തിരുവനന്തപുരം: ആർഎസ്എസിനെയും അതിന്റെ ആശയത്തെയും കേരളത്തിൽ പ്രചരിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു ആർ.ഹരിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ എന്ന നിലയിലൊക്കെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു അദ്ദേഹമെന്ന് സുരേന്ദ്രൻ അനുസ്മരിച്ചു.
കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്ക് ഹരിയേട്ടന്റെ വിയോഗം സമാനതകളില്ലാത്ത നഷ്ടമാണ്. സംഘത്തിന്റെ ബൗദ്ധിക മേഖലയിലെ അന്തിമ വാക്കായിരുന്നു അദ്ദേഹം. ഏഴുപതിറ്റാണ്ട് കാലമായി രാഷ്‌ട്ര സേവനത്തിൽ വ്യാപ്തനായ അദ്ദേഹം അടിയന്തരാവസ്ഥാ കാലത്ത് സംഘത്തെ നയിച്ചത് ഏറെ ത്യാഗോജ്ജ്വലമായ ചരിത്രമാണ്. പ്രതിസന്ധി കാലഘട്ടത്തിൽ സംഘത്തെ ശരിയായ ദിശയിലേക്ക് ഹരിയേട്ടന് നയിക്കാൻ സാധിച്ചതാണ് ഇന്ന് കേരളത്തിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി ആർഎസ്എസ്സിനെ മാറ്റിയത്.
ഏറെ കാലം ആർഎസ്എസ്സിന്റെ അഖില ഭാരതീയ കാര്യകാര്യ സദസനായി പ്രവർത്തിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന പ്രചാരകൻമാരിൽ ഓരാളായിരുന്നു. സംസ്കൃതം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങൾ വിവർത്തനം ചെയ്ത ആർ ഹരി 43 മലയാളം പുസ്തകങ്ങളും 12 ഹിന്ദി പുസ്തകങ്ങളും രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കുരുക്ഷേത്രയുടെ ചുമതലയും ഹരിയേട്ടൻ വഹിച്ചിരുന്നുവെന്നും സുരേന്ദ്രൻ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: