Categories: Varadyam

കാവ്യം ജനകീയം

വയലാര്‍ രാമവര്‍മ: മന്വന്തര ഭാവശില്‍പ്പി - 1

ലയാളിയുടെ കാവ്യഭാവനയ്‌ക്ക് അഭൗമകാന്തി പകര്‍ന്ന കവിയും ഗാനരചയിതാവുമായിരുന്നു വയലാര്‍ രാമവര്‍മ. ഭാരതീയ സംസ്‌കാരത്തിന്റെ സര്‍ഗസംഗീതം പൊഴിക്കുന്ന വയലാറിന്റെ വരികള്‍ക്ക് മരണമില്ല. ഈ കവി പാടിപ്പുകഴ്‌ത്തിയത് ഋഷിനാടിനെയാണ്. പക്ഷേ വിചിത്രമെന്നു പറയട്ടെ, വിപ്ലവത്തിന്റെ പടപ്പാട്ടുകാരനായി മുദ്രയടിക്കപ്പെട്ട കവി കമ്യൂണിസ്റ്റ് കവിത്രയങ്ങളില്‍ ഒരാളുമായി! കവിതയിലൂടെയും ജീവിതത്തിലൂടെയും കവി ഇതിനോട് കലഹിച്ചെങ്കിലും തമസ്‌കരിക്കപ്പെട്ടു. ഒക്‌ടോബര്‍ 27 വയലാറിന്റെ സ്മൃതിദിനമായിരുന്നു. വയലാര്‍ ഓര്‍മയായിട്ട് 48 വര്‍ഷം. കവിയുടെ അധികമൊന്നും അറിയപ്പെടാത്ത ജീവിതത്തെക്കുറിച്ച് പറയുന്ന ലേഖന പരമ്പര, മന്വന്തര ഭാവശില്‍പ്പി ഈ ലക്കം മുതല്‍ വായിക്കുക

 

”ഇവിടെമാണിവിടമാണിതിഹാസരൂപിയാം
ഈശ്വരന്‍ ഇറങ്ങിയ തീരം…” (നദി-1969)

വയലാറിന്റെ വരികള്‍ ഒരു പ്രവചനം പോലെയായി. രണ്ടു ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ മനോഹര തീരം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. വയലാര്‍ നാസ്തികനോ ആസ്തികനോ എന്ന ചോദ്യവുമായി അലയുന്നവരെ, വയലാറിനെ കമ്യൂണിസ്റ്റാക്കാന്‍ ഗവേഷണ പ്രബന്ധങ്ങള്‍ എഴുതിക്കൂട്ടുന്ന ചെമ്പന്‍ നിരൂപകരെ, ഈ കവിയെ നിര്‍വചിക്കാന്‍ വൈലോപ്പിള്ളിയുടെ വരികള്‍ മതി:

”മാനവപ്രശ്‌നങ്ങള്‍ തന്‍ മര്‍മകോവിദന്മാരേ,
ഞാനൊരു സൗന്ദര്യാത്മക കവി മാത്രം…’

കേരള നവോത്ഥാനത്തിന്റെ സംക്രമ ഉഷസ്സില്‍ വയലാര്‍ രാമവര്‍മ എന്ന ജനകീയ കവി പാടിയ ഉണര്‍ത്തുപാട്ടുകളുടെ ഈരടികള്‍ ഇന്നും മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിലൂടെ യാഗാശ്വമായി ദിഗ്‌വിജയം തുടരുന്നു. വള്ളത്തോളിന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും പാത പിന്തുടര്‍ന്ന് കവിതകളെഴുതിയ വയലാര്‍ രാമവര്‍മ്മയെ സ്വാധീനിച്ചത് ചങ്ങമ്പുഴക്കവിതകളാണെങ്കിലും ആശയവൈവിധ്യങ്ങള്‍കൊണ്ട് രചനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച വയലാര്‍ എന്നും മലയാളത്തിന്റെ വേറിട്ട കവിയാണ്. വയലാര്‍ എന്ന ദേശനാമം വിപ്ലവത്തിന്റെയും കമ്യൂണിസത്തിന്റെയും പര്യായപദം പോലെ ജനഹൃദയങ്ങളില്‍ ഉറച്ചതിനാല്‍ വയലാര്‍ കവിതകളെ വിപ്ലവത്തിന്റേതായ ഒരു മുന്‍വിധിയോടെയാണ് ഏവരും സമീപിച്ചത്. എന്നാല്‍ പാരമ്പര്യത്തിന്റെ ഊര്‍ജ്ജത്തെ കവിതകളില്‍ ഇത്രത്തോളം ആവാഹിച്ച മറ്റൊരു ജനകീയ കവി ഇല്ലെന്നുതന്നെ പറയാം.
1946 ല്‍ ആദ്യ കൃതിയായ ‘പാദമുദ്ര’ ജി.രാമവര്‍മ തിരുമുല്‍പ്പാട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചതിലൂടെ പാരമ്പര്യത്തിലുള്ള കവിയുടെ സ്വാഭിമാനം വ്യക്തം. പുസ്തകത്തിന്റെ ആദ്യ പതിപ്പിറങ്ങിയ ശേഷമാണ് ചരിത്ര പ്രസിദ്ധമായ പുന്നപ്ര വയലാര്‍ സമരവും വെടിവയ്‌പ്പും നടക്കുന്നത്. ഇതോടെ വയലാര്‍ എന്ന ദേശനാമം പ്രശസ്തമായി. പുസ്തകത്തിന്റെ വിപണന സാധ്യത കണ്ട് പ്രസാധകന്‍ കവിക്ക് വയലാര്‍ രാമവര്‍മ എന്ന പേരു നല്‍കി പുതിയ പതിപ്പുകള്‍ ഇറക്കി വില്‍പ്പനയില്‍ വിജയം നേടുകയും ചെയ്തു.

പാരമ്പര്യം എന്ന സത്യത്തെ പുരോഗമനം എന്ന സ്വര്‍ണപാത്രം കൊണ്ടു മൂടാതെ പൈതൃകത്തോടുള്ള പ്രതിബദ്ധത തുറന്നെഴുതാന്‍ വയലാര്‍ കാട്ടിയ ധീരതയും സത്യസന്ധതയും ആ കവിതകളെയും ഗാനങ്ങളെയും കാലാതിവര്‍ത്തിയാക്കി മാറ്റിയതില്‍ ഒരു പ്രധാന ഘടകം തന്നെയാണ്. വയലാര്‍ എഴുതിയ എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു എന്നീ കൃതികള്‍ 1955 ലും, എന്റെ മാറ്റൊലിക്കവിതകള്‍ 1957 ലും, സര്‍ഗസംഗീതം 1961 ലും ആണ് പുറത്തിറങ്ങിയത്. ഇത് കേരളത്തിലെ കമ്യൂണിസത്തിന്റെ പ്രഭാവകാലമായിരുന്നു എന്നത് സ്മരണീയമാണ്. എന്നാല്‍ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി ഇടതുപക്ഷത്തിന് കുഴലൂത്തു നടത്താന്‍ തയ്യാറായില്ല എന്ന് വയലാറിന്റെ കൃതികള്‍ സാക്ഷ്യം പറയുന്നു. 1964 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലൂടെ കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തിനപ്പുറം ആദര്‍ശത്തോട് കടപ്പാടില്ലെന്ന തിരിച്ചറിവാണ് വയലാറിനെ ചലച്ചിത്ര ലോകത്ത് കേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിച്ചത് എന്ന നിരീക്ഷണങ്ങളും ഉണ്ട്. ”കരവാളുവിറ്റൊരു മണി പൊന്‍വീണ വാങ്ങിച്ചു ഞാന്‍…” എന്ന വരികളിലൂടെ വയലാര്‍ തന്നിലെ ഈ ആശയ പരിണാമം ഏറ്റുപറയുന്നു.

അച്ചാണി സിനിമയുടെ അന്‍പതാം ദിവസത്തിന്റെ ആഘോഷത്തില്‍ വയലാര്‍, എ. വിന്‍സെന്റ്, പ്രേം നസീര്‍, തോപ്പില്‍ ഭാസി, യേശുദാസ് എന്നിവര്‍

സിനിമാഗാനങ്ങളിലൂടെ സംഗീതത്തിന്റെ ചിറകുകളിലേറി, വയലാര്‍ ഗാനങ്ങള്‍ മലയാളി മനസ്സില്‍ ഉത്തരായണക്കിളിയായി, കൃഷ്ണപക്ഷക്കിളിയായി, ശ്രീലതികപ്പക്ഷിയായി, ഋതുസംക്രമപ്പക്ഷിയായി പറന്നിറങ്ങി കൂടുകെട്ടി. എക്കാലവും മലയാളികള്‍ ആ ഗാനചകോരങ്ങളെ ഓര്‍മക്കൂടുകളില്‍ പരിലാളിച്ചു പോന്നിട്ടുണ്ട്. ജനഹൃദയങ്ങളെ തൊട്ടുണര്‍ത്താനും മലയാളപദങ്ങളുടെ ശ്രാവ്യസൗന്ദര്യത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാനും കാലഘട്ടത്തിന്റെ ജീവിതാവസ്ഥകളോട് പ്രതികരിക്കാനും സാമൂഹ്യതിന്മകളെ പ്രതിരോധിക്കാനും കവിതയേക്കാള്‍ പതിന്മടങ്ങു സാധ്യതയുള്ള മാധ്യമം ചലച്ചിത്രഗാനങ്ങളാണന്ന് വയലാര്‍ തെളിയിച്ചു.

വസന്തപുഷ്പാഭരണം ചാര്‍ത്തിയ വയലേലകളും, വിയര്‍പ്പു മുത്തുകള്‍ തൂകിയ പണിശാലകളും, സഹസ്രനാമം കേട്ടു മയങ്ങുന്ന സാളഗ്രാമങ്ങളും, സൗരയൂഥങ്ങളും മന്വന്തരങ്ങളും സംക്രമസന്ധ്യകളും വയലാര്‍ ഛന്ദസ്സുകളാക്കിയപ്പോള്‍ മലയാള ഭാവനയ്‌ക്ക് സൗന്ദര്യാത്മകതയുടെയും ജനപ്രിയതയുടെയും പുതിയൊരു സംസ്‌കാരം ലഭിച്ചു. തൃക്കാക്കര പൂപോരാഞ്ഞ് തിരുനക്കര പൂപോരാഞ്ഞ് തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍ കാറ്റുപോലെ നിലയ്‌ക്കാത്ത പ്രവാഹമാണ് ആ ഗാനനിര്‍ഝരികള്‍.

അറുപതുകളുടെ ആരംഭത്തോടെ കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ചൈന അനുകൂലികളും റഷ്യ അനുകൂലികളും ആയി ചേരിതിരിഞ്ഞുവല്ലോ. 1962 ഒക്‌ടോബര്‍ 20 ന് ചൈന ഇന്ത്യയെ ആക്രമിച്ചു. 1962 ഒക്‌ടോബര്‍ 27 ന് നടന്ന വയലാര്‍ രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ ഇന്ത്യയ്‌ക്കു നേരെയുള്ള ചൈനീസ് ആക്രമണത്തെ അപലപിച്ചു സംസാരിച്ചതിന്റെ പേരില്‍ അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്ക് അനഭിമതനായി. ഇതോടെ വയലാറിനെ അരക്കവിയെന്നും കോടാമ്പക്കം കവിയെന്നും കമ്യൂണിസ്റ്റുകള്‍ പരിഹസിച്ചു തുടങ്ങി. എഴുപതുകളില്‍ വയലാറിനെ പരിഹസിച്ചുകൊണ്ട് ഇടതന്മാര്‍ പാടി നടന്ന കവിത പ്രശസ്തമാണ്.

”സര്‍വരാജ്യത്തൊഴിലാളികളെ
സംഗീതത്തിലൊതുക്കി
സമരപതാക മടക്കി തുന്നിയ
സഞ്ചി ഇടുപ്പില്‍ തൂക്കി
പാടും പടവാള്‍ വെട്ടിനുറുക്കി
പൊന്‍കാരത്തിലുരുക്കി
പത്തരമാറ്റിന്‍ കമ്പികളാക്കി
പലമണിവീണയൊരുക്കി
തൃക്കാക്കരയും തിരുനക്കരയും
തിരുമാന്ധാവിലുമെത്തി
സര്‍വരാജ്യത്തൊഴിലാളികളെ
സഞ്ചിയിലാക്കിയ ഗീതം…”

കമ്യൂണിസം എന്ന ആക്രാമിക തത്വശാസ്ത്രത്തോട് യോജിക്കാത്ത സാത്വിക മനസ്സായിരുന്നു വയലാറിന്റേതെന്ന് അദ്ദേഹത്തിന്റെ കവിതകളിലെ ആര്‍ദ്രമായ മാനവികതയും അചഞ്ചലമായ ദേശീയബോധവും നമ്മോടു പറയുന്നു. ആദ്യ കൃതിയായ ‘പാദമുദ്ര’യില്‍ തന്നെ ഹിംസയ്‌ക്കെതിരെയുള്ള തന്റെ നിലപാട് വയലാര്‍ പ്രഖ്യാപിക്കുന്നുണ്ട്.

”അക്രമത്തിന്റെ തോക്കു ചൂണ്ടലില്‍
അസ്തമിച്ചുവോ ഭാവുകം…”
1961 ല്‍ പ്രസിദ്ധീകരിച്ച ‘സര്‍ഗസംഗീതമാണ്’ വയലാറിന്റെ അവസാനകാല കൃതികളില്‍ പ്രധാനപ്പെട്ടത്. ആര്‍ഷസംസ്‌കൃതിയോടുള്ള കവിയുടെ ആഭിമുഖ്യമാണ് ഈ കവിതയിലെ ഇതിവൃത്തം.

”ഹാ! മന്വന്തരഭാവശില്‍പികള്‍ എനിക്കെന്നേയ്‌ക്കുമായ് തന്നതാ-
ണോമല്‍ കാര്‍ത്തിക നെയ്‌വിളക്കെരിയുമീ ഏകാന്തയാഗാശ്രമം…”
മന്വന്തര ഭാവശില്‍പികളുടെ ഏകാന്തയാഗാശ്രമത്തിലിരുന്ന് കവിതകളെഴുതിയ ഒരു ഋഷികവിയെ ആണ് മരണാനന്തരം ഇവിടെ കമ്യൂണിസ്റ്റ് ആസ്ഥാനകവിയായി അവതരിപ്പിക്കുന്നത്!

പാരമ്പര്യത്തിന്റെ സഞ്ചിത സംസ്‌കാരവും ഭാരതീയമായ ഇതിഹാസ ഭാവനകളും ആണ് തന്റെ കലാബോധത്തിന്റെ നാരായവേര് എന്ന് വയലാര്‍ തന്നെ കവിതയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

”…നാലുകെട്ടുകള്‍ക്കുള്ളില്‍ മുത്തശ്ശിക്കഥ കേട്ട്/
നാടോടി പാട്ടും പാടി പിച്ചവെച്ചൊരു കാലം/
ഇതിഹാസങ്ങള്‍ മേയും യാഗഭൂമിയില്‍/
നിലത്തെഴും വിരല്‍തുമ്പില്‍ ഹരിശ്രീ പൂക്കും കാലം/
ഉത്സവകഥകളി പന്തലിലുറക്കൊഴിച്ച്/
ഉത്തരാസ്വയംവരം കണ്ടിരുന്നിടും കാലം/
തുഞ്ചന്റെ കിളിപ്പാട്ടിന്‍ ചിറകില്‍ യുഗാന്തര സഞ്ചിത/
സംസ്‌കാരങ്ങളുള്ളിലേക്കെത്തും കാലം /
ആദ്യമായ് ആത്മാവിന്റെ അജ്ഞാതതലങ്ങളില്‍/
പൂത്തിതള്‍ വിരിഞ്ഞതാണെന്നിലെ കലാബോധം …..”
അടുത്തത്: ഭാവം ഭാരതീയം

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക