ്വര്‍ പഥക് മുന്‍കയ്യെടുത്തു. അതിലൂടെ ചുരുങ്ങിയ ചെലവില്‍ ശുചിത്വവും ആരോഗ്യവും അഭിമാനവും ഉറപ്പാക്കി. അപകടകാരികളായ ഗ്രീന്‍ഹൗസ് വാതകങ്ങളെ നിയന്ത്രിക്കാനും കഴിഞ്ഞു.
ബിന്ദേശ്വര്‍ പഥക്കിന്റെ മഹാസംഭാവനകളെ പത്മഭൂഷണ്‍ നല്‍കിയാണ് ഭാരത സര്‍ക്കാര്‍ ആദരിച്ചത്. ജോണ്‍ പോള്‍ പോപ്പ് സമ്മാനിച്ചത് സെന്റ് ഫ്രാന്‍സിസ് പ്രൈസ് ഫോര്‍ എന്‍വയണ്‍മെന്റ്. ബെസ്റ്റ് ജീവിത പ്രാക്ടീസിനുള്ള ദുബൈ ഇന്റര്‍ നാഷണല്‍ പുരസ്കാരം ‘എനര്‍ജി ഗ്ലോബ് അവാര്‍ഡ്’, സാമൂഹ്യസേവനത്തിനുള്ള സര്‍ദാര്‍ പട്ടേല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഫ്രഞ്ച് നിയമ നിര്‍മാണസഭയുടെ ആദരമായ ‘ലെജന്റ് ഓഫ് പ്ലാനറ്റ്’ പുരസ്കാരം, സ്റ്റോക് ഹോം വാട്ടര്‍ പ്ലൈസ് തുടങ്ങിയ എത്രയോ പുരസ്കാരങ്ങള്‍ ബിന്ദേശ്വറിനെ തേടിയെത്തി. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള സ്വഛ് റെയില്‍ മിഷന്റെ ബ്രാന്റ് അംബാസഡറുമായിരുന്നു അദ്ദേഹം.
ഒസിരിസ് വാക്ക് പാലിച്ചു
ഒസിരിസ്-റെക്സ് അനന്താകാശ ദൗത്യം കൃത്യമായി വാക്കു പാലിച്ചു. എട്ടുകോടി കിലോമീറ്റര്‍ അകലെ ശൂന്യാകാശത്തിന്റെ അഗാധതയില്‍ ചലിക്കുന്ന ഛിന്നഗ്രഹമായ ബന്നുവിനെ തേടിപ്പിടിച്ച് കല്ലും മണ്ണും വാരി സഞ്ചിയിലാക്കി ‘ഒസിരിസ്’ സപ്തംബര്‍ 24 ഞായറാഴ്ച ഭൂമിയില്‍ മടങ്ങിയെത്തി. 2020 ല്‍ ബന്നുവില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി അമേരിക്കയിലെ യൂട്ടാ മരുഭൂമിയിലാണ് ഒസിരിസ് പറന്നിറങ്ങിയത്. ഗ്രഹങ്ങള്‍ രൂപപ്പെട്ടതും, ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്ന ഗ്രഹങ്ങളുടെ ഘടനയും, സൗരയൂഥത്തിന്റെ ഉത്ഭവവും അനന്താകാശത്തെ അന്തരീക്ഷവുമൊക്കെ അറിയാന്‍ ഒസിരിസ് എത്തിച്ച സാമ്പിളുകള്‍ നമ്മെ സഹായിക്കും. 2016 ലാണ് നാസ ‘ഒസിരിസ്-റക്സ് ‘ ദൗത്യം തൊടുത്തുവിട്ടത്.
മടങ്ങി വരവില്‍ ഭൂമിയില്‍നിന്ന് ലക്ഷം കിലോമീറ്റര്‍ അകലെയെത്തിയ ഒസിരിസ് മണ്ണ് സൂക്ഷിക്കുന്ന പേടകം വേര്‍പെടുത്തി റോക്കറ്റുകളുടെയും, തുടര്‍ന്ന് പാരച്യൂട്ടുകളുടെയും സഹായത്തോടെയാണ് യൂട്ടാ മരുഭൂമിയില്‍ എത്തിച്ചതത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: